അഹമ്മദാബാദ്: ഐപിഎല്‍ ക്രിക്കറ്റ് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ് കലാശക്കളിക്ക് യോഗ്യത നേടിയതിനു പിന്നാലെ ശ്രദ്ധേയമായി ടീം ഉടമ പ്രീതി സിന്റയുടെ തകര്‍പ്പന്‍ ആഘോഷം. ശ്രേയസ് അയ്യര്‍ വിജയറണ്‍ കുറിച്ചതിനു പിന്നാലെ ബോളിവുഡ് താരം സീറ്റില്‍നിന്ന് ചാടിയെണീറ്റ് കൈകള്‍ മുകളിലേക്കുയര്‍ത്തി. തുടര്‍ന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തി ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ചു. പിന്നാലെ ടീം മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ്, മറ്റു താരങ്ങള്‍ എന്നിവരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പ്രീതി സ്വന്തം ടീമിന്റെ ഫൈനല്‍ പ്രവേശം ആഘോഷിച്ചു.
ഇതിനിടെ, പ്രീതി സിന്റ പഞ്ചാബ് താരങ്ങളില്‍ ഒരാളുടെ നേരെ കണ്ണിറുക്കിക്കാണിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പഞ്ചാബ് ഐപിഎല്‍ ഫൈനലിലെത്തുന്നത്. 2014-ല്‍ ഫൈനലിലെത്തിയിരുന്നെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു. അതിനിടെ യുസ്വേന്ദ്ര ചഹല്‍, സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റെടുത്തപ്പോള്‍ ആര്‍.ജെ. മഹ്വശും പ്രീതി സിന്റയും ഗാലറിയില്‍ ആഘോഷിക്കുന്ന ദൃശ്യങ്ങളും വൈറലായി. ചഹലും മഹ്വശും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണിത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മിന്നും ഫോമാണ് പഞ്ചാബിനെ ഫൈനലിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ്, ഒരോവര്‍ ബാക്കിനില്‍ക്കേ, അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി ലക്ഷ്യം ഭേദിച്ചു. 41 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 87 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് മത്സരത്തിലെ താരം. നേരത്തേ മുംബൈക്കായി തിലക് വര്‍മയും സൂര്യകുമാര്‍ യാദവും 44 വീതം റണ്‍സ് നേടിയിരുന്നു.
Content Highlights: preity zinta winks punjab kings player hugs shreyas iyer
Published: 02 Jun 2025, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented