ബെംഗളൂരു: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ പിച്ച് ഒരുക്കിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് ബെംഗളൂരു ബാറ്റിങ് പരിശീലകന്‍ ദിനേശ് കാര്‍ത്തിക്. ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ പിച്ചാണ് സ്റ്റേഡിയത്തിലേതെന്നും പിച്ച് ക്യുറേറ്ററുമായി സംസാരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു. ഡല്‍ഹിക്കെതിരേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് ടീമിന് നേടാനായത്. ആദ്യ മൂന്നോവറില്‍ ടീം അമ്പത് കടന്നെങ്കിലും പിന്നീട് തകരുകയായിരുന്നു. 

To advertise here,

ആദ്യ രണ്ടുമത്സരങ്ങളില്‍ മികച്ച പിച്ചിനാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ബാറ്റുചെയ്യാന്‍ ടീമിന് വെല്ലുവിളിനേരിട്ടതായും ദിനേശ് കാര്‍ത്തിക് പറഞ്ഞു. പിച്ചിന്റെ സാഹചര്യം സംബന്ധിച്ച് സ്റ്റേഡിയം ക്യുറേറ്ററുമായി ഫ്രാഞ്ചൈസി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ക്യുറേറ്ററുമായി ഞങ്ങള്‍ സംസാരിക്കും. അദ്ദേഹം ചെയ്യുന്ന ജോലിയില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു. ഇത് ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചല്ല. വെല്ലുവിളിനിറഞ്ഞ പിച്ചാണിത്. ഞങ്ങളുടെ രണ്ടുകളിയില്‍ ഇതായിരുന്നു അവസ്ഥ.'- കാര്‍ത്തിക് പറഞ്ഞു. നേരത്തേ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ്, ചെന്നൈ കോച്ച് സ്റ്റീഫന്‍ റഫ്‌ളെമിങ് എന്നിവരും പിച്ച് ഒരുക്കിയതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു.

അഞ്ച് മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയവും രണ്ടുതോല്‍വിയുമാണ് ആര്‍സിബിക്കുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കെതിരേയാണ് ബെംഗളൂരു തോറ്റത്. ഈ രണ്ടുമത്സരങ്ങളിലും മുന്‍നിരബാറ്റര്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായിരുന്നില്ല. ഗുജറാത്തിനെതിരേ 169 റണ്‍സും ഡല്‍ഹിക്കെതിരേ 163 റണ്‍സുമാണ് ആര്‍സിബിയെടുത്തത്.