ഗുവാഹട്ടി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയോളംതന്നെ തിളക്കമുള്ള ഇന്നിങ്‌സാണ് (61 പന്തില്‍ 97*) നിലവിലെ ചാമ്പ്യന്മാരെ തുണച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത 15 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രണ്ട് മത്സരങ്ങളും തോറ്റ രാജസ്ഥാന്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 

To advertise here,

ആറ് സിക്‌സും എട്ട് ഫോറും ചേര്‍ന്നതാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. ഡി കോക്ക് സെഞ്ചുറിയുടെ വക്കിലെത്തിനില്‍ക്കേ, ടീം വിജയിക്കുകയായിരുന്നു. മോയിന്‍ അലിയാണ് (5) കൊല്‍ക്കത്ത നിരയില്‍ ആദ്യം പുറത്തായത്. റണ്ണൗട്ടായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (18) മടങ്ങി. ടീം ജയിക്കുമ്പോള്‍ എ. രഘുവംശി (22) ആയിരുന്നു ഡി കോക്കിനൊപ്പം ക്രീസില്‍.

നേരത്തേ  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റിയാൻ പരാഗിന്റെ നേതൃത്വത്തിലുള്ള സംഘം നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 151  റൺസെടുത്തു. വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലാണ് (33) ടോപ് സ്കോറർ. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി, വൈഭവ് അറോറ, മോയിൻ അലി, ഹർഷിത് റാണ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി. 

സഞ്ജു സാംസണാണ് (13) ആദ്യം പുറത്തായത്. പിന്നാലെ ക്യാപ്റ്റൻ റിയാൻ പരാഗും (15 പന്തിൽ 25) മടങ്ങി. 15 റൺസ് ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾ വീണതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. നിധീഷ് റാണ (8), വനിന്ദു ഹസരങ്ക (4), ഇംപാക്ട് പ്ലെയറായെത്തിയ ശുഭം ദുബെ (9), ഷിംറോൺ ഹെറ്റ്മയർ (7) എന്നിവർ രണ്ടക്കം കടക്കാതെ നിരാശപ്പെടുത്തി. അതേസമയം ജോഫ്ര ആർച്ചർ അവസാനത്തിൽ ആറു പന്തിൽ രണ്ട് സിക്സ് സഹിതം 16 റൺശ് നേടി പുറത്തായി.  28 പന്തിൽ അഞ്ച് ഫോറുകൾ സഹിതമാണ് ജുറേലിന്റെ 33 റൺസ്. 

കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി, മോയീൻ അലി, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി. സ്പെൻസർ  ജോൺസന് ഒരു വിക്കറ്റ്. 

സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമും മത്സരത്തിനിറങ്ങിയത്. രാജസ്ഥാന്‍ ആദ്യമത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് കൊല്‍ക്കത്തയെത്തിയത്.