ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് കളിക്കാനുള്ള യോഗ്യത പോലും ടീമിനില്ലെന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും നടുവിലൂടേയാണ് അന്നാ പതിനൊന്നുപേര്‍ മൈതാനത്തിറങ്ങിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തുകൊണ്ട്. പ്രതീക്ഷിക്കാന്‍ വകയുള്ള യാതൊന്നും ആ നിരയിലുണ്ടെന്ന് ആരാധകര്‍ക്ക് പോലും തോന്നിയിരുന്നില്ല. പിന്നെ ഏറ്റുമുട്ടിയ വമ്പന്മാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കിയതും വിമര്‍ശകരുടെ വായടപ്പിച്ചതും വിശ്വകിരീടത്തില്‍ മുത്തമിട്ടതുമെല്ലാം ചരിത്രമാണ്. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഒരു കാലത്തും ഭേദിക്കാനാവാത്ത ചരിത്രം.
പ്രതാപവും പകിട്ടുമൊന്നുമില്ലാത്ത ഇന്ത്യന്‍ നിരയുടെ ചരിത്രമെഴുതിയ ചെകുത്താന്മാരിലേക്കുള്ള പരകായപ്രവേശത്തിനാണ് ലോകം സാക്ഷിയായത്. കപിലും മദന്‍ ലാലും മൊഹീന്ദര്‍ അമര്‍നാഥുമടക്കം പോരാളികളൊരുപാടുണ്ടായിരുന്നു കൂട്ടത്തില്‍. എന്നാല്‍ ആ ചെകുത്താന്‍കൂട്ടത്തിലെ ഏറ്റവും ശാന്തനായ പോരാളി ആരായിരിക്കും? അത് യശ്പാല്‍ ശര്‍മ്മയെന്ന പഞ്ചാബുകാരനാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. കൂട്ടത്തിലെ ഏറ്റവും തമാശക്കാരനും ഒരു പക്ഷേ യശ്പാല്‍ തന്നെയാവും. സമ്മര്‍ദത്താല്‍ നെഞ്ചിടിപ്പേറുന്ന ഘട്ടങ്ങളിലും തന്റെ സ്വതസിദ്ധമായ ശാന്തത കൈവിടാതെയാണയാള്‍ ബാറ്റേന്തിയത്. അങ്ങനെ അയാള്‍ നിറഞ്ഞുനിന്ന മൂന്ന് മത്സരങ്ങളാണ് ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായത്. കപിലിന്റെ അപരാജിത 175-നും മദന്‍ ലാലിന്റെ വിക്കറ്റ് വേട്ടയ്ക്കും മൊഹീന്ദര്‍ അമര്‍നാഥിന്റെ സെമി, ഫൈനല്‍ ഹീറോയിസത്തിനുമൊപ്പം യശ്പാലിന്റെ ഇന്നിങ്‌സുകളെ ചേര്‍ത്തുവെച്ചുകൊണ്ടല്ലാതെ ഇന്ത്യയുടെ വിജയചരിതത്തെ അടയാളപ്പെടുത്താനാകില്ല.
ലോകചാമ്പ്യന്‍മാര്‍ക്ക് മുന്നില്‍ നിര്‍ഭയത്തോടെ...
ആദ്യ രണ്ടു ലോകകപ്പുകളും സ്വന്തമാക്കിയ ചരിത്രവും പേറിയാണ് വെസ്റ്റ് ഇന്‍ഡീസ് 1983-ലെ മൂന്നാം ലോകകപ്പിനെത്തുന്നത്. രണ്ടു ലോകകപ്പിലും ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് വിന്‍ഡീസ് കുതിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയായിരുന്നു വിന്‍ഡീസിന്റെ എതിരാളികള്‍. ക്ലൈവ് ലോയ്ഡും വിവിയന്‍ റിച്ചാര്‍ഡ്‌സുമെല്ലാം അടങ്ങിയ വിന്‍ഡീസ് സംഘത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലും ഇന്ത്യയ്ക്ക് കരുതുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ്‌ട്രോഫോഡില്‍ പ്രവചനങ്ങളെല്ലാം തെറ്റി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് കിട്ടിയത്. ടീം സ്‌കോര്‍ 21-ല്‍ നില്‍ക്കേ 14 റണ്‍സെടുത്ത ശ്രീകാന്ത് പുറത്തായി. 19 റണ്‍സെടുത്ത സുനില്‍ ഗാവസ്‌കറും 21 റണ്‍സെടുത്ത മൊഹീന്ദര്‍ അമര്‍നാഥും കൂടാരം കയറിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 76-3 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് യശ്പാല്‍ ശര്‍മ്മ മൈതാനത്തിറങ്ങുന്നത്. അവിടെ നിന്നാണ് ഇന്ത്യയുടെ വിപ്ലവത്തിന് തുടക്കമാവുന്നത്. സന്ദീപ് പാട്ടീലുമൊത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ച യശ്പാല്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തി. 36 റണ്‍സെടുത്ത സന്ദീപ് പാട്ടീലും ആറ് റണ്‍സ് മാത്രമെടുത്ത നായകന്‍ കപില്‍ ദേവും മടങ്ങുമ്പോഴും സ്വതസിദ്ധമായ ശാന്തതയോടെ യശ്പാല്‍ ക്രീസിന്റെ ഒരറ്റത്ത് നിലയുറപ്പിച്ചു. പിന്നീടിറങ്ങിയ റോജര്‍ ബിന്നിയുമൊത്ത് 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് അയാള്‍ പടുത്തുയര്‍ത്തിയത്. ഒടുവില്‍ മൈക്കല്‍ ഹോള്‍ഡിങ്ങിന്റെ പന്തില്‍ യശ്പാല്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 243-ല്‍ എത്തിയിരുന്നു. 89-റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 60-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 262-നാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 228 റണ്‍സിന് ഓള്‍ഔട്ടായതോടെ ലോകകപ്പ് ചരിത്രത്തിലെ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ പരാജയമായി കൂടി അത് രേഖപ്പെടുത്തപ്പെട്ടു. ലോകചാമ്പ്യന്‍മാരെ ഞെട്ടിച്ചുകൊണ്ട് കപിലും സംഘവും തലയുയര്‍ത്തി നിന്നു. മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍, ആന്‍ഡി റൊബേര്‍ട്‌സ്, ജോയല്‍ ഗാര്‍നര്‍ എന്നിവരടങ്ങിയ കരുത്തുറ്റ ബൗളിങ്‌നിരയ്ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യശ്പാല്‍ ശര്‍മ്മ മത്സരത്തിലെ പ്ലയര്‍ ഓഫ് ദ മാച്ചായാണ് മടങ്ങിയത്. മത്സരത്തിലെ ടോപ് സ്‌കോററും മറ്റാരുമായിരുന്നില്ല. ഈ വിജയം ഫ്‌ളൂക്കാണെന്ന് പറഞ്ഞ് നിരവധിപേര്‍ രംഗത്തെത്തി. ഇത് തങ്ങളെ കൂടുതല്‍ വാശിയിലാക്കിയെന്നാണ് യശ്പാല്‍ പിന്നീട് പ്രതികരിച്ചത്.
ഓസീസിനെതിരേ യശ്പാലിന്റെ രക്ഷാപ്രവര്‍ത്തനം...
ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാനഗ്രൂപ്പ് മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. ഗ്രൂപ്പ് ബി യില്‍ നിന്ന് വിന്‍ഡീസ് നേരത്തേ ചാമ്പ്യന്മാരായി സെമിയിലേക്ക് മുന്നേറി. രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനായിരുന്നു ഇന്ത്യയും ഓസീസും പോരടിച്ചത്. ഗ്രൂപ്പിലെ ആദ്യ മുഖാമുഖത്തില്‍ ഓസ്‌ട്രേലിയ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാമങ്കത്തില്‍ ഓസീസിന് കാലിടറി. 118-റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ഇന്ത്യ സെമിയിലേക്ക് മുന്നേറി. ഇന്ത്യയുടെ ടോപ് സ്‌കോററും യശ്പാല്‍ ശര്‍മ്മ തന്നെയായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരേ 54-2 എന്ന ഘട്ടത്തിലാണ് യശ്പാല്‍ ബാറ്റ് ചെയ്യാനെത്തുന്നത്. ജെഫ് തോംസണ്‍, റോഡ്‌നി ഹോഗ് എന്നിങ്ങനെ വിക്കറ്റ് വേട്ടക്കാരുടെ അപകടമൊളിപ്പിച്ച പന്തുകളെല്ലാം പതറാതെ യശ്പാല്‍ നേരിട്ടു. തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ യശ്പാല്‍ രക്ഷാപ്രവര്‍ത്തകനായി മാറുന്നതാണ് കണ്ടത്. 40 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത് യശ്പാല്‍ കൂടാരം കയറുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 150-കടന്നിരുന്നു. മത്സരത്തിന്റെ തന്നെ ഗതി മാറ്റുന്നതായിരുന്നു യശ്പാലിന്റെ ഇന്നിങ്‌സ്. ഇന്ത്യ 248 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 129 റണ്‍സിന് ഓള്‍ഔട്ടായതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി. നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് റോജര്‍ ബിന്നിയും മദന്‍ ലാലും ഓസീസ് നിരയെ തരിപ്പണമാക്കി.
കളിയുടെ ഒഴുക്ക് മനസിലാക്കിയുള്ള കളിക്കാരന്റെ മുന്നോട്ടുപോക്ക് എല്ലായിപ്പോഴും പ്രധാനമാണ്. അവിടെ കളിക്കാരന് പിഴയ്ക്കുമ്പോള്‍ ടീം ഒന്നടങ്കം പ്രതിരോധത്തിലാകും. അത്തരത്തില്‍ കളിയെ മനസ്സിലാക്കി തീരുമാനമെടുക്കുന്നതിലും ബാറ്റ് ചെയ്യുന്നതിലും യശ്പാല്‍ മികവ് പുലര്‍ത്തി. ടൂര്‍ണമെന്റിലുടനീളം അത്തരത്തില്‍ വേറിട്ടുനില്‍ക്കുന്നതായിരുന്നു അയാളുടെ ഇന്നിങ്‌സുകള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരേ ടോപ് സ്‌കോററായി ഇന്ത്യയ്ക്ക് സെമി പ്രവേശം സാധ്യമാക്കുന്ന യശ്പാല്‍ ടീമിന്റെ കുതിപ്പിന് വലിയ കരുത്താണ് പകര്‍ന്നത്. ഒരു പക്ഷേ ഇന്ത്യ ഈ മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ ഇരുടീമുകള്‍ക്കും പോയന്റ് തുല്യമാകുകയും മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ സെമിയിലേക്ക് കടക്കുകയും ചെയ്‌തേനെ. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ലോകകപ്പ് കിരീടത്തിന് രണ്ട് വിജയം മാത്രം ദൂരത്തിലായി.
ഇംഗ്ലണ്ടിനെ തകര്‍ത്ത ഇന്നിങ്‌സ്, പിന്മാറിയ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച്...
സെമി ഫൈനലില്‍ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തില്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. ഇന്ത്യയ്‌ക്കെതിരേ മികച്ച തുടക്കം ലഭിച്ചതോടെ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലെത്തുമെന്നാണ് ഒട്ടുമിക്കവരും കരുതിയത്. ഓപ്പണര്‍മാരായ ഗ്രെയിം ഫൗളര്‍(33), ക്രിസ് ടവാരെ(32) എന്നിവരെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക് വഴുതിവീണു. പിന്നീട് വന്നവര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞതോടെ ഇംഗ്ലീഷ് പട 213 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
214 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് പൊരുതാനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം കിട്ടി. എന്നാല്‍ സുനില്‍ ഗാവസ്‌കറും(25) ക്രിസ് ശ്രീകാന്തും(19) മടങ്ങിയതോടെ ഇന്ത്യ പതറി. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലേക്ക് വീണു. ക്രീസിലിറങ്ങിയ യശ്പാല്‍, മൊഹീന്ദര്‍ അമര്‍നാഥുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ യശ്പാല്‍ കളിയുടെ നിയന്ത്രണമേറ്റെടുത്തു. ഇന്ത്യ താളം കണ്ടെത്തിയതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പ്രതിരോധത്തിലായി.
