ന്യൂഡല്‍ഹി: റംസാന്‍ മാസത്തില്‍ ഉപവാസം (നോമ്പ്) അനുഷ്ടിക്കാത്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ താരത്തിന് പിന്തുണയുമായി മുതിര്‍ന്ന ഗാനരചയിതാവ് ജാവേദ് അക്തര്‍. ഇന്ത്യ-ഓസ്‌ട്രേലിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ ഷമി എനര്‍ജി ഡ്രിങ്ക് കുടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ഉള്‍പ്പെടെയുള്ള മതപണ്ഡിതര്‍ ഷമിക്കെതിരേ കടുത്ത ഭാഷയില്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ഈ വിഷയത്തിലാണ് ഷമിക്ക് പൂര്‍ണ പിന്തുണയുമായി ജാവേദ് അക്തര്‍ രംഗത്തെത്തിയിരിക്കുന്നത്.

To advertise here,

'ഷമി സാഹെബ്, ദുബായിലെ ക്രിക്കറ്റ് മൈതാനത്തെ ഉച്ചതിരിഞ്ഞുള്ള കത്തുന്ന വെയിലിലെ നിങ്ങളുടെ വെള്ളം കുടിയില്‍ എന്തെങ്കിലും പ്രശ്‌നമുള്ള, പിന്തിരിപ്പന്‍മാരായ വിഡ്ഢികള്‍ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട', ജാവേദ് അക്തര്‍ എക്‌സില്‍ കുറിച്ചു. ഇതൊന്നും അവരെ ബാധിക്കുന്ന കാര്യമല്ല. നമുക്കെല്ലാം അഭിമാനമായ ഇന്ത്യന്‍ ടീമിലെ മികച്ച താരമാണ് നിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടും ഇസ്ലാം മതവിശ്വാസികള്‍ റമസാന്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍, ഷമി അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താരത്തിനെതിരേ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. എന്നാല്‍, താരത്തിന് ആരാധകരില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.

സ്വന്തം രാജ്യത്തിനുവേണ്ടിയാണ് മുഹമ്മദ് ഷമി കളിക്കുന്നതെന്നും ഇസ്ലാം മതത്തേക്കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും ഷമിയുടെ പരിശീലകന്‍ ബദ്റുദ്ദീന്‍ സിദ്ദിഖ് പ്രതികരിച്ചിരുന്നു. കുറ്റംപറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിനുവേണ്ടിയാണെന്ന് ഓര്‍ക്കണം. അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ബദ്റുദ്ദീന്‍ സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.