ആഗോള രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും, കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും വേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ച അഭിമാന പദ്ധതിയാണ് നോളേജ് എക്കണോമി മിഷന്‍. ദേശീയ- അന്തര്‍ദ്ദേശീയ തലത്തില്‍ ധാരാളം നവലോകതൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. 

To advertise here,

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് ഇവ പരമാവധി ഉപയോഗപ്പെടുത്തി നൈപുണ്യ പരിശീലനം നല്‍കി അവരെ തൊഴില്‍സജ്ജരാക്കുകയും ആഗോള തൊഴില്‍ വിപണിയില്‍ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയുമാണ് മിഷനു കീഴിലുള്ള ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ചെയ്യുന്നത്. 

ലോകമെമ്പാടുമുള്ള വൈജ്ഞാനിക തൊഴിലുകളും അനുയോജ്യരായ തൊഴിലാളികളും നൈപുണ്യ പരിശീലന ഏജന്‍സികളും കൂടിച്ചേരുന്ന ഇടമാണ് ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം. തൊഴിലന്വേഷകരുടെ കഴിവിനും ശേഷിക്കും താല്‍പര്യത്തിനുമനുസരിച്ച് ഇഷ്ടമുള്ള തൊഴിലിടം തെരഞ്ഞെടുക്കാം. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍മേഖലയുടെ ആവശ്യകതയ്ക്കനുസരിച്ച് നൈപുണ്യം വര്‍ധിപ്പിച്ച് തൊഴില്‍ശേഷി മെച്ചപ്പെടുത്താനും ജോലിസാധ്യത വര്‍ധിപ്പിക്കാനുമുള്ള പരിശീലനവും നല്‍കും. തൊഴിലുടമകള്‍ തങ്ങള്‍ക്കു പറ്റിയ തൊഴിലന്വേഷകരെ ഇവിടെനിന്ന് കണ്ടെത്തുകയാണ് ചെയ്യുക. 

അവരവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് ഇഷ്ടമുള്ളിടത്തുനിന്ന് സൗകര്യപ്രദമായ സമയത്ത് തൊഴില്‍ സ്വീകരിച്ച് അതിനുള്ള പ്രതിഫലം പറ്റുന്ന ഗിഗ്, ഫ്രീലാന്‍സിംഗ്, വിജ്ഞാന തൊഴിലുകളിലേക്ക്  അഭ്യസ്ഥവിദ്യരെ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ഐടി, ഐടിസേവന മേഖലകള്‍ക്കുമപ്പുറം ധനകാര്യ സേവനങ്ങളോ നിയമം, ചെറുകിട വ്യാപാരം, ഉല്‍പാദനം, കൃഷി, ലോജിസ്റ്റിക്സ്, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി പ്രധാന മേഖലകളിലെയെല്ലാം ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടും. അതിലേറെയും വൈദഗ്ദ്ധ്യം ആവശ്യമുള്ള വിജ്ഞാന തൊഴിലുകളാണ്. 
 
തൊഴില്‍രഹിതരുടെ എണ്ണത്തിന് ആനുപാതികമായി സര്‍ക്കാര്‍- പൊതുമേഖല- സഹകരണ മേഖലകളിലൊന്നും തസ്തികളിലില്ല. 2019ലെ ഇക്കണോമിക് റിവ്യൂവിന്റെ കണക്കുകള്‍ പ്രകാരം തൊഴില്‍രഹിതരായ 45 ലക്ഷംപേരാണ് കേരളത്തിലുള്ളത്. കേരളത്തിലെ തൊഴിലന്വേഷകരില്‍ 22 ലക്ഷംപേരും പ്ലസ്ടുവിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. വരുന്ന നാലു വര്‍ഷംകൊണ്ട് സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ പരമാവധി സൃഷ്ടിക്കാനാകുക രണ്ടുലക്ഷം മാത്രം തൊഴിലവസരങ്ങളാണ്. തൊഴിലന്വേഷകരില്‍ നല്ലൊരു പങ്കും മറ്റ് മെച്ചപ്പെട്ട ജോലികളിലേക്ക് തിരിയേണ്ടിവരുമെന്നര്‍ഥം. 

2020 മാര്‍ച്ച്  31-ലെ കണക്ക് പ്രകാരം 34.24 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നുണ്ട്. യോഗ്യതകള്‍ക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തവരും (അണ്ടര്‍എംപ്ലോയ്‌മെന്റ്), ജോലി നഷ്ടപ്പെട്ടവരും കോവിഡ് മഹാമാരിയുടെ ഭാഗമായി മടങ്ങിവന്ന പ്രവാസികളും വിവിധ പ്രൊഫഷണല്‍ കോഴ്സ് പാസായി ജോലിക്ക് പോകാതെ ഇരിക്കുന്ന വീട്ടമ്മമാരുമൊക്കെയാണ് ഇന്ന് കേരളത്തിലെ തൊഴില്‍സേനയുടെ ഭാഗമായുള്ളത്. ഏതാണ്ട് 15 ലക്ഷം ആളുകള്‍ നേരത്തെതന്നെ വിവിധ വൈദഗ്ധ്യ തൊഴിലുകളില്‍ ഏര്‍പ്പെട്ടവരും ഔപചാരികമായി നൈപുണ്യ പരിശീലനം നേടിയവരുമാണ്. ഇവരുടെയെല്ലാം അഭിരുചിക്കും നൈപുണ്യത്തിനും അനുഭവസമ്പത്തിനും അനുയോജ്യമായതും ഇന്നത്തെ ലോകതൊഴില്‍മേഖലയില്‍വന്ന മാറ്റങ്ങള്‍ക്കും കോവിഡാനന്തര സമ്പദ് വ്യവസ്ഥയുടെ പുതിയ സാഹചര്യങ്ങള്‍ക്കും അനുസൃതമായ സംരംഭങ്ങളിലും മേഖലകളിലും എത്തിപ്പെടാനുള്ള സാധ്യത ഒരുക്കുകയാണ് നോളജ് എക്കണോമി മിഷന്‍ ചെയ്യുക.