ന്യൂഡൽഹി: ഹെന്റിച്ച് ക്ലാസന്റെ 37 പന്തില്‍ സെഞ്ചുറി, അഭിഷേക് ശര്‍മ-ട്രാവിസ് ഹെഡ് ഓപ്പണിങ് കൂട്ടുകെട്ടിന്റെ വെടിക്കെട്ട് തുടക്കം, തലങ്ങും വിലങ്ങുമുള്ള സിക്‌സുകള്‍, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ, ഹര്‍ഷ് ദുബെ ത്രയത്തിന്റെ മൂന്നുവീതം വിക്കറ്റുകള്‍... ടൂര്‍ണമെന്റില്‍നിന്ന് ഇതിനകം പ്ലേഓഫ് കാണാതെ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കാഴ്ചവെച്ചത് സീസണിലെത്തന്നെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ സൺറൈസേഴ്സിന് 110 റൺസിന്റെ ആധികാരിക ജയം. റൺസടിസ്ഥാനത്തിൽ കൊൽക്കത്തയുടെ ഐപിഎലിലെ ഏറ്റവും വലിയ പരാജയമാണിത്. ഐപിഎലിൽ കൊൽക്കത്തയ്ക്കെതിരേ തുടർച്ചയായ അഞ്ച് പരാജയങ്ങൾക്കുശേഷമാണ് ഹൈദരാബാദ് ജയിക്കുന്നത്. 

To advertise here,

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത എസ്ആര്‍എച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ 279 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത 18.4 ഓവറിൽ 168 റൺസിന് എല്ലാവരും പുറത്തായി. ഹെന്റിച്ച് ക്ലാസന്റെ അതിവേഗ സെഞ്ചുറിയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ചുറിയുമാണ് ഹൈദരാബാദിനെ വന്‍ സ്‌കോറിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ മൂന്നാമത്തെ ഏറ്റവും വലിയ ടോട്ടലാണിത്. ആദ്യ രണ്ട് ടോട്ടലുകളും ഹൈദരാബാദിന്റെ പേരില്‍ത്തന്നെ. ഇതോടെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന ആദ്യ മൂന്ന് സ്‌കോറുകളും തങ്ങളുടെ പേരിലാണ് എന്ന ചരിത്രം തുന്നിച്ചേര്‍ത്ത് ടീം ഈ സീസണ്‍ അവസാനിപ്പിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ എസ്ആര്‍എച്ചിന്റെയും കൊല്‍ക്കത്തയുടെയും അവസാന മത്സരമാണ് ഇന്നത്തേത്. 

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് ഹൈദരാബാദ് കണ്ടെത്തിയത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും പവര്‍പ്ലേയില്‍ത്തന്നെ 79 റണ്‍സ് കണ്ടെത്തി. 27 പന്തില്‍നിന്ന് ഹെഡിന്റെ അര്‍ധ സെഞ്ചുറി പിറന്നു. ഇതിനിടെ അഭിഷേക് ശര്‍മ 16 പന്തില്‍ രണ്ട് സിക്‌സിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെ 32 റണ്‍സ് നേടി പുറത്തായി. പത്തോവറായപ്പോഴേക്ക് ടീം 139-ന് ഒന്ന് എന്ന ശക്തമായ നിലയില്‍. 

അഭിഷേകിനു പിന്നാലെയെത്തിയ ക്ലാസന്‍ അതിലും ഉഗ്രമായ ശൈലി പുറത്തെടുത്തതോടെ ടീം സ്‌കോര്‍ കുതിച്ചു. 17 പന്തില്‍നിന്ന് ക്ലാസന്‍ അര്‍ധ സെഞ്ചുറി കടന്നു. 15 ഓവര്‍ പിന്നിട്ടപ്പോഴേക്ക് ടീം 204 റണ്‍സ് കടന്നു. 19-ാം ഓവറില്‍ 37 പന്തില്‍ ക്ലാസന്‍ സെഞ്ചുറിയും പിന്നിട്ടു. ക്ലാസന്റെ ഐപിഎലിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. 39 പന്തില്‍ ഒന്‍പത് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം ക്ലാസന്‍ പുറത്താവാതെ 105 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ (29), അങ്കിത് വര്‍മ (ആറുപന്തില്‍ 12) തുടങ്ങിയവരും തിളങ്ങി. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ടും വൈഭവ് അറോറ ഒന്നും വിക്കറ്റുവീഴ്ത്തി. നാലോവറില്‍ 60 റണ്‍സ് വഴങ്ങിയ നോര്‍ക്യെ ആണ് ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി മൂന്നോവറില്‍ 54 റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഹൈദരാബാദിനോളം പവറില്‍ ബാറ്റുവീശാനായില്ല. 37 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ടോപ് സ്‌കോറര്‍. ഹര്‍ഷിത് റാണ (34), സുനില്‍ നരെയന്‍ (31), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (15), അങ്ക്രിഷ് രഘുവംശി (14), രമണ്‍ദീപ് സിങ് (13) എന്നിങ്ങനെയാണ് സ്‌കോര്‍നില.