ഫ്‌ളോറിഡ: കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ കീഴടക്കി കിരീടം നേടിയതോടെ ക്ലബ്ബിനും രാജ്യത്തിനുമായി അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ കരിയറിലെ കിരീട നേട്ടങ്ങള്‍ 45-ല്‍ എത്തിയിരിക്കുകയാണ്. ബ്രസീലിന്റെ മുന്‍ താരം ഡാനി ആല്‍വസിനെയാണ് ഇക്കാര്യത്തില്‍ മെസ്സി മറികടന്നത്.

To advertise here,

ഇത്തവണ കോപ്പയിലേത് അര്‍ജന്റീനയുടെ 16-ാം കിരീട നേട്ടമായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക കിരീടങ്ങള്‍ നേടുന്ന ടീമായി അര്‍ജന്റീന മാറി. യുറഗ്വായുടെ റെക്കോഡാണ് മെസ്സിയും സംഘവും മറികടന്നത്.

മുമ്പ് കിരീട നേട്ടങ്ങളുടെ പേരില്‍ പഴികേട്ടിരുന്ന മെസ്സി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അര്‍ജന്റീനയ്‌ക്കൊപ്പം നേടിയിരിക്കുന്നത് നാല് മേജര്‍ കിരീടങ്ങളാണ്. 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ, 2022 ലോകകപ്പ്, ഇപ്പോഴിതാ കോപ്പയില്‍ ഒരു കിരീടം കൂടി. ക്ലബ്ബ് കരിയറില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും 10 ലാ ലിഗ കിരീടങ്ങളും മെസ്സിയുടെ അക്കൗണ്ടിലുണ്ട്. ഇക്കാലത്തിനിടെ എട്ട് ബാലണ്‍ദ്യോറും ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുകയും ചെയ്തു മെസ്സി. കരിയറില്‍ 1068 മത്സരങ്ങളില്‍ നിന്നായി 838 ഗോളുകളും 374 അസിസ്റ്റുകളും മെസ്സിയുടെ പേരിലുണ്ട്.

കരിയറിലെ 45 കിരീടങ്ങളില്‍ 39-ഉം മെസ്സി നേടിയിരിക്കുന്നത് ക്ലബ്ബ് തലത്തിലാണ്. അതില്‍ മിക്കതും ബാഴ്‌സലോണയ്‌ക്കൊപ്പം തന്നെ. ബാഴ്‌സയ്‌ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങള്‍, പിഎസ്ജിക്കൊപ്പം രണ്ട് ലീഗ് വണ്‍ കിരീടങ്ങള്‍, ബാഴ്‌സയ്‌ക്കൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ്, ബാഴ്‌സയ്‌ക്കൊപ്പം 15 പ്രാദേശിക കിരീടങ്ങള്‍, പിഎസ്ജിക്കൊപ്പവും ഇന്റന്‍ മയാമിക്കൊപ്പവും ഓരോ പ്രാദേശിക കിരീടങ്ങള്‍ വീതം. ഇതോടൊപ്പം മൂന്ന് തവണ യുവേഫ സൂപ്പര്‍ കപ്പും മൂന്ന് തവണ ക്ലബ്ബ് ലോകകപ്പും നേടി. അര്‍ജന്റീനയ്‌ക്കൊപ്പം 2005-ലെ അണ്ടര്‍ 20 ലോകകപ്പും 2008-ലെ ഒളിമ്പിക് സ്വര്‍ണവും നേടിയിട്ടുണ്ട് മെസ്സി.