ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നടത്തിയതുപോലൊരു തീപ്പൊരി ബാറ്റിങ് പ്രകടനം ആവര്‍ത്തിക്കാനായില്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്. രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും സ്വതസിദ്ധമായ ശൈലി പുറത്തെടുത്തെങ്കിലും വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. 28 പന്തില്‍ 47 റണ്‍സ് നേടിയ ഹെഡ് മികച്ച പ്രകടനം നടത്തി. 

To advertise here,

മത്സരത്തിന്റെ ആദ്യ പത്തോവറില്‍ത്തന്നെ ഹൈദരാബാദിന്റെ നാല് മുന്‍നിര ബാറ്റര്‍മാരെ പവലിയനിലേക്ക് മടക്കാന്‍ ലഖ്‌നൗവിനായി. അക്കൂട്ടത്തില്‍ ഹൈദരാബാദിനെ സംബന്ധിച്ച് ഏറ്റവും ദൗര്‍ഭാഗ്യകരമായ നഷ്ടമായിരുന്നു വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്റെ പുറത്താവല്‍. 17 പന്തില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 26 റണ്‍സെടുത്തു നില്‍ക്കേയാണ് ക്ലാസന്‍ റണ്ണൗട്ടാവുന്നത്. 

എന്നാല്‍ ലഖ്‌നൗവിന് അതൊരു ലക്കി വിക്കറ്റ് തന്നെയായിരുന്നു എന്നു പറയാം. പ്രിന്‍സ് യാദവ് എറിഞ്ഞ 12-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. നിതീഷ് റെഡ്ഢിയായിരുന്നു ബാറ്റിങ്ങില്‍. പ്രിന്‍സ് എറിഞ്ഞ ലോ ഫുള്‍ടോസ്, നിധീഷിന്റെ ബാറ്റില്‍ത്തട്ടി നേരെ പ്രിന്‍സിന്റെതന്നെ കൈകളിലേക്ക്. എന്നാല്‍ അതിശക്തമായി റീബൗണ്ട് ചെയ്തുവന്ന പന്ത് കൈപ്പിടിയിലൊതുക്കാന്‍ പ്രിന്‍സിനായില്ല. പക്ഷേ, പന്ത് പ്രിന്‍സിന്റെ കൈയില്‍ത്തട്ടി നേരെ സ്റ്റമ്പിലേക്ക്. അതോടെ സിംഗിളിനായി ക്രീസ് വിട്ട ഹെന്റിച്ച് ക്ലാസന്‍ ഔട്ട്! ക്യാച്ച് വിട്ടെങ്കിലും മറ്റൊരു വിധത്തില്‍ വിക്കറ്റ് ഭാഗ്യം ലഖ്‌നൗവിനെ തുണച്ചു.

പന്തുതട്ടിയത് കാരണം പ്രിന്‍സിന് കൈ നന്നായി വേദനിച്ചിരുന്നു. പക്ഷേ, അപ്പോഴും അദ്ദേഹം ആ വിക്കറ്റ് ആഘോഷിച്ചു. പിന്നെയാണ് അദ്ദേഹം പരിക്ക് പോലും കാര്യമാക്കിയത്.