ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ പരസ്പരം വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഹൈദരാബാദ് താരം ട്രാവിസ് ഹെഡും പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് വഗ്വാദത്തിലേര്‍പ്പെട്ടത്. ഇരുവരും വാക്കുകള്‍കൊണ്ട് പരസ്പരം ഏറ്റുമുട്ടുന്നതിനിടെ പഞ്ചാബിന്റെ മറ്റൊരു ഓസീസ് താരം മാര്‍ക്കസ് സ്‌റ്റോയ്‌നിസും ഇതില്‍ ഇടപെട്ടു. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മത്സരത്തിന്റെ ഒമ്പതാം ഓവറിനിടെയായിരുന്നു സംഭവം. പന്തെറിഞ്ഞ മാക്‌സ്‌വെല്ലിനെ ഹെഡ് തുടര്‍ച്ചയായി സിക്‌സർ പറത്തി. തൊട്ടടുത്ത പന്ത് മാക്‌സ്‌വെല്‍ വേഗത കൂട്ടിയെറിഞ്ഞതോടെ ഹെഡിന് താന്‍ വിചാരിച്ച ഷോട്ട് കളിക്കാനായില്ല. ഈ പന്തില്‍ ബീറ്റണായതിനു പിന്നാലെ ഹെഡ് എന്തോ പറഞ്ഞു. മാക്‌സ്‌വെല്ലും തിരിച്ചടിച്ചതോടെ രംഗം വാഗ്വാദത്തിലേക്ക് മാറി. ഇതിനിടെ ഹെഡിന്റെ വയടയ്ക്കാന്‍ എന്തോ പറഞ്ഞ് എത്തിന് സ്റ്റോയ്‌നിസിനും ഹെഡിന്റെ വായില്‍നിന്ന് കണക്കിന് കേട്ടു. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകുംമുമ്പ് ഉടന്‍തന്നെ അമ്പയര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ഇതിനുശേഷം മൂന്ന് ഓവറുകള്‍ കഴിഞ്ഞ് യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കിയാണ് ഹെഡ് പുറത്തായത്. മത്സരശേഷം പ്രതികരിക്കുന്നതിനിടെ ഈ സംഭവം നിസ്സാരമാണെന്ന് ഹെഡ് പറഞ്ഞു. പരസ്പരം അറിയുകയും ഒന്നിച്ച് കളിക്കുകയും ചെയ്തിരുന്നവര്‍ തമ്മിലുള്ള സൗഹൃദപരമായ ഒരു ഏറ്റുമുട്ടലായിരുന്നു അതെന്ന് ഹെഡ് പറഞ്ഞു.
Content Highlights: Travis Head and Glenn Maxwell clashed during an IPL match, with Marcus Stoinis also involved
Published: 13 Apr 2025, 04:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented