
കേരളത്തിന്റെ എക്കാലത്തെയും പ്രിയ ഫുട്ബോളറാണ് ഐ.എം. വിജയൻ. അക്കാദമികളോ വിദേശപരിശീലകരോ കണ്ടെത്തിയതല്ല ഈ പ്രതിഭയെ. തൃശ്ശൂരിന്റെ മണ്ണിൽ പന്ത് തട്ടി പരുവപ്പെട്ട കളിതന്ത്രങ്ങളാണ് ആ ചുവടുകളിൽ മലയാളി കണ്ടത്. പരിശീലകർ വന്നത് പിന്നീടാണ്. അത് പിന്നെ ഇന്ത്യയുടെ ഫുട്ബോൾ പെരുമയായി. തൃശ്ശൂരിന്റെ പുറമ്പോക്കുകളിൽ വളർന്ന്, വിശപ്പിനോട് പൊരുതി, പന്തുകളിയെ നെഞ്ചിലൊതുക്കി ഇന്ത്യയുടെ ഐ.എം. വിജയനായി. കോർപറേഷൻ സ്റ്റേഡിയത്തിലിരുന്ന് വിജയൻ ‘മാതൃഭൂമി’യോട് സംസാരിക്കുന്നു.
വിജയൻ തൃശ്ശൂരുകാരനാണെന്നു പറഞ്ഞ് തൃശ്ശൂരുകാർ അഭിമാനിക്കാറുണ്ട്. തൃശ്ശൂരുകാരുടെ ആവേശമാണ്. എത്രപറഞ്ഞാലും മടുക്കില്ല. തിരിച്ച് തൃശ്ശൂരിനെക്കുറിച്ചുള്ള വിജയന്റെ അഭിമാനം എന്താണ് ?
എന്നെ ഞാനാക്കിയ സ്ഥലമാണ് തൃശ്ശൂർ. ഇവിടെ ജനിച്ച്, കളിച്ചുവളരാൻ പറ്റിയത് വലിയ ഭാഗ്യമാണ്. തൃശ്ശൂർക്കാർക്ക് ഫുട്ബോൾ എന്നാൽ വലിയ ആവേശമാണ്. അതാണ് എനിക്ക് ഗുണമായത്. കേരളവർമ കോളേജിലെ രാധാകൃഷ്ണൻ സാറും ചാത്തുണ്ണി സാറും ശ്രീധരൻ സാറും ഇവിടെയായിരുന്നല്ലോ. സെയ്ന്റ് അലോഷ്യസിലെ യു.പി. ജോണി സാറാണ് ആദ്യമായി ബൂട്ട് വാങ്ങിത്തന്നത്.സ്കൂളിൽ ഭക്ഷണം കൊണ്ടുവന്നു തന്നത് പ്രഭാവതി ടീച്ചർ.
എവിടെ പോയാലും തൃശ്ശൂർക്കാരനാണെന്നതിൽ അഭിമാനമാണ്. ഈ റൗണ്ട്, അതിനുള്ളിലെ പൂരം ഒന്നും മറക്കാൻ പറ്റില്ല.
തൃശ്ശൂരിലെ കുട്ടിക്കാലം പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും ആയിരുന്നു. അതുകൊണ്ട് ഇവിടം വിട്ടുപോകാൻ തോന്നിയിട്ടില്ലേ ?
അച്ഛൻ മരിച്ചശേഷം അമ്മ (കൊച്ചമ്മു) കുപ്പിയും പാട്ടയും പെറുക്കിവിറ്റ് കിട്ടുന്ന ചെറിയ തുകയ്ക്കാണ് വിശപ്പടക്കിയിരുന്നത്. അതിന് പലപ്പോഴും രാത്രി വൈകി കാത്തിരിക്കണം. സ്കൂളിൽനിന്ന് ഉച്ചയ്ക്ക് വീട്ടിൽ പോയാൽ ഭക്ഷണം ഉണ്ടാകില്ല. പഠിക്കാനല്ല, പന്തുകളിക്കാനാണ് എനിക്ക് താത്പര്യം എന്നറിഞ്ഞ അമ്മ ആ വഴിക്ക് എന്നെ വിട്ടു. എന്റെ അധ്യാപകർ എന്റെ കഷ്ടപ്പാട് തിരിച്ചറിഞ്ഞു. ഇവിടത്തെ എന്റെ പരിശീലകർ ആ കഴിവ് തിരിച്ചറിഞ്ഞു. ഇവിടെ പോലീസ് ടീമിലേക്ക് എന്നെ ചേർത്തു. ഇവിടത്തുകാർ എന്റെ കളി ഇഷ്ടപ്പെട്ടു. എന്നെ സ്നേഹിച്ചു. പിന്നെ, തൃശ്ശൂരിനെ എന്തിന് കൈവിടണം ഞാൻ.
കേരളം വിട്ട് മോഹൻബഗാൻ ഫുട്ബോൾ ടീമിലേക്ക് പോയപ്പോൾ വ്യാപകമായ വിമർശനം വന്നു. നാടിനോട് അരിശം വന്നോ അപ്പോൾ ?
ഓലപ്പുരയായിരുന്നു എന്റേത്. നല്ലൊരു വീട് വലിയ സ്വപ്നമായിരുന്നു.
കാശ് കിട്ടിയാൽ അമ്മയെ പണിക്കുവിടാതെ നല്ലൊരു വീട്ടിൽ താമസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മോഹൻബഗാനിലേക്ക് ക്ഷണം കിട്ടിയപ്പോൾ പോയത് അതു കാരണമാണ്. ചതിയൻ, വഞ്ചകൻ എന്നെല്ലാം ചീത്തവിളി കേട്ടു അപ്പോൾ. പക്ഷേ, അപ്പോഴും കേരളത്തോടോ തൃശ്ശൂരിനോടോ എനിക്ക് ദേഷ്യം തോന്നിയില്ല.
തൃശ്ശൂരിൽത്തന്നെ, ഏറ്റവും പ്രിയപ്പെട്ട ഇടം ഏതാണ് ?
(കോർപറേഷൻ സ്റ്റേഡിയം ചൂണ്ടിക്കാണിച്ച്) എന്താ സംശയം, ഇവിടെത്തന്നെ. 1982-ൽ ഇവിടെ സന്തോഷ്ട്രോഫി നടക്കുമ്പോൾ ഗാലറികളിൽ സോഡ വിറ്റിട്ടുണ്ട് ഞാൻ. സൗജന്യമായി കളി കാണുകയും ചെയ്യാം. ചെറിയ സമ്പാദ്യവും ഉണ്ടാകും. പിന്നെ തൊട്ടടുത്ത് കോലോത്തുംപാടം. ഞാൻ ജനിച്ചുവളർന്ന സ്ഥലം. അവിടെ ഇപ്പോഴും കൂട്ടുകാരുണ്ട്. അവിടത്തെ അമ്പലത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കും. പൂരത്തിനും പെരുന്നാളിനും പങ്കെടുക്കാൻ ഇപ്പോഴും ആവേശമാണ്.
ഏറെ വൈകിയാണ് പദ്മശ്രീ കിട്ടിയതെന്ന് തൃശ്ശൂരുകാർ പറയുന്നുണ്ട്.
എല്ലാ അവാർഡും വലുതാണ്. ചെറുപ്പത്തിൽ സെവൻസ് കളിക്കുമ്പോൾ ബെസ്റ്റ് പ്ലെയർ അവാർഡ് അഞ്ചിഞ്ച് വലുപ്പമുള്ള കപ്പാണ്. അതും എനിക്ക് ബെസ്റ്റ് അവാർഡാണ്. എനിക്ക് അർജുന അവാർഡ് കിട്ടിയപ്പോഴും വൈകിയെന്നാണ് എല്ലാവരും പറഞ്ഞത്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
Content Highlights: im vijayan service retirement interview
Published: 30 Apr 2025, 09:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented