ബാറ്റര്‍മാരുടെ പറുദീസയായ ഐപിഎല്ലില്‍ ബൗളര്‍മാര്‍ കളംനിറഞ്ഞ പോരാട്ടമായിരുന്നു ചൊവ്വാഴ്ച നടന്ന പഞ്ചാബ് കിങ്‌സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് വെറും 111 റണ്‍സിന് ഓള്‍ഔട്ടായി. അനായാസം ജയിക്കാമെന്ന ലാഘവത്തില്‍ ഇറങ്ങിയ കൊല്‍ക്കത്ത പിന്നീട് വെള്ളം കുടിക്കുന്നതാണ് കാണികള്‍ കണ്ടത്. കൊല്‍ക്കത്തയെ വെറും 95 റണ്‍സിന് എറിഞ്ഞിട്ട് പഞ്ചാബ് 16 റണ്‍സിന്റെ ആവേശ ജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമായിരുന്നു. നാല് ഓവറില്‍ വെറും 28 റണ്‍സ് മാത്രം വഴങ്ങി ചാഹല്‍ കൊല്‍ക്കത്തയുടെ നിര്‍ണായകമായ നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്. 

To advertise here,

ഈ മത്സര ശേഷം സോഷ്യല്‍ മീഡിയയില്‍ ഏവരും ചര്‍ച്ച ചെയ്തത് ആര്‍.ജെ മഹ്‌വാഷിന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനത്തില്‍ ചാഹലിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു മഹ്‌വാഷിന്റെ സ്‌റ്റോറി. 'എന്തൊരു കഴിവുള്ള മനുഷ്യന്‍! ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍!', ചാഹലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മഹ്‌വാഷ് കുറിച്ചു.

ചാഹലും മുന്‍ പങ്കാളിയും നൃത്തസംവിധായക ധനശ്രീ വര്‍മയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്കിടെയാണ് അലിഗഢില്‍ നിന്നുള്ള യൂട്യൂബറും റേഡിയോ ജോക്കിയുമായ ആര്‍.ജെ മഹ്‌വാഷിന്റെ പേര് ശ്രദ്ധ നേടുന്നത്. ചാഹലും ധനശ്രീയും മാര്‍ച്ച് 20-ാം തീയതി ഔദ്യോഗികമായി തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിനിടെ തന്നെ ചാഹലും മഹ്‌വാഷും തമ്മില്‍ അടുപ്പത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം കാണാന്‍ ഇരുവരും ഒന്നിച്ച് എത്തിയതു മുതലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നീട് പലയിടങ്ങിലും ഇരുവരെയും ഒന്നിച്ച് കണ്ടിരുന്നു. ഇതോടെ അഭ്യൂഹങ്ങള്‍ കരുത്താര്‍ജിച്ചു. എങ്കിലും ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.