തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഇതേ തുടര്‍ന്ന് തലയില്‍ നിന്ന് സാരിത്തലപ്പെടുത്തു മാറ്റി, തല തട്ടം കൊണ്ട് മറയ്ക്കുകയില്ല എന്ന് പ്രസ്താവിച്ച് കൊണ്ട് സുഹ്‌റ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സുഹറയ്ക്ക് കൈയടികള്‍ ലഭിച്ചെങ്കിലും ഇവര്‍ക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗമുണ്ട്. സുഹ്‌റയ്‌ക്കെതിരെ യാഥാസ്ഥിതിക മത നേതൃത്വം ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരള ഫെമിനിസ്റ്റ് ഫോറം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുച്ചു. ഇതിനോട് അനുബന്ധിച്ച് കുറിപ്പും പുറത്ത് വിട്ടു.
കേരള ഫെമിനിസ്റ്റ് ഫോറം പുറത്തുവിട്ട കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കേരളത്തിലെ സ്‌ത്രീവിമോചന പ്രസ്ഥാനത്തിന്റെ നേതൃത്വനിരയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന വി പി സുഹറ മുസ്ലീം സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കും തുല്യനീതിയ്‌ക്കും വേണ്ടിയുള്ള സവിശേഷമായ പോരാട്ടങ്ങൾ ഏറ്റെടുത്ത വ്യക്തിയാണ്. സുഹ്റയ്ക്കെതിരെ യാഥാസ്ഥിതിക മത നേതൃത്വം ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരള ഫെമിനിസ്റ്റ് ഫോറം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. തട്ടമിടാത്ത സ്‌ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിന്റെ പരാമർശത്തോടുള്ള വിയോജിപ്പാണ് സ്വന്തം തലയില്‍ നിന്ന് സാരിത്തലപ്പെടുത്തു മാറ്റി, ഇനി തല തട്ടം കൊണ്ട് മറയ്ക്കുകയില്ല എന്ന് പ്രസ്താവിച്ച് കൊണ്ട് സുഹ്റ പ്രകടിപ്പിച്ചത്. ഈ നിലപാട് ഇസ്ലാം മതത്തിനെതിരല്ല, മറിച്ച് സ്‌ത്രീകളെ നിയന്ത്രിക്കുന്ന പുരുഷാധിപത്യ മതയുക്തിയിൽ ഉളളടങ്ങിയ സ്‌ത്രീവിരുദ്ധതയ്‌ക്കെതിരാണ്.
ലോകത്തെ പല ഇസ്ലാം മതരാജ്യങ്ങളില്‍ പോലും ഹിജാബ് ഉപേക്ഷിക്കാനുളള സമരങ്ങളില്‍ സ്ത്രീകൾ സജീവമാകുകയാണ്. ഇറാനില്‍ സ്‌ത്രീസ്വാതന്ത്ര്യത്തിനും സമത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ടതിന് നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ട്, ഇപ്പോൾ തടവറയില്‍ കഴിയുന്ന നാര്‍ഗീസ് മൊഹമ്മദിയ്‌ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഇതേകാലത്താണ് മതേതര രാജ്യമായ ഇന്ത്യയിലെ കേരളത്തില്‍ വി പി സുഹറയ്‌ക്ക് തലയിലെ തട്ടമെടുത്തു മാറ