എന്നാല്‍ 46 റണ്‍സെടുത്ത അമര്‍നാഥ് റണ്‍ഔട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. സന്ദീപ് പാട്ടീല്‍ ക്രീസിലെത്തിയതോടെ ഇന്ത്യയുടെ സ്‌കോറിങ്ങിന് വേഗം കൂടി. വെടിക്കെട്ട് ബാറ്റിങ്ങോടെ സന്ദീപ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. യശ്പാലും സന്ദീപും ടീം സ്‌കോര്‍ 200-കടത്തി. യശ്പാല്‍ ശര്‍മ്മ 61 റണ്‍സെടുത്ത് പുറത്താകുമ്പോഴേക്കും ഇന്ത്യ ഏതാണ്ട് ജയവും കലാശപ്പോരിലേക്കുള്ള ടിക്കറ്റും ഉറപ്പിച്ചിരുന്നു. കപില്‍ ദേവും സന്ദീപും ചേര്‍ന്ന് അത് പൂര്‍ത്തിയാക്കി. ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക്.
ഫൈനലില്‍ വിന്‍ഡീസായിരുന്നു എതിരാളികള്‍. തുടര്‍ച്ചയായ മൂന്നാം ലോകകിരീടം ലക്ഷ്യമിട്ടാണ് വെസ്റ്റ് ഇന്‍ഡീസ് മൈതാനത്തിറങ്ങിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 183 റണ്‍സിന് ഓള്‍ഔട്ടുമാക്കി. അതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു. വിന്‍ഡീസിന്റെ മറുപടി ബാറ്റിങ്ങില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സായിരുന്നു ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്ന വലിയ കടമ്പ. വണ്‍ഡൗണായി ഇറങ്ങിയ റിച്ചാര്‍ഡ്‌സ് ഏഴ് ബൗണ്ടറികളുമായി വെടിക്കെട്ട് ബാറ്റിങ്ങ് തുടര്‍ന്നു. എന്നാല്‍ റിച്ചാര്‍ഡ്‌സിനെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. 140 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ പുറത്താക്കി ഇന്ത്യ ചരിത്രമെഴുതി. റിച്ചാര്‍ഡ്‌സിനെ പുറത്താക്കിയതോടെ തങ്ങള്‍ വിജയിച്ചുകഴിഞ്ഞിരുന്നെന്നാണ് യശ്പാല്‍ പ്രതികരിച്ചത്.
'വണ്‍ഡൗണായി ഇറങ്ങിയ റിച്ചാര്‍ഡ്‌സ് ഏഴ് ബൗണ്ടറിയടിച്ച് ഫോം തെളിയിച്ചപ്പോള്‍ ഒറ്റയ്ക്ക് ടീമിനെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. അപ്പോഴതാ മദന്‍ ലാലിന്റെ പന്ത് റിച്ചാര്‍ഡ്‌സ് ഉയര്‍ത്തിയടിക്കുന്നു. പന്ത് വായുവില്‍ ഉയര്‍ന്നു പൊങ്ങി മുന്നോട്ടുപോവുകയാണ്. ഞാനും കപിലും ഒരുമിച്ച് ക്യാച്ചിനായി ഓടി. ഇടയ്ക്ക് വെച്ച് എനിക്ക് തോന്നി, കപിലിനായിരിക്കും ക്യാച്ചെടുക്കാന്‍ എളുപ്പം. ഞാന്‍ പിന്മാറി. കപില്‍ ക്യാച്ചെടുത്തു. അതോടെ ഞങ്ങള്‍ കളി ജയിച്ചു കഴിഞ്ഞിരുന്നു'- യശ്പാല്‍ പറഞ്ഞു.
ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ കൂടിയായിരുന്നു യശ്പാല്‍ ശര്‍മ്മ. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 240 റണ്‍സാണ് യശ്പാല്‍ അടിച്ചെടുത്തത്. 34.28 ആണ് ശരാശരി.
Content Highlights: yashpal sharma top scored in three crucial matches 1983 worldcup
Published: 25 Jun 2023, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented