
പ്രണയം ഒരാളെ ധൈര്യശാലിയാക്കും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. പ്രണയം തുറന്നുപറയുന്നതിലാണ് ബുദ്ധിമുട്ട്. പറഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ സ്വന്തം പ്രണയം എതിര്‍വശത്തുള്ളയാള്‍ക്ക് മനസിലായിക്കഴിഞ്ഞാല്‍ പിന്നെ ധൈര്യമായി. അവളെ സന്തോഷിപ്പിക്കാന്‍, അവള്‍ക്കായി അവന്‍ ഏതറ്റം വരെയും പോകും. ഈ ഘടകങ്ങളെ ഒത്തിണക്കിയാണ് നവാഗതനായ ആല്‍വിന്‍ ഹെന്റി ക്രിസ്റ്റി എന്ന ചിത്രമൊരുക്കിയിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നതാകട്ടെ മലയാളസാഹിത്യത്തിലെ തന്നെ താരത്തിളക്കങ്ങളായ ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും.
റോയ് എന്ന കൗമാരക്കാരന് അവന്റെ ട്യൂഷന്‍ ടീച്ചറായ ക്രിസ്റ്റിയോട് തോന്നുന്ന പ്രണയമാണ് ആത്യന്തികമായി ചിത്രത്തിന്റെ പ്രമേയം. ക്രിസ്റ്റിയെ കാണുമ്പോള്‍ ആദ്യം ഭയമാണ് റോയിക്ക് തോന്നുന്നത്. പക്ഷേ ആ ഭയമാണ് അവനില്‍ പിന്നീട് പ്രണയത്തിന്റെ വിത്തുപാകുന്നതും ധൈര്യവാനാക്കുന്നതും. പ്രണയകഥയിലൂടെ ക്രിസ്റ്റിയുടേയും റോയിയുടേയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും ചിത്രം ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.
തിരുവനന്തപുരം പൂവാറാണ് കഥാപശ്ചാത്തലം. ഒരു തീരദേശഗ്രാമത്തില്‍ കൂട്ടുകാര്‍ക്കൊപ്പം യാതൊരുവിധ ഉത്തരവാദിത്വങ്ങളുമില്ലാതെ ഉല്ലസിച്ച് നടക്കുന്ന റോയിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അതിഥിയാണ് ക്രിസ്റ്റി. ഒരുഘട്ടത്തില്‍ ക്രിസ്റ്റിയെ വിട്ടുപിരിയാന്‍ പറ്റാത്ത സാഹചര്യവും റോയിയുടെ ജീവിതത്തിലുണ്ടാവുന്നുണ്ട്. അധികം വളച്ചുകെട്ടലുകളില്ലാതെ റോയിയുടേയും ക്രിസ്റ്റിയുടേയും അവരെ ചുറ്റിനില്‍ക്കുന്നവരുടേയും കഥകളിലേക്ക് ചിത്രം നേരിട്ട് കടക്കുന്നുണ്ട്. ഒരു കൊച്ചുകഥയെ ഗിമ്മിക്കുകളില്ലാതെ പച്ചയായി അവതരിപ്പിക്കുകയാണ് സംവിധായകനും കൂട്ടരും.
ഏറ്റവും എടുത്തുപറയേണ്ടത് റോയിയുടേയും ക്രിസ്റ്റിയുടേയും പ്രണയം ലളിതമായും അതേസമയം തീവ്രമായും കാണിച്ചിട്ടുണ്ട് എന്നതാണ്. ഇരുവരും അനുഭവിക്കുന്ന സന്തോഷവും വേദനയും കൃത്യമായ അളവില്‍ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. കഥ നടക്കുന്ന കാലത്തെ കല്ലുകടിയില്ലാതെ ബിംബങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നതും പ്രത്യേകം പറയണം. റോയി വരുന്ന ചില രംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ കാലം ഏതെന്ന് സുവ്യക്തമായി പ്രേക്ഷകന് മനസിലാവും.
പ്രകടനങ്ങളില്‍ മാത്യു തോമസ് അവതരിപ്പിച്ച റോയിയും മാളവിക മോഹനന്‍ അവതരിപ്പിച്ച ക്രിസ്റ്റിയും തന്നെയാണ് ആദ്യം പരാമര്‍ശിക്കേണ്ടത്. റോയ് എന്ന കൗമാരക്കാരന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ മാത്യൂ മികച്ചതാക്കി. ട്യൂഷന്‍ ടീച്ചറുടെ മുന്നില്‍ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് ഇഷ്ടപ്പെടുന്നയാള്‍ക്കായി ഏതറ്റം വരെയും പോകുന്ന, എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവുന്ന കാമുകനിലേക്കുള്ള റോയിയുടെ മാറ്റം മാത്യൂ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. റോയിയുടെ പ്രണയത്തിന്റെ ആഴമറിയുന്ന, റോയിയുടെ പ്രണയത്തിന് മുന്നില്‍ നിസ്സഹായായി നില്‍ക്കുന്ന ക്രിസ്റ്റിയായി മാളവികയും മികച്ചുനിന്നു.
എന്തിനും നെഗറ്റീവ് കാണുന്ന ക്രിസ്റ്റിയുടെ അച്ഛനായി ജോയ് മാത്യുവും നീനാ കുറുപ്പിന്റെ അമ്മവേഷവും നന്നായിത്തന്നെ വന്നിട്ടുണ്ട്. രാജേഷ് മാധവന്‍ അവതരിപ്പിച്ച വികാരി ഇടയ്ക്ക് നര്‍മം വിതറുന്നുണ്ട്. മഞ്ജു പത്രോസ്, മുത്തുമണി, വീണാ നായര്‍, ബെന്യാമിന്‍ എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ആനന്ദ് സി ചന്ദ്രന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവിഭാഗവും മികച്ചതായി. ഗാനങ്ങളേക്കാള്‍ റോയ്-ക്രിസ്റ്റി പ്രണയരംഗങ്ങളില്‍ വരുന്ന പശ്ചാത്തലസംഗീതം തിയേറ്ററില്‍ നിന്നിറങ്ങിയാലും മനസില്‍ തങ്ങിനില്‍ക്കും. പ്രണയം മനസില്‍ സൂക്ഷിക്കുന്ന ഏവര്‍ക്കും കണ്ടിറങ്ങാം ഈ പ്രണയകാവ്യം.
Content Highlights: christy review, mathew thomas and malavika mohanan movie christy
Published: 17 Feb 2023, 01:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented