ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ പോരാട്ടം | Ariyippu Malayalam Movie Review


അനുശ്രീ മാധവന്‍

അറിയിപ്പ്

സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല ചിത്രം പ്രചരിച്ച സാഹചര്യത്തില്‍ അത് തന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു യുവതി നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ച് കാലങ്ങള്‍ക്ക് മുന്‍പാണ് ആഘോഷിക്കപ്പെട്ടത്. ചിത്രം തന്റേതല്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പലരും അവരെ വിശ്വസിച്ചില്ല മാത്രവുമല്ല, തൊട്ടുപിന്നാലെ അവരുടെ കുടുംബ ജീവിതവും ഇല്ലാതായി. നിശബ്ദയായി ഇരിക്കുന്നതിന് പകരം ധീരമായ ഒരു നീക്കമാണ് പിന്നീട് യുവതിയുടെ ഭാഗത്തു നിന്നുണ്ടായത്. സ്വന്തം മക്കളുടെ മുന്നില്‍ അമ്മയുടെ നിരപരാധിത്തം ബോധിപ്പിക്കണം, അതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. കൂടെ സന്നാഹങ്ങളോ ആള്‍ക്കൂട്ടമോ ഒന്നുമില്ലാതിരുന്നിട്ടും സാഹചര്യമെല്ലാം എതിരായിട്ടും അവര്‍ നിയമപോരാട്ടത്തിനിറങ്ങി, ഒടുവില്‍ വിജയം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്ന സിനിമ കാണുമ്പോള്‍ മനസ്സിലേക്ക് വരുന്നത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഈ യുവതിയുടെ പോരാട്ടമാണ്. കുഞ്ചാക്കോ ബോബന്‍, ദിവ്യപ്രഭ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മികച്ച ദൃശ്യാനുഭവമായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് അറിയിപ്പ് പ്രദര്‍ശിക്കപ്പട്ടത്.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഗ്ലൗസ് നിര്‍മിക്കുന്ന ഡല്‍ഹിയിലെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് ദമ്പതിമാരായ ഹരീഷും രശ്മിയും. വിദേശത്തേക്കുള്ള വിസ ലഭിക്കാനുള്ള പരിശ്രമത്തിലാണ് ഇരുവരും. അതിന്റെ ഭാഗമായി വര്‍ക്ക് സ്‌കില്‍ തെളിയിക്കാനുള്ള വീഡിയോ എടുക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ താല്‍ക്കാലികമായി പിടിച്ചു നില്‍ക്കുന്നതിന് വേണ്ടി മാത്രമാണ് ഗ്ലൗസ് ഫാക്ടറിയിലെ ജോലി. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനാല്‍ കാര്യമായ സൗകര്യങ്ങളില്ലാത്ത ഒരു ചെറിയ ഫ്‌ലാറ്റിലാണ് ഇരുവരും താമസിക്കുന്നത്. അങ്ങനെയിരിക്കേ ഒരു ദിവസം ഫാക്ടറി തൊഴിലാളികളുടെ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ രശ്മിയുടെ പേരില്‍ ഒരു അശ്ലീല വീഡീയോ ആരോ പോസ്റ്റ് ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കഥാതന്തു.

അരക്ഷിതമായ തൊഴിലിടങ്ങളില്‍ സംഭവിച്ച അപമാനത്തില്‍ നിശബ്ദയാകാനാണ് സമൂഹം രശ്മിയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ രശ്മിയുടെ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളുമെല്ലാം വ്യക്തിത്വം പണയം വയ്ക്കാന്‍ തയ്യാറാകത്തതിന്റേതായിരുന്നു. ആദ്യ നാളുകളില്‍ രശ്മിയ്ക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്ന ഹരീഷ് ഒരു ഘട്ടം കഴിയുമ്പോള്‍ രശ്മിയെ തള്ളിപ്പറയുന്നു. അവിടം മുതലാണ് സ്വന്തം അഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത രശ്മി ഏറ്റെടുക്കുന്നത്. സത്യം തെളിയിക്കുന്നതിന് വേണ്ടി രശ്മി സ്വീകരിച്ച ഉറച്ച നിലപാട് ശരിക്കും സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രചോദനമാണ്.

കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിര്‍മിതിയുമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഗുണം. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങളോട് സന്ധിയില്ലാത്ത രശ്മിയെയും അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ തയ്യറാകുന്ന ഹരീഷിനെയും ദിവ്യപ്രഭയും കുഞ്ചാക്കോ ബോബനും അതിമനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിക്ലറേഷന്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാളം തര്‍ജമയാണ് അറിയിപ്പ്. ഒരു സെല്‍ഫ് ഡിക്ലറേഷനില്‍ തുടങ്ങി ഡിക്ലറേഷനിലേക്കുള്ള യാത്രയാണ് ഈ സിനിമയെന്ന് ലളിതമായി വിശേഷിപ്പിക്കാം.

Content Highlights: ariyippu movie, kunchacko boban, divya prabha, mahesh narayanan, malayalam review, iffi 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented