തിരുവനന്തപുരം: ഐഎഫ്എഫ്‌കെയ്ക്കു കൂടുതല്‍ ശോഭയേകി ഫിലിം മാര്‍ക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാര്‍ക്കറ്റിന്റെ രണ്ടാം പതിപ്പില്‍  ചലച്ചിത്രപ്രവര്‍ത്തകരും നിര്‍മാതാക്കളും അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വ്യൂയിങ് റൂം കെഎസ്എഫ്ഡിസിയും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ നിരൂപകര്‍, സിനിമ വിവിധ വേദികളില്‍ മാര്‍ക്കറ്റ് ചെയ്യുന്നവര്‍, ഡെലിഗേറ്റുകള്‍ തുടങ്ങിയവര്‍ക്ക് മുന്നിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയില്‍ ഡെലിഗേറ്റുകള്‍ അല്ലാത്തവര്‍ക്കും വ്യൂയിങ് റൂമിലെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

To advertise here,

26 ചിത്രങ്ങളും 19 ഹ്രസ്വ ചിത്രങ്ങളും 3 ഡോക്യുമെന്ററികളും വ്യൂയിങ് റൂമില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മേള അവസാനിക്കുന്നത് വരെയുള്ള എല്ലാ സ്ലോട്ടുകളിലേക്കും രജിസ്ട്രേഷന്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയായത് ഈ സംരംഭത്തിന് ലഭിച്ച സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. വ്യൂയിങ് റൂമില്‍ പ്രദര്‍ശിപ്പിച്ച സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത 'ഭാരത സര്‍ക്കസ്' എം.എ. നിഷാദ് സംവിധാനം ചെയ്ത 'ടു മെന്‍', ജെ.ബി. ജസ്റ്റിന്റെ 'എന്റെ തേവി', ജിഷോയ് ലോണ്‍ ആന്റണിയുടെ 'രുധിരം', ഗോപിക സൂരജിന്റെ 'റൂട്ട് മാപ്' തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി. ടോം ജേക്കബ് സംവിധാനം ചെയ്ത 'കലാം ഫൈവ് ബി' കാണാന്‍ എത്തിയത് സ്‌കൂള്‍ കുട്ടികളായിരുന്നു. 'പ്രായഭേദമന്യേ ഏവര്‍ക്കും സിനിമ കാണാനുള്ള അവസരമാണ് വ്യൂയിങ് റൂം സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനും നടനുമായ ടോം ജേക്കബ് പറഞ്ഞു. 

35 പേര്‍ക്ക് ഇരിക്കാവുന്ന ചെറുതിയേറ്ററില്‍ ഫുള്‍ എച്ച്ഡി പ്രൊജക്ടറടക്കം അത്യാധുനിക സൗകര്യങ്ങളുണ്ട്. ചിത്രങ്ങളുടെ സ്‌ക്രീനിങിനു പുറമേ വിശദമായ ചര്‍ച്ചകള്‍ നടത്തുന്നതിനും ട്രെയ്‌ലറുകള്‍ കാണുന്നതിനും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പ്രത്യേക സൗകര്യമുണ്ട്.