ബെംഗളൂരു: ഐപിഎലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റ തോല്‍വിയില്‍ സ്വയം പഴിച്ച് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി. താന്‍ കുറച്ചുകൂടി റണ്‍സ് നേടി ടീമിന്റെ സമ്മര്‍ദം കുറയ്‌ക്കേണ്ടിയിരുന്നുവെന്ന് ധോനി പറഞ്ഞു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ധോനി അറിയിച്ചു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മത്സരം അടിമുടി ആവേശം നിറഞ്ഞതായിരുന്നു. രണ്ട് റണ്‍സിനാണ് ചെന്നൈയുടെ പരാജയം.

To advertise here,

'ഞാന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍, നേരിടേണ്ടിവന്ന പന്തുകളും ആവശ്യമായ റണ്‍സും കണക്കിലെടുക്കുമ്പോള്‍, സമ്മര്‍ദം കുറയ്ക്കാന്‍ കുറച്ച് ഷോട്ടുകള്‍ക്കൂടി റണ്‍സാക്കേണ്ടതായിരുന്നു. ഞാന്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു', മത്സരത്തിന് ശേഷം സംസാരിക്കവേ ധോനി പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിനകംതന്നെ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, അടിമുടി ആവേശം വിതറിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചൈന്നൈക്ക് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

രണ്ടുനിര ബാറ്റിങ്ങും ആവേശോജ്ജ്വലമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. ബെംഗളൂരുവിനായി തുടക്കത്തില്‍ ജേക്കബ് ബെതലും വിരാട് കോലിയും കത്തിക്കയറി. ഇരുവരും ഒരുമിച്ച് പത്തോവറോളം തുടര്‍ന്നു. രണ്ടുപേരും അര്‍ധ സെഞ്ചുറി തികച്ചാണ് പുറത്തായത്. ഇതോടെ കോലി സീസണിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ വീണ്ടും ഒന്നാംസ്ഥാനത്തെത്തി. അവസാനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷെപ്പേഡിന്റെ വകയായിരുന്നു പൂരം. ഇടിപ്പടംപോലെ അടിയോടടിയുമായി, പ്രത്യേകിച്ച് അവസാന രണ്ടോവറുകളില്‍ ഷെപ്പേഡ് കളം നിറഞ്ഞു. ഖലീല്‍ അഹ്‌മദെറിഞ്ഞ 19-ാം ഓവറില്‍ നാലു സിക്‌സും രണ്ട് ഫോറും സഹിതം നേടിയത് 33 റണ്‍സ് (ഒരു നോബോളുണ്ട്). 6 6 4 6 N6 0 4 എന്നിങ്ങനെയായിരുന്നു ഓവറിലെ സ്‌കോര്‍നില. വെറും 14 പന്തില്‍നിന്ന് 54 റണ്‍സാണ് ഷെപ്പേഡ് അടിച്ചെടുത്തത്. ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നു. 13 പന്തില്‍നിന്ന് ഫിഫ്റ്റി തികച്ചതോടെ ഐപിഎലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിക്കുടമയാവാനും ഷെപ്പേഡിനായി.

തുടര്‍ന്ന് ചെന്നൈയുടെ ഊഴമായിരുന്നു. പതിനേഴുകാരനായ ആയുല്‍ മാത്രെ 48 പന്തില്‍ 94 റണ്‍സുമായി കളം നിറഞ്ഞു. സെഞ്ചുറിക്ക് ആറു റണ്‍സകലെയുള്ള ആ വീഴ്ച ടീമിന്റെകൂടി പതനത്തിലേക്ക് വഴിനയിച്ചു എന്നു പറയാം. തുടര്‍ന്നെത്തിയ ധോനി ഷോട്ടുകള്‍ക്ക് പലവുരു ശ്രമിച്ചെങ്കിലും റണ്ണൊഴുക്ക് സാധ്യമായില്ല. ഒരു സിക്‌സ് മാത്രം നേടിയ ധോനി എട്ടു പന്തുകളില്‍ 12 റണ്‍സ് നേടി പുറത്തായി. 

ഒടുക്കം ശിവം ദുബെയെ ഇംപാക്ട് പ്ലെയറായി ഇറക്കി ഒരു കൈനോക്കിയിട്ടും വിജയിച്ചില്ല. ദുബെ സിക്‌സടിച്ചു തുടങ്ങി ചെന്നൈക്ക് വന്‍ പ്രതീക്ഷ നല്‍കി. പക്ഷേ, അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന നാല് റണ്‍സെടുക്കാന്‍ കഴിയാതെപോയി. മറുപുറത്ത് രവീന്ദ്ര ജഡേജയും കിണഞ്ഞു പരിശ്രമിച്ചു. അവസാന ഓവറുകളില്‍ സമ്മര്‍ദത്തെ അതിജീവിച്ച് കളിച്ച ബൗളര്‍മാരാണ് കളി ബെംഗളൂരുവിന് അനുകൂലമാക്കിയത്. അതേസമയം, കോലിയുള്‍പ്പെടെയുള്ള ആര്‍സിബി താരങ്ങളുടെ മോശം ഫീല്‍ഡിങ്ങാണ് അനായാസമായി ജയിക്കാമായിരുന്ന മത്സരത്തെ അവസാന പന്തുവരെയുള്ള നാടകീയതയിലേക്കെത്തിച്ചത്.