ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡ് സൂപ്പര്‍ താരം കെയിന്‍ വില്യംസണ്‍ ഏകദിന, ടി20 ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. വരും സീസണില്‍ ടീമുമായുള്ള കരാര്‍ പുതുക്കില്ലെന്നും വില്യംസണ്‍ ബുധനാഴ്ച അറിയിച്ചു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരും. 

To advertise here,

പുതിയ സീസണില്‍ കരാര്‍ പുതുക്കില്ലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമെന്ന സൂചനയാണ് വില്യംസണ്‍ നല്‍കുന്നത്. ക്രിക്കറ്റില്‍ താത്പര്യം കുറഞ്ഞിട്ടില്ലെന്നും ഭാവിയില്‍ കരാറില്‍ തിരിച്ചെത്താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പുതുതലമുറയ്ക്ക് വഴിമാറുന്നുവെന്നും കുടുംബത്തിനൊപ്പം കഴിയുന്നതിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തോ വിദേശത്തോ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇപ്പോഴുള്ള ആഗ്രഹം. ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. 2022-ല്‍ വില്യംസണ്‍ ടെസ്റ്റ് നായകപദവി ഒഴിഞ്ഞിരുന്നു.  

ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായതിനു പിന്നാലെയാണ് ക്യാപ്റ്റന്‍സി ഒഴിയുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെയുള്ള ടീമുകളോട് പരാജയപ്പെട്ടിരുന്നു. വില്യംസണെക്കൂടാതെ, ലോക്കി ഫെര്‍ഗൂസണും ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ പുതുക്കാന്‍ തയ്യാറായിട്ടില്ല. കിവീസിനെ 40 ടെസ്റ്റിലും 91 ഏകദിനത്തിലും 75 ടി-20യിലും നയിച്ചിട്ടുണ്ട്. വില്യംസണിന്റെ നായകത്വത്തിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ന്യൂസീലന്‍ഡ് നേടിയത്.