തിരുവനന്തപുരം: ചികിത്സാ ഉപകരണങ്ങളോടും ചിലങ്കയോടും ഒരുപോലെ ഇഷ്ടമാണ് പ്രമോദിന്. ‘നൃത്തമാടുന്ന നഴ്‌സ്’ എന്ന വിശേഷണം കേൾക്കുന്നതു സന്തോഷവും. മെഡിക്കൽ കോളേജിലെ നഴ്‌സ് സേവനത്തിനൊപ്പം നൃത്തവേദികളിലും സജീവമായിരുന്നു ഒരു മാസം മുൻപു വരെ പ്രമോദ്. താത്കാലികാടിസ്ഥാനത്തിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ജോലി നഷ്ടപ്പെട്ടെങ്കിലും വൈകാതെ തിരിച്ചുകയറാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മണക്കാട് മുട്ടത്തറ സ്വദേശി.

To advertise here,

നൃത്തം പഠിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികപരാധീനത അതിന് അനുവദിച്ചിരുന്നില്ല. പക്ഷേ, വളർന്നപ്പോഴും ആ ആഗ്രഹം ഒരു കനലായി ഉള്ളിൽക്കിടന്നു. 18 വയസ്സ് കഴിഞ്ഞപ്പോൾ ട്യൂഷനെടുത്തും ചെറിയ ജോലികൾ ചെയ്തും ലഭിക്കുന്ന പണം കൂട്ടിവച്ച് നൃത്തപഠനം ആരംഭിച്ചു. ഭരതനാട്യം, കേരളനടനം, കുച്ചിപ്പുഡി, കഥകളി തുടങ്ങിയ നൃത്തരൂപങ്ങളെല്ലാം പഠിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി അപർണ മുരളീകൃഷ്ണന്റെ കീഴിലായിരുന്നു പഠനം. നൃത്തത്തിനൊപ്പം ബിരുദപഠനവും മുന്നോട്ടു കൊണ്ടുപോയി.

അന്നും ആതുരസേവനത്തോട് ബഹുമാനമുണ്ട്. പക്ഷേ, ആൺകുട്ടി നഴ്‌സിങ് പഠിക്കുന്നതിനെ അംഗീകരിക്കുന്നവർ കുറവായിരുന്നു. പണ്ട് ആഗ്രഹത്തിനൊടുവിൽ നൃത്തം പഠിച്ചതുപോലെ 24-ാം വയസ്സിൽ പ്രമോദ് നഴ്‌സിങ് പഠനം ആരംഭിച്ചു. നൃത്തപഠനവും പഠിപ്പിക്കലും ഇതിനൊപ്പംതന്നെ കൊണ്ടുപോയി.

പകൽ നഴ്‌സായി ആശുപത്രിയിൽ തിരക്കിലാണെങ്കിൽ വൈകുന്നേരങ്ങളിൽ പരിപാടികളിലും ക്ഷേത്രോത്സവങ്ങളിലുമടക്കമുള്ള നൃത്തവേദികളിൽ മതിമറന്നാടി. ഇഷ്ടംകൊണ്ടു തിരഞ്ഞെടുത്ത ജോലികൾ അതിലേറെ ഇഷ്ടത്തോടെ ഓരോ ദിവസവും ചെയ്തു. ദിവസം രണ്ടുമണിക്കൂർ വീതമെന്ന രീതിയിൽ വിദ്യാർഥികളെ നൃത്തം പഠിപ്പിക്കാനും സമയം കണ്ടെത്തി. ഇതിനുപുറമേ, നർത്തകർക്ക് ഭംഗിയായി മേക്കപ്പും ചെയ്തുകൊടുക്കും. ഭരതനാട്യത്തിൽ രണ്ടാംവർഷ ബിരുദാനന്തരബിരുദ വിദ്യാർഥികൂടിയാണ് പ്രമോദ്.

ഒന്നരവർഷം മുൻപാണ് കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്. കോവിഡ് ബ്രിഗേഡിനെ പിരിച്ചുവിട്ടതിന്റെ ഭാഗമായാണ് ഒരുമാസം മുൻപ് ജോലി നഷ്ടപ്പെട്ടത്. സ്ഥിരജോലിയായിരുന്നില്ലെങ്കിലും ഇത്ര പെട്ടെന്നൊരു പിരിച്ചുവിടൽ പ്രമോദ് പ്രതീക്ഷിച്ചിരുന്നില്ല. ജോലിയന്വേഷിച്ചുള്ള അലച്ചിലിലാണ് ഇപ്പോൾ ഈ മുപ്പതുകാരൻ.