ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഒട്ടേറെ വിമര്‍ശനങ്ങളാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെതിരേ ഉന്നയിക്കപ്പെട്ടത്. സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു അശ്വിന്റേത്. ചെന്നൈയാകട്ടെ അവസാനസ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. ടീമിന്റെ മോശം പ്രകടനത്തില്‍ കടുത്ത വിഷമമുണ്ടെന്നും ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും പറയുകയാണ് അശ്വിന്‍. യൂട്യൂബ് ലൈവ് പരിപാടിക്കിടെയാണ് താരത്തിന്റെ പ്രതികരണം. 

To advertise here,

ലൈവ് പരിപാടിക്കിടെ ചെന്നൈ ടീം വിടണമെന്ന് ഒരു ആരാധകന്‍ താരത്തോട് അഭ്യര്‍ഥിച്ചു. ഹായ് അശ്വിന്‍, ഇഷ്ടത്തോടെ പറയുകയാണ്, ദയവായി സിഎസ്‌കെ കുടുംബം വിടണമെന്ന് ആരാധകന്‍ പറഞ്ഞു. പിന്നാലെ ടീമിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞാണ് ആരാധകന് അശ്വിന്‍ മറുപടി നല്‍കിയത്. 

ഈ സന്ദേശത്തിന് പിന്നിലുള്ള സ്‌നേഹം എനിക്ക് മനസിലാവുന്നുണ്ട്. ഞാനും ടീമിനെ വളരെയധികം കരുതലോടെയാണ് സമീപിച്ചത്. ഞാന്‍ കഠിധ്വാനം ചെയ്തു. എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്നറിയാം. ഞാന്‍ പവര്‍ പ്ലേയില്‍ ധാരാളം റണ്‍സ് വഴങ്ങി. അടുത്ത സീസണില്‍ ബൗളിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിക്കും. എനിക്ക് പന്ത് നല്‍കിയാല്‍ ബൗള്‍ ചെയ്യും. അതല്ല ബാറ്റ് ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് ചെയ്യും. ഞാന്‍ ഏറ്റവും മികച്ചത് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. - അശ്വിന്‍ പറഞ്ഞു.

2009 മുതല്‍ ഏഴുവര്‍ഷത്തോളം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചു. ടീമിന്റെ ഉയര്‍ച്ച കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും വിഷമിക്കുന്നത് ഇതാദ്യമാണ്. ഒരാള്‍ക്ക് സങ്കല്‍പ്പിക്കാനാകുന്നതിനുമപ്പുറമുള്ള കരുതല്‍ ഞാന്‍ ടീമിന് നല്‍കുന്നുണ്ട്. ഇനി എന്ത് ചെയ്യാനാകുമെന്നതിലാണ് എന്റെ ശ്രദ്ധ. - അശ്വിന്‍ പറഞ്ഞു.

സീസണില്‍ നിരാശപ്പെടുത്തുന്നതായിരുന്നു അശ്വിന്റെ പ്രതികരണം. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് നേടാനായത്. 33 റണ്‍സുമെടുത്തു. ഐപിഎല്‍ താരലേലത്തില്‍ 9.75 കോടിക്കാണ് ആശ്വിനെ ചെന്നൈ ടീമിലെത്തിച്ചത്. ചെന്നൈയാകട്ടെ ചരിത്രത്തിലാദ്യമായി അവസാനസ്ഥാനത്തുമായി.