മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ മുൻപന്തിയിലാണ് ജലത്തിന്റെ സ്ഥാനം. ജലം അമൂല്യമായി കരുതുന്നവരും അനാവശ്യമായി പാഴാക്കുന്നവരും ചുറ്റിലുമുണ്ട്. പണം ലക്ഷ്യം വെച്ചുകൊണ്ടെത്തുന്ന കമ്പനി ഒരു നാടിന്റെ ജലസ്രോതസ്സിന് ഭീഷണിയാകുന്ന കഥ പറയുന്ന ജാപ്പനീസ് ചിത്രമാണ് 'ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്'.

To advertise here,

ടോക്കിയോയ്ക്കടുത്തുള്ള മിസുബികി ഗ്രാമത്തിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ തകുമിയും അദ്ദേഹത്തിന്റെ മകൾ ഹനയും താമസിക്കുന്നത്. പ്രകൃതിക്ക് യാതൊരു ദോഷവും വരുത്താതെ സമാധാനപരമായി ജീവിച്ചുവരുന്ന തകുമിയുടേയും ഗ്രാമവാസികളുടെയും ഇടയിലേക്ക് പണം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ഒരു കമ്പനി വരികയാണ്. ഗ്രാമത്തിൽ വിനോദ സഞ്ചരികൾക്കായി ഒരു സുഖവാസകേന്ദ്രം നിർമിക്കുകയാണ് അവരുടെ ലക്ഷ്യം. 

കമ്പനിയുടെ രണ്ട് പ്രതിനിധികളാണ് ഗ്രാമത്തിലുള്ളവരെ കാര്യങ്ങൾ ധരിപ്പിക്കാൻ എത്തുന്നത്. തങ്ങളുടെ കുടിവെള്ള സ്രോതസ്സിനെ സാരമായി ബാധിക്കുന്ന പദ്ധതിയെ ഗ്രാമത്തിലുള്ളവർ എതിർക്കുന്നതോടെ പുതുവഴികൾ അവർ തേടുകയാണ്. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം. 

പദ്ധതിയെ ശക്തമായി എതിർക്കുന്ന തകുമിയേയും സംഘത്തിനേയും വരുത്തിയിലാക്കാൻ എത്തുന്നതും കമ്പനി പ്രതിനിധികൾ തന്നെയാണ്. ഗ്രാമത്തിലുള്ളവരുടെ ജീവിത സാഹചര്യങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നുണ്ട്. കാടിനെയറിയുന്ന തകുമിയെന്ന കഥാപാത്രത്തെ  പതിയെയാണ് സംവിധായകൻ പ്രേക്ഷകന് മനസിലാക്കികൊടുക്കുന്നത്. പക്ഷേ തകുമിയെ ശരിക്ക് എല്ലാവർക്കും മനസ്സിലായോ എന്നതും ഒരു ചോദ്യചിഹ്നമാണ്.

റുസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ചിത്രം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ കൂടി പറയുകയാണ്. പ്രകൃതിയിൽ മനുഷ്യന് ഉള്ള അതേ അവകാശം മറ്റു ജന്തുജാലങ്ങൾക്കും ഉണ്ടെന്ന് ചിത്രം അടിവരയിടുന്നു. പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള ഒരു നുറുങ്ങും അവശേഷിപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.