ചെന്നൈ: ഐപിഎല്ലിൽ ബെംഗളൂരുവിനെതിരേ തകർപ്പൻ പ്രകടനമാണ് ചെന്നൈ താരം ആയുഷ് മാത്രെ കാഴ്ചവെച്ചത്. ആറ് റൺസകലെ സെഞ്ചുറി നഷ്ടമായെങ്കിലും ആരാധകരുടെ കയ്യടി ഏറ്റുവാങ്ങിയാണ് പതിനേഴുകാരൻ തിരിഞ്ഞുനടന്നത്. ആയുഷ് പുറത്തായതോടെ ചെന്നൈയ്ക്ക് മത്സരത്തിൽ വിജയിക്കാനുമായില്ല. പതിന്നാലുകാരൻ വൈഭവ് സൂര്യവംശിക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുകയാണ് മാത്രെ. എന്നാൽ വൈഭവിനെ അനുകരിക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആയുഷ് മാത്രെയുടെ പിതാവ് യോഗേഷ്.
'രണ്ടുപേരും വ്യത്യസ്ത തരത്തിലുള്ള ബാറ്റർമാരാണെന്നും വൈഭവുമായി ആരെങ്കിലും താരതമ്യം ചെയ്യുന്നുണ്ടെങ്കിൽ അത് മനസിൽ വെക്കരുതെന്നും ഞാൻ ആയുഷിനോട് പറഞ്ഞു. വൈഭവിനെ അനുകരിക്കാനോ അവൻ നേടിയതുപോലെ സെഞ്ചുറി നേടാനോ ശ്രമിക്കരുതെന്ന് കൂടി പറഞ്ഞു. വെറുതെ സമ്മർദത്തിലാകേണ്ട യാതൊരു കാര്യവുമില്ല. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.'- യോഗേഷ് മിഡ് ഡേയോട് പ്രതികരിച്ചു.
'ആ ഇന്നിങ്‌സിന് ശേഷം ആയുഷ് സന്തോഷവാനായിരുന്നെന്നും പിതാവ് പറഞ്ഞു. എങ്കിലും അവന് കളി ജയിക്കണമെന്നുണ്ടായിരുന്നു. ജയത്തിനടുത്തെത്തുകയും ചെയ്തിരുന്നു. മത്സരശേഷം ധോനിയുമായി സംസാരിച്ചു. അതിന്റെ ആവേശത്തിൽകൂടിയായിരുന്നു അവൻ. നന്നായി കളിച്ചെന്നും ഭാവിയിലും ഇതുപോലെ കളിക്കണമെന്നും ധോനി പറഞ്ഞു. ആയുഷിന്റെ കഴിവിൽ ധോനി വിശ്വാസമർപ്പിക്കുന്നുണ്ട്.'- യോഗേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരേ 48 പന്തുകളിൽ 94 റൺസാണ് താരം നേടിയത്. അഞ്ച് സിക്‌സുകളും ഒൻപത് ബൗണ്ടറികളും മാത്രെയുടെ ഇന്നിങ്‌സിൽ ഉൾപ്പെടുന്നു. ഐപിഎല്ലിലെ അരങ്ങേറ്റം തന്റെ സ്വന്തം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന മുംബൈ ഇന്ത്യൻസിനെതതിരേയായിരുന്നു. മൂന്നാം നമ്പറായിറങ്ങി 15 പന്തിൽ 32 റൺസ് നേടി താരം തന്റെ ക്ലാസ് തെളിയിച്ചു.
രണ്ടാഴ്ചത്തെ ട്രയലിനുശേഷമാണ് ആയുഷ് മാത്രെയെ ടീമിലെടുക്കാൻ ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചത്. മെഗാ താരലേലത്തിൽ മാത്രെയുടെ പേര് ഉൾപ്പെട്ടിരുന്നെങ്കിലും അൺസോൾഡായി. പിന്നീട് റൗണ്ട് ട്രയൽസിലാണ് ചെന്നൈ മാത്രെയെ സ്വന്തമാക്കിയത്. ട്രയൽസിനായി മലയാളിതാരം സൽമാൻ നിസാറിനെയും ഗുജറാത്തിന്റെ ഉർവിൽ പട്ടേലിനെയും ചെന്നൈ ക്ഷണിച്ചിരുന്നെങ്കിലും ആയുഷ് മാത്രെയെയാണ് തിരഞ്ഞെടുത്തത്. താരത്തിന്റെ പ്രകടനത്തിൽ തൃപ്തനായ മഹേന്ദ്ര സിങ് ധോനിയാണ് ടീമിലെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി ഒൻപത് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം, രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടി ശ്രദ്ധ പിടിച്ചുപറ്റി. മുംബൈക്കായി ഏഴ് എ ലിസ്റ്റ് മത്സരങ്ങളും കളിച്ചു. നാഗാലാൻഡിനെതിരേ നേടിയ 181 റൺസാണ് ടോപ് സ്‌കോർ. വിജയ് ഹസാരെ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരേ 148 റൺസ് നേടിയതും താരത്തിന്റെ മികവിന് തെളിവാണ്.
Content Highlights: Ayush Mhatre warned not to score a century like Vaibhav Suryavanshi says father
Published: 05 May 2025, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented