ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎൽ മികച്ചതായിരുന്നില്ല. പാതിവഴിയിൽ മഹേന്ദ്ര സിങ് ധോനി നായകനായി തിരിച്ചെത്തിയെങ്കിലും ടീം പ്ലേ ഓഫ് കാണാതെ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് തോറ്റതോടെ ടീം അവസാനസ്ഥാനത്തേക്ക് വീണു. മത്സരത്തിൽ യുവതാരങ്ങളായ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നാലെ യുവതാരങ്ങൾക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹേന്ദ്ര സിങ് ധോനി. 

To advertise here,

യുവതാരങ്ങൾ മുതിർന്ന താരങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്നും സമ്മർദത്തിലാകരുതെന്നും ധോനി പറഞ്ഞു. ചെന്നൈക്കായി മാത്രെ 20 പന്തിൽ നിന്ന് 40 റൺസെടുത്തിരുന്നു. എട്ടുഫോറുകളും ഒരു സിക്‌സറും താരം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി പതിന്നാലുകാരൻ വൈഭവും വെടിക്കെട്ട് നടത്തി. 27 പന്തിൽ അർധസെഞ്ചുറി നേടിയ താരം 57 റൺസെടുത്താണ് പുറത്തായത്. സീസണിലുടനീളം ഇരുതാരങ്ങളുടെയും പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

'സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനാണ് അവർ ശ്രമിക്കേണ്ടത്. 200-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിനാണ് ശ്രമിക്കുന്നതെങ്കിൽ സ്ഥിരതയോടെ കളിക്കുക പ്രയാസമാണ്. ഏത് ഘട്ടത്തിലും സിക്‌സറടിക്കാൻ കെൽപ്പുള്ളവരാണവർ. എന്നാൽ പ്രതീക്ഷകൾ ഉയരുമ്പോൾ സമ്മർദത്തിലാകരുത്. മുതിർന്ന താരങ്ങളിൽ നിന്നും കോച്ചിങ് സ്റ്റാഫിൽ നിന്നും പഠിക്കേണ്ടതുണ്ട്. കളി മനസിലാക്കേണ്ടതുണ്ട്. യുവതാരങ്ങൾക്ക് നൽകാനുള്ള ഉപദേശമിതാണ്.'- ധോനി പറഞ്ഞു. 

അതേസമയം രാജസ്ഥാനെതിരേ നിരാശപ്പെടുത്തുന്നതായിരുന്നു ധോനിയുടെ പ്രകടനം. 17 പന്ത് നേരിട്ട താരം 16 റൺസ് മാത്രമാണ് നേടിയത്. കഴിഞ്ഞ മാസം ലഖ്നൗ സൂപ്പർ ജയന്റ്‌സിനെതിരേ 26 റൺസ് നേടിയ മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പ്രകടനം ഒഴിച്ചുനിർത്തിയാൽ ഈ സീസണിൽ ധോനിക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഒട്ടേറെവിമർശനങ്ങളും താരത്തിനെതിരേ ഉന്നയിക്കപ്പെട്ടിരുന്നു.