ലയണല്‍ മെസ്സിയോടുള്ള അടുപ്പത്തിന്റെ തണലില്‍ ടീമില്‍ത്തുടരുന്നയാള്‍ എന്ന പരിഹാസം നേരിട്ടിട്ടുണ്ട് എയ്ഞ്ചല്‍ ഡി മരിയ. മെസ്സിയുടെ കൂട്ടുകാര്‍ എന്നു പരിഹസിച്ച് 'ഫ്രണ്ട്‌സ് എഫ്.സി.'യില്‍ മരിയയെയും വിമര്‍ശകര്‍ അംഗമാക്കി. ഗോണ്‍സാലോ ഹിഗ്വയ്‌നും സെര്‍ജിയോ അഗ്യൂറോയുമായിരുന്നു ഫ്രണ്ട്‌സ് എഫ്.സി.യിലെ 'മറ്റംഗങ്ങള്‍'. വിമര്‍ശകര്‍ക്കു പക്ഷേ, മെസ്സിയുടെയും മരിയയുടെയും കാര്യത്തില്‍ അടിമുടി തെറ്റി. ഇവരിരുവരുംചേര്‍ന്ന ഫ്രണ്ട്‌സ് എഫ്.സി.യുടെ കാലമാണിപ്പോള്‍.

To advertise here,

കാനഡയ്‌ക്കെതിരായ സെമിഫൈനല്‍ മത്സരത്തിനുമുമ്പ് ടീം മീറ്റിങ്ങില്‍ സംസാരിക്കവേ മെസ്സി പറഞ്ഞു; ''മരിയയ്ക്കുവേണ്ടി ഈ കിരീടം നമുക്കു നേടിയേ തീരൂ''. അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുമെന്ന് മരിയ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു മെസ്സിയുടെ പ്രസംഗം. ഈറന്‍ മിഴികളുമായി ടീം മീറ്റിങ്ങിലിരുന്ന മരിയയെ മെസ്സി ചേര്‍ത്തുപിടിച്ചു.

മെസ്സിയുടെ നിഴലിലൊതുങ്ങിപ്പോയ കരിയറാണ് മരിയയുടേത്. ഒരേ നാട്ടുകാര്‍, സമപ്രായക്കാര്‍. കളിക്കളത്തിലെ പ്രകടനങ്ങളിലും നേട്ടങ്ങളിലും ഒപ്പത്തിനൊപ്പം. ഒരേകാലത്ത് യൂറോപ്യന്‍ ക്ലബ്ബുകളിലെ വിലകൂടിയ താരങ്ങളായി. ഇതൊക്കെയാണെങ്കിലും അര്‍ജന്റീനയുടെ അച്ചുതണ്ട് മെസ്സിയെച്ചുറ്റി കറങ്ങിക്കൊണ്ടിരുന്നു. അതിനൊപ്പം കറങ്ങുകയല്ലാതെ മരിയയ്ക്കും വേറെ വഴിയുണ്ടായിരുന്നില്ല.

2007-ലെ യൂത്ത് ലോകകപ്പിലാണ് മരിയയുടെ തുടക്കം. ആ കിരീടത്തിനുശേഷം അര്‍ജന്റീന നേടിയ എല്ലാ കിരീടങ്ങളിലും കിരീടനഷ്ടങ്ങളിലും മെസ്സിക്കൊപ്പം മരിയയുമുണ്ട്. മെസ്സിയുള്‍പ്പെട്ട അര്‍ജന്റീന കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നേടിയത് അഞ്ചു കിരീടങ്ങളാണ്. 2008-ലെ ഒളിമ്പിക് സ്വര്‍ണമായിരുന്നു ആദ്യം. പിന്നീട് മൂന്നു ഫൈനല്‍ ദുരന്തങ്ങള്‍ക്കുശേഷം 2021-ലെ കോപ്പയിലൂടെ കിരീടവഴിയിലേക്കു തിരിച്ചുവന്നു. 2022-ലെ ഖത്തര്‍ ലോകകപ്പിലും യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്കെതിരായ ഫൈനലിസീമയിലും മെസ്സി കപ്പുയര്‍ത്തി. പിന്നാലെയിതാ കൊളംബിയയെ തകര്‍ത്ത് വീണ്ടുമൊരു കോപ്പ കിരീടവും.

അര്‍ജന്റീന ജേതാക്കളായ അഞ്ചില്‍ നാലു ഫൈനലുകള്‍ക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു. ആ നാല് മത്സരങ്ങളിലും ഗോള്‍ സ്‌കോര്‍ ചെയ്തയാള്‍ എയ്ഞ്ചല്‍ ഡി മരിയയായിരുന്നു. ഒളിമ്പിക്‌സില്‍ നൈജീരിയക്കെതിരേയും കോപ്പയില്‍ ബ്രസീലിനെതിരേയും അര്‍ജന്റീന നേടിയ ഏക ഗോള്‍ മരിയയുടെ വകയായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരേയും ഫൈനലിസീമയില്‍ ഇറ്റലിക്കെതിരേയും ആ ബൂട്ടുകള്‍ ഗോള്‍ കണ്ടെത്തി.

അര്‍ജന്റീനയ്ക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരങ്ങളിലൊരാളാണ് മരിയ. അന്താരാഷ്ട്ര ഗോള്‍നേട്ടത്തില്‍ ആറാം സ്ഥാനത്തുമുണ്ട്. വിമര്‍ശകര്‍ എത്രയേറെ പരിഹസിച്ചാലും ദേശീയടീമില്‍ മെസ്സിയുടെ ഏറ്റവുമടുത്ത സുഹൃത്തും മരിയതന്നെ.