ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലിലെ സെഞ്ചുറി നേട്ടത്തോടെ റെക്കോഡിട്ട് ന്യൂസീലന്‍ഡ് താരം രചിന്‍ രവീന്ദ്ര. ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് രചിന്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ കുറിച്ചത്. 101 പന്തുകള്‍ നേരിട്ട താരം 108 റണ്‍സാണ് എടുത്തത്.
നേരത്തേ ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് മത്സരത്തിലും രചിന്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഒരു പതിപ്പില്‍ ഒന്നിലേറെ സെഞ്ചുറികള്‍ നേടുന്ന എട്ടാമത്തെ ബാറ്ററായിരിക്കുകയാണ് രചിന്‍. മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒന്നിലേറെ സെഞ്ചുറികള്‍ നേടുന്ന ആദ്യ ന്യൂസീലന്‍ഡ് ബാറ്ററെന്ന നേട്ടവും രചിന് സ്വന്തമായി.
സൗരവ് ഗാംഗുലി (2000), സയീദ് അന്‍വര്‍ (2000), ഹെര്‍ഷല്‍ ഗിബ്‌സ് (2002), ക്രിസ് ഗെയ്ല്‍ (2006), ഉപുള്‍ തരംഗ (2006), ഷെയ്ന്‍ വാട്ട്‌സണ്‍ (2009), ശിഖര്‍ ധവാന്‍ (2013) എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍. ഇതില്‍ ക്രിസ് ഗെയ്ല്‍ 2006-ല്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. പട്ടികയില്‍ ബാക്കിയുള്ളവരെല്ലാം രണ്ടു സെഞ്ചുറികള്‍ വീതം നേടിയവരാണ്.
2023-ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ മൂന്ന് സെഞ്ചുറികള്‍ നേടി വരവറിയിച്ച താരമാണ് രചിന്‍. ഇതിനോടകം 24-ാം വയസില്‍ തന്നെ ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസീലന്‍ഡിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം രചിന്‍ സ്വന്തമാക്കി കഴിഞ്ഞു. രചിന്റെ അഞ്ച് ഏകദിന സെഞ്ചുറികളും ഐസിസി ടൂര്‍ണമെന്റുകളിലായിരുന്നു.
Content Highlights: Rachin Ravindra creates history with two centuries in the Champions Trophy, becoming the first New Z
Published: 05 Mar 2025, 07:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented