
വെറും 37 രൂപയാണ് മുംബൈയില്‍ സിനിമ മോഹിച്ച് വരുമ്പോള്‍ തന്റെ പക്കല്‍ ഉണ്ടായിരുന്നതെന്ന് നടന്‍ അനുപം ഖേര്‍. ദ കശ്മീര്‍ ഫയല്‍സ് സിനിമയുടെ പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനുപം ഖേര്‍. നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം തനിക്ക് സിനിമയില്‍ അവസരം ലഭിക്കുമെന്നായിരുന്നു ധാരണയെന്നും എന്നാല്‍ മുംബൈയില്‍ എത്തിയപ്പോഴാണ് യാഥാര്‍ഥ്യം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മോഹവുമായി ഒട്ടേറെയാളുകളാണ് മുംബൈയിലേക്ക് ചേക്കേറുന്നത്. അതില്‍ വളരെ കുറച്ചാളുകള്‍ മാത്രമേ വിജയിക്കൂ. വളരെ ചെറുപ്പം മുതല്‍ തന്നെ എന്റെ തലയില്‍ നിന്ന് മുടി കൊഴിഞ്ഞു പോയിക്കൊണ്ടേ ഇരുന്നു. അതുണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ ഞാന്‍ ഒരിക്കലും നടനാകുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു. സംവിധാന സഹായിയായി സിനിമയില്‍ കയറിപ്പറ്റണം എന്നായിരുന്നു ലക്ഷ്യം. പല വഴിയ്ക്ക് അലഞ്ഞുവെങ്കിലും ഒന്നും ശരിയായി വന്നില്ല. 37 രൂപയായിരുന്നു സിനിമ മോഹിച്ച് മുംബൈയില്‍ എത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത്. അത് വളരെ പെട്ടന്നു തന്നെ തീര്‍ന്നുപോയി. കിടക്കാനൊരു ഇടംപോലും ഇല്ലാതെ കയ്യില്‍ ഒന്നുമില്ലാതെ മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ജീവിതം തള്ളി നീക്കിയിട്ടുണ്ട്. ഇന്ന് ആ യാത്ര 530 സിനിമകളില്‍ എത്തിനില്‍ക്കുന്നു.
അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ജോലിയാണിതെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
പലരും സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് വിദേശരാജ്യങ്ങളില്‍ യാത്ര പോകാറുണ്ട്. എനിക്ക് അങ്ങനെ ഒരിക്കല്‍ പോലും ചെയ്യാന്‍ തോന്നിയിട്ടില്ല. അതിനുള്ള കാരണം എന്തെന്നാല്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്നത് അഭിനയിക്കുമ്പോഴാണ്. ആസ്വദിക്കുന്ന ഒരു കാര്യം ചെയ്യാതെ ഇരിക്കേണ്ടതില്ലല്ലോ? എന്റെ പേരിനൊപ്പം ലെജന്‍ഡറി ആക്ടര്‍, വെറ്ററൻ ആക്ടര്‍ തുടങ്ങിയ വിശേഷണങ്ങള്‍ ആവശ്യമില്ല. അത് കേള്‍ക്കുമ്പോള്‍ കരിയറിന്റെ അന്ത്യത്തില്‍ എത്തിയതുപോലെയുള്ള തോന്നലാണ് ഉണ്ടാകുന്നത്. ഞാന്‍ അഭിനയിച്ചുകൊണ്ടേയിരിക്കും. എന്റെ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ- അനുപം ഖേര്‍ പറഞ്ഞു.
Content Highlights: anupam kher, bollywood, iffi 2022
Published: 23 Nov 2022, 04:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented