മുല്ലന്‍പുര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 18 റണ്‍സിന് കീഴടക്കിയാണ് പഞ്ചാബ് കിങ്‌സ് ടൂര്‍ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കിയത്. പ്രിയാന്‍ഷ് ആര്യയുടെ സെഞ്ചുറിയാണ് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായകമായത്. പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. മത്സരത്തില്‍ ഇരുടീമുകളും ചേര്‍ന്ന് 400-ലധികം റണ്‍സ് അടിച്ചെടുത്തെങ്കിലും ഒട്ടേറെ ക്യാച്ചുകള്‍ താരങ്ങള്‍ കൈവിട്ടു. ഇത് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി.
മത്സരത്തിലെ ചെന്നൈയുടെ ജയം തടഞ്ഞതില്‍ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കൈവിട്ട ക്യാച്ചുകളാണെന്ന് വിലയിരുത്തുന്നവരുണ്ട്. 83-5 എന്ന നിലയില്‍ നിന്നാണ് പഞ്ചാബ്, ഇന്നിങ്‌സിന്റെ അവസാനം 219-ല്‍ എത്തുന്നത്. പ്രിയാന്‍ഷ് ഉള്‍പ്പെടെയുള്ള താരങ്ങളെ പുറത്താക്കാനുള്ള അവസരം കൈവിട്ടുകളഞ്ഞതാണ് ചെന്നൈക്ക് തിരിച്ചടിയായത്. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കളിക്കളത്തിലെ ഈ മോശം ഫീല്‍ഡിങ്ങിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
മത്സരത്തില്‍ എട്ട് ക്യാച്ചുകളാണ് കൈവിട്ടതെന്നും ലെജന്‍ഡ്‌സ് ലീഗില്‍ പോലും തങ്ങള്‍ ഇത്രയും ക്യാച്ചുകള്‍ കൈവിടാറില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. 83-5 ല്‍ നിന്ന് 219-6 വരെ 130-ലധികം റണ്‍സ് നല്‍കുകയും തുടരെ ക്യാച്ചുകള്‍ പാഴാക്കുകയും ചെയ്യുമ്പോള്‍ ഒരിക്കലും ജയിക്കുന്ന സ്ഥാനത്തെത്തില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് എക്‌സില്‍ കുറിച്ചു.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സിക്‌സടിച്ച പ്രിയാന്‍ഷിനെ രണ്ടാം പന്തില്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരം ഖലീല്‍ അഹമ്മദ് നഷ്ടപ്പെടുത്തിയത് മത്സരത്തില്‍ ചെന്നൈക്ക് വലിയ വിലകൊടുക്കേണ്ടിവന്നു. പിന്നാലെ മുകേഷ് ചൗധരിയും വിജയ് ശങ്കറുമെല്ലാം പ്രിയാന്‍ഷിനെ കൈവിട്ടു. താരം സെഞ്ചുറി തികയ്ക്കുകയും ഒടുവില്‍ മത്സരത്തിലെ താരമായി മാറുകയും ചെയ്തു. ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിടുന്നതാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണമെന്ന് നേരത്തേ ഋതുരാജ് ഗെയ്ക്വാദും പറഞ്ഞിരുന്നു.സീസണില്‍ 12 ക്യാച്ചുകളാണ് ഇതുവരെ ചെന്നൈ കൈവിട്ടുകളഞ്ഞത്.
Content Highlights: ipl chennai vs punjab dropped catches criticism
Published: 09 Apr 2025, 04:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented