2007-ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ കേവലം രണ്ടുമാസമാണ് ആയുഷ് മാത്രെയുടെ പ്രായം. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായതുകൊണ്ടുമാത്രം ഈ ഐപിഎല്ലിൽ അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച മഹാരാഷ്ട്രക്കാരന്‍. പതിന്നാലുകാരനായ വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്നലെ സെഞ്ചുറിയോളം തന്നെ തിളക്കമുള്ള ഒരിന്നിങ്‌സാണ് മാത്രെ ചെന്നൈക്കായി കാഴ്ചവെച്ചത്. 100-ലേക്ക് ആറ് റണ്‍സ് മാത്രം അകലമിരിക്കേ, വന്‍ ഹിറ്റിന് ശ്രമിച്ച് ക്യാച്ചായി പുറത്തായതോടെ അര്‍ഹിച്ച സെഞ്ചുറി നഷ്ടം. മാത്രെ പുറത്തായതോടെ ചെന്നൈയില്‍ നിന്ന് വിജയവും അകന്നു.
രണ്ടാഴ്ചത്തെ ട്രയലിനുശേഷമാണ് ആയുഷ് മാത്രെയെ ടീമിലെടുക്കാന്‍ ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചത്. മെഗാ താരലേലത്തില്‍ മാത്രെയുടെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും അണ്‍സോള്‍ഡായി. പിന്നീട് റൗണ്ട് ട്രയല്‍സിലാണ് ചെന്നൈ മാത്രെയെ സ്വന്തമാക്കിയത്. ട്രയല്‍സിനായി മലയാളിതാരം സല്‍മാന്‍ നിസാറിനെയും ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലിനെയും ചെന്നൈ ക്ഷണിച്ചിരുന്നെങ്കിലും ആയുഷ് മാത്രെയെയാണ് തിരഞ്ഞെടുത്തത്. താരത്തിന്റെ പ്രകടനത്തില്‍ തൃപ്തനായ മഹേന്ദ്ര സിങ് ധോനിയാണ് ടീമിലെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അപ്പോഴും പ്ലെയിങ് ഇലവനില്‍ ഇടംലഭിക്കുന്ന പ്രതീക്ഷയുണ്ടായിരുന്നില്ല ഈ ചെറുപ്പക്കാരന്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരേ 48 പന്തുകളില്‍ 94 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സുകളും ഒന്‍പത് ബൗണ്ടറികളും മാത്രെയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. ഐപിഎല്ലിലെ അരങ്ങേറ്റം തന്റെ സ്വന്തം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന മുംബൈ ഇന്ത്യൻസിനെതതിരേയായിരുന്നു. മൂന്നാം നമ്പറായിറങ്ങി 15 പന്തില്‍ 32 റണ്‍സ് നേടി താരം തന്റെ ക്ലാസ് തെളിയിച്ചു.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമാണ് മാത്രെയെ ചെന്നൈ ടീമിലെത്തിച്ചത്. മുംബൈക്കായി ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം, രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടി ശ്രദ്ധ പിടിച്ചുപറ്റി. മുംബൈക്കായി ഏഴ് എ ലിസ്റ്റ് മത്സരങ്ങളും കളിച്ചു. നാഗാലാന്‍ഡിനെതിരേ നേടിയ 181 റണ്‍സാണ് ടോപ് സ്‌കോര്‍. വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരേ 148 റണ്‍സ് നേടിയതും താരത്തിന്റെ മികവിന് തെളിവാണ്.
മുംബൈയിലെ വിരാറില്‍ 2007-ലാണ് മാത്രെ ജനിക്കുന്നത്. ദിവസവും ഒരുവശത്തേക്ക് മാത്രം 80 കിലോമീറ്ററോളം ട്രെയിന്‍ യാത്ര ചെയ്താണ് ക്രിക്കറ്റ് പരിശീലനത്തിന് പോയിരുന്നത്. യാത്രയ്ക്കായി മാത്രം ഒരു ദിവസം ആറുമണിക്കൂര്‍ ചെലവഴിക്കണം. മുത്തശ്ശനായ ലക്ഷ്മികാന്ത് നായികാണ് ആയുഷിലെ ക്രിക്കറ്റ് വിലാസത്തെ വളര്‍ത്തി പരുവപ്പെടുത്തിയത്. പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റ് അഞ്ചുമണിക്കുള്ള ട്രെയിനില്‍ പുറപ്പെടും. തന്റെ ഉറക്കം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞ് മുത്തശ്ശനെ കുടുംബത്തിലെ പലരും വഴക്ക് പറയാറുണ്ടായിരുന്നെന്ന് മാത്രെ ഓര്‍ക്കുന്നു. ബാങ്കുജോലിക്കാരനായ അച്ഛന്‍ യോഗേഷ് കഴിഞ്ഞവര്‍ഷം ജോലിയില്‍നിന്ന് രാജിവെച്ച് ഇപ്പോള്‍ മുഴുവൻ സമയവും മകന്റെ വളർച്ചയിൽ കേന്ദ്രീകരിക്കുകയാണ്.
Content Highlights: ayush mhatre ipl performance for csk
Published: 04 May 2025, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented