ഹോങ്കോങ് നവതരംഗ സിനിമയുടെ അമരക്കാരില്‍ ഒരാളാണ് ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ച സംവിധായിക ആന്‍ ഹുയി. തിരക്കഥാകൃത്തും അഭിനേത്രിയും കൂടിയായ ആന്‍ ഹുയി സംവിധാന മികവുകൊണ്ടും പ്രമേയങ്ങള്‍ കൊണ്ടും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിട്ട് നാലു പതിറ്റാണ്ടിലേറെയായി. ഹോങ്കോങ്ങിലെ ലിംഗവിവേചനവും കുടിയേറ്റപ്രശ്‌നങ്ങളും രാഷ്ട്രീയമാറ്റങ്ങളുമെല്ലാം അവരുടെ ചിത്രങ്ങളില്‍ പ്രമേയമായി. കാന്‍, ബെര്‍ലിന്‍, വെനീസ് തുടങ്ങിയ പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലെല്ലാം ഹുയിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. നിരവധി അംഗീകാരങ്ങള്‍ നേടി. 

To advertise here,

ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറെ വിലമതിക്കുന്നുവെന്നും തന്റെ മുന്നോട്ടുള്ള ജീവിതയാത്രയില്‍ പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു. 'കോവിഡിന് മുന്‍പ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല. കാത്തിരിപ്പിനൊടുവില്‍ എത്തിച്ചേര്‍ന്നത് ഇത്തരമൊരു പുരസ്‌കാരം സ്വീകരിക്കാന്‍ വേണ്ടിയാണെന്നത് ഏറെ സന്തോഷം നല്‍കുന്നു' -ഹുയി കൂട്ടിച്ചേര്‍ത്തു.

വാണിജ്യസിനിമകളുടെ അപ്രമാദിത്വത്തെ കുറിച്ചും അവര്‍ വാചാലയായി. 'കേവലം സാമ്പത്തിക ലാഭവും പ്രേക്ഷകന്റെ സന്തോഷവും മാത്രം കണക്കിലെടുത്താണ് സിനിമകള്‍ അധികവും ജനിക്കുന്നത്. വാണിജ്യ സിനിമകള്‍ക്കിടയില്‍ ആര്‍ട്ട് സിനിമകള്‍ക്കുള്ള സ്വീകാര്യത കുറഞ്ഞു വരുന്നുവെന്നും ആന്‍ ഹുയി അഭിപ്രായപ്പെടുന്നു. കാലത്തിനും മനുഷ്യര്‍ക്കും അവരുടെ സ്വഭാവ രീതികള്‍ക്കും ഉണ്ടാകുന്ന മാറ്റങ്ങള്‍ തന്റെ തന്നെ ടെലിവിഷന്‍ ഡ്രാമകളില്‍നിന്നു മനസിലാക്കാന്‍ കഴിയുന്നുണ്ട്. സിനിമകള്‍ ചരിത്രത്തെ സംരക്ഷിക്കുകയാണ്.'

'ചെറുപ്പത്തില്‍ രാഷ്ട്രീയത്തെ വിലക്കപ്പെട്ട കനിയായി കണ്ടിരുന്നെങ്കിലും രാഷ്ട്രീയബോധം ഇല്ലാതെ നിലനില്‍പ്പ് അസാധ്യമാണെന്നു കാലക്രമേണ മനസിലായി. സ്ത്രീ എന്ന സ്വത്വത്തില്‍ നിന്നുകൊണ്ട് ചിന്തിക്കാനും ലോകത്തെ കാണാനും ശ്രമിച്ചിരുന്നു. ഇന്നു സ്ത്രീപക്ഷ സിനിമകള്‍ കൂടി വരുകയാണ്. ആ സിനിമകളില്‍ വ്യത്യസ്തത തിരയുകയാണ് താനെന്നും സംവിധായിക കൂട്ടിച്ചേര്‍ത്തു. കാലാനുസൃതമായി സമൂഹവും സിനിമയും മാറുകയാണ്. ആ മാറ്റങ്ങളെ തുറന്നുകാട്ടുനാണ് സംവിധായകര്‍ ശ്രമിക്കേണ്ടത്' -ആന്‍ ഹുയി വ്യക്തമാക്കി.