ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആദ്യ 30 മിനിറ്റ് ക്രൊയേഷ്യ നിറഞ്ഞ് കളിച്ചു. കൊവാച്ചിച്ചും ബ്രോസോവിച്ചും ലൂക്ക മോഡ്രിച്ചും പെരിസിച്ചുമെല്ലാം നിറഞ്ഞ് കളിച്ചതോടെ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്ക് തുടക്കത്തില്‍ കാഴ്ചക്കാരുടെ റോളായിരുന്നു. എന്നാല്‍ 32-ാം മിനിറ്റിലെ ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം തടയാനുള്ള ലിവാകോവിച്ചിന്റെ ശ്രമം ഒരു പെനാല്‍റ്റിയില്‍ കലാശിച്ചതോടെ ക്രൊയേഷ്യയുടെ പിടി അയഞ്ഞു. കിക്ക് വലയിലെത്തിച്ച് മെസ്സി അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചതോടെ പിന്നീട് കളത്തില്‍ കണ്ടത് മറ്റൊരു നീലപ്പടയെയായിരുന്നു. ഈ ലോകകപ്പിലെ ക്രൊയേഷ്യയുടെ കരുത്തായ മിഡ്ഫീല്‍ഡിനെ തകര്‍ത്തുകളഞ്ഞതായിരുന്നു കളിയിലെ അര്‍ജന്റീനയുടെ ആദ്യ ജയം.

To advertise here,

ഖത്തര്‍ ലോകകപ്പിലെ ഈ ക്രൊയേഷ്യന്‍ മുന്നേറ്റം അവരുടെ കടുത്ത ആരാധകര്‍ പോലും സ്വപ്‌നം കണ്ടിരുന്നോ എന്നത് സംശയമാണ്. സംശയമാണ്. ആദ്യ മത്സരത്തില്‍ തന്നെ താരതമ്യേന ദുര്‍ബലരെന്ന് കരുതപ്പെട്ടിരുന്ന മൊറോക്കോയോട് ഗോള്‍രഹിത സമനിലയോടെയായിരുന്നു ക്രോട്ടുകളുടെ തുടക്കം. അന്ന് അവരെയും മൊറോക്കോയേയും അളന്ന പലര്‍ക്കും തെറ്റിപ്പോയെന്ന് അവര്‍ തന്നെ പിന്നീടുള്ള മത്സരങ്ങളിലൂടെ തെളിയിച്ചു.

ക്രൊയേഷ്യയുടെ കാര്യമെടുത്താല്‍ അവര്‍ക്ക് നേരിട്ടുള്ള ഗോള്‍ സ്‌കോറിങ് ഓപ്ഷനുകളൊന്നുമില്ല. കഴിഞ്ഞ ലോകകപ്പിലെ പോലെ മരിയോ മാന്‍സുകിച്ചിനെ പോലൊരു ക്ലിനിക്കല്‍ സ്‌ട്രൈക്കര്‍ ഇത്തവണ ആ ടീമിനൊപ്പമില്ല. ടീമിനെ ഒറ്റയ്ക്ക് മുന്നോട്ടുനയിക്കാനും ടീം പതറുമ്പോള്‍ ഒറ്റയ്ക്ക് ഒരു മിന്നലാട്ടം കാണിക്കാനും പോന്ന കളിക്കാരനില്ല. സെറ്റ്പീസുകള്‍ എടുക്കുമ്പോള്‍ ബോക്‌സില്‍ എതിര്‍ ടീമിന് സമ്മര്‍ദം നല്‍കാന്‍ പോന്ന ആരും തന്നെയില്ല.

placeholder
Photo: Getty Images

എന്നിട്ടും ഖത്തര്‍ ലോകകപ്പില്‍ ക്രോട്ടുകള്‍ക്കെതിരേ കളിച്ച എതിരാളികളാരും തന്നെ ഒരുനിമിഷം പോലും സ്വസ്ഥതയോടെ പന്ത് തട്ടിയിട്ടില്ല. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ബ്രസീലിന് പോലും അതിന് സാധിച്ചിട്ടില്ല. മഞ്ഞപ്പടയുടെ സങ്കീര്‍ണമായ ആക്രമണ സംഘത്തിന് ക്രൊയേഷ്യന്‍ എന്‍ജിന് യാതൊരു കേടുപാടും വരുത്താനായില്ല. താരതമ്യേന മികവ് കുറഞ്ഞ ബ്രസീല്‍ മിഡ്ഫീല്‍ഡിലെ ഒരേയോരു അപകടമായിരുന്ന കാസെമിറോയെ ക്രോട്ടുകള്‍ കൃത്യമായി ഒറ്റപ്പെടുത്തി. അതുവഴി ഇടതുവിങ്ങിലെ അപകടകാരി വിനീഷ്യസ് ജൂനിയറിലേക്ക് പന്തുകളെത്തുന്നതിന് തടയിട്ടു. അതിന് സാധിക്കാതിരുന്നപ്പോഴെല്ലാം ഇടതുവിങ്ങിലെ പ്രതിരോധം ശക്തമാക്കി അവര്‍ ബോള്‍ സപ്ലെ തടഞ്ഞു. 11 സേവുകളുമായി ഡൊമിനിക് ലിവാകോവിച്ചും തിളങ്ങിയതോടെ ബ്രസീല്‍ ഗോളടിക്കാന്‍ വിയര്‍ത്തു.  സ്ലാറ്റ്‌കോ ഡാലിച്ചെന്ന ക്രൊയേഷ്യന്‍ കോച്ചിന്റെ തലയില്‍ വിരിഞ്ഞത് ആ 11 പേരും ചേര്‍ന്ന് അക്ഷരംപ്രതി മൈതാനത്ത് നടപ്പാക്കി.

എന്നാല്‍ കരുത്തുറ്റ ഈ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡിനെ തകര്‍ത്ത അര്‍ജന്റീനയുടെ തന്ത്രമാണ് ഇന്നത്തെ മത്സരത്തില്‍ വിജയം കണ്ടത്. ലയണല്‍ മെസ്സിയെ പൂട്ടാന്‍ ഒന്നിലേറെ താരങ്ങളെ നിയോഗിച്ച ക്രൊയേഷ്യന്‍ തന്ത്രം പാളിയത് അല്‍വാരസും പരേഡസും എന്‍സോ ഫെര്‍ണാണ്ടസും മക്കലിസ്റ്ററും ഇതിലൂടെ ലഭിച്ച സ്‌പേസ് കൃത്യമായി ഉപയോഗിച്ചതോടെയായിരുന്നു. ആദ്യ ഗോള്‍ വീണ് അഞ്ച് മിനിറ്റിനുള്ളില്‍ അല്‍വാരസിലൂടെ അര്‍ജന്റീന വീണ്ടും ലീഡെടുത്തതോടെ ക്രൊയേഷ്യ വിറച്ചു.

തങ്ങളുടെ മുന്നേറ്റത്തിലെ പോരായ്മ, മധ്യനിരയിലെ കരുത്ത് കൊണ്ട് മറികടക്കുക എന്നതായിരുന്നു ക്രൊയേഷ്യന്‍ തന്ത്രം. അവര്‍ പന്ത് കൈവശം വെയ്ക്കുകയും എതിരാളികളുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടുകയും ചെയ്യുന്നു. മാഴ്‌സെലോ ബ്രോസോവിച്ച് - മത്തിയോ കൊവാച്ചിച്ച് - ലൂക്ക മോഡ്രിച്ച്. ഇത്രയും മത്സരങ്ങളില്‍ ടീമിന്റെ മത്സരഫലം ഈ മൂവര്‍ സംഘത്തിന്റെ പ്രകടനത്തെ ആശ്രയിച്ചായിരുന്നു. എന്നാല്‍ അര്‍ജന്റീന പ്രസ്സിങ് ഗെയിമുമായി മുന്നോട്ടുപോയതോടെ മധ്യനിരയിലെ കളിമെനയല്‍ ക്രൊയേഷ്യയ്ക്ക് കൃത്യമായി നടപ്പാക്കാനായില്ല. 50-ാം മിനിറ്റില്‍ ബ്രോസോവിച്ചിനെ പിന്‍വലിച്ചത് അവരുടെ മിഡ്ഫീല്‍ഡ് തന്ത്രം അര്‍ജന്റീനയ്ക്ക് പൊളിക്കാന്‍ സാധിച്ചു എന്നതിന്റെ തെളിവായി.

ക്രൊയേഷ്യയുടെ ഈ മൂവര്‍ സംഘം പന്ത് കൈവശം വെയ്ക്കുന്നത് എതിര്‍ ടീമില്‍ സമ്മര്‍ദം ചെലുത്താനോ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി എതിര്‍ ഗോള്‍മുഖം വിറപ്പിക്കാനോ അല്ല. മറിച്ച് മത്സരത്തിന്റെ താളം നിയന്ത്രിച്ച് നിര്‍ത്താന്‍ വേണ്ടിയാണ്. മത്സരത്തിന്റെ വേഗവും താളവും തങ്ങളുടെ വഴിക്കാണെന്ന് ഉറപ്പിക്കുകയാണ് ഓരോ ത്സരത്തിലും ഈ മൂവര്‍സംഘം ചെയ്യുന്നത്. ബ്രസീലിനെ പോലെ മൈതാനത്ത് വേഗതകൊണ്ട് ഞെട്ടിക്കുന്ന ഒരു ടീമിനെതിരേ പോലും തങ്ങള്‍ ഉദ്ദേശിച്ച വേഗത്തിലും താളത്തിലുമായിരുന്നു കളിയുടെ ഒഴുക്കെന്ന് ക്രൊയേഷ്യ ഉറപ്പിച്ചത് ഈ മൂവര്‍ സംഘത്തിലൂടെയായിരുന്നു. എന്നാല്‍ ഡി പോള്‍ ഫോമിലായി അര്‍ജന്റീനിയന്‍ മധ്യനിര ഉണര്‍ന്നുകളിച്ചതോടെ കളിയുടെ വേഗം തങ്ങളുടെ വഴിക്കാക്കുന്ന ക്രൊയേഷ്യയുടെ പദ്ധതി പൊളിഞ്ഞു. എതിര്‍ ടീം മുന്നേറ്റങ്ങള്‍ക്ക് തടയിട്ട് കളി താമസിപ്പിച്ച് എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോകുന്ന ക്രൊയേഷ്യന്‍ പതിവ് മുന്നില്‍ കണ്ട് കൃത്യമായ ഗെയിംപ്ലാനോടെയാണ് ലയണല്‍ സ്‌കലോണി ടീമിനെ മൈതാനത്തേക്കിറക്കിവിട്ടത്. ആദ്യ 30 മിനിറ്റുകള്‍ക്ക് ശേഷം അവരത് മൈതാനത്ത് അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്തു.

ടൂര്‍ണമെന്റ് പകുതി പിന്നിട്ടപ്പോള്‍ തന്നെ തങ്ങളുടെ മിഡ്ഫീല്‍ഡില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തിയ അര്‍ജന്റീന. എന്‍സോ ഫെര്‍ണാണ്ടസിനെ കൊണ്ടുവന്ന് അവര്‍ മിഡ്ഫീല്‍ഡിന്റെ കരുത്ത് വര്‍ധിപ്പിച്ചു. ഓരോ മത്സരം കഴിയുംതോറും അവര്‍ മെച്ചപ്പെട്ട് മെച്ചപ്പെട്ട് വരുന്നു. മിഡ്ഫീല്‍ഡിലെ ഈ മാറ്റം തന്നെയാണ് സെമിയിലും അര്‍ജന്റീനയെ തുണച്ചത്. അര്‍ജന്റീന മെസ്സിയെന്ന അച്ചുതണ്ടിന് ചുറ്റും കറങ്ങുന്ന ടീമാണെന്ന ധാരണയാവാം ഒരുപക്ഷേ ക്രൊയേഷ്യയ്ക്ക് വിനയായത്. മെസ്സിയിലേക്കും മെസ്സിയില്‍ നിന്നുമുള്ള ബോള്‍ സപ്ലെ ഇല്ലാതാക്കാന്‍ അവര്‍ ഇന്ന് കൂടുതല്‍ ശ്രമിച്ചു. അതിലൂടെ മിഡ്ഫീല്‍ഡില്‍ രൂപപ്പെട്ട സ്‌പേസ് കൃത്യമായി ഉപയോഗപ്പെടുത്താന്‍ മറ്റ് താരങ്ങള്‍ക്കായതോടെ ക്രൊയേഷ്യ മത്സരത്തില്‍ നിന്നുതന്നെ മാഞ്ഞുപോയി.