മലപ്പുറം: സ്റ്റാഫ്‌ നഴ്‌സ് ഗ്രേഡ്‌ രണ്ട് പി.എസ്.സി. റാങ്ക് പട്ടിക നിലവിൽവന്ന് ഏഴുമാസം പിന്നിടുമ്പോഴും നിയമനം ഇഴഞ്ഞുനീങ്ങുന്നു. ജില്ലയിൽ 400 പേരുടെ പട്ടികയിൽനിന്ന് 21 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. 480 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിൽ 19 നിയമനങ്ങൾ മാത്രവും. വയനാടും പത്തനംതിട്ടയിലും നിയമനങ്ങൾ രണ്ടക്കം കടന്നിട്ടില്ല.

To advertise here,

പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ആരോഗ്യവകുപ്പ് താത്കാലിക നിയമനങ്ങൾ നടത്തുന്നതുമാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നത്. മാലാഖക്കൂട്ടം, ദീപങ്ങൾ തുടങ്ങിയ പേരുകളിലാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്. സ്റ്റാഫ്‌നഴ്സ് കേഡറിലെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നതിലും സ്ഥാനക്കയറ്റം നൽകുന്നതിലുമുണ്ടാകുന്ന കാലതാമസമാണ് ഒഴിവുകൾ യഥാസമയം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

റാങ്ക്‌ലിസ്റ്റിലെ ഭൂരിഭാഗം പേർക്കും സർക്കാർ ജോലി ലഭിക്കാനുള്ള അവസാന അവസരം കൂടിയാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥകാരണം നഷ്ടമാകുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി നിരവധി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായും സാമൂഹികാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തിയിരുന്നു. എന്നാൽ ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിച്ചില്ല. രോഗി-നഴ്സ് അനുപാതം പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും താത്കാലിക നിയമനം നടത്താതെ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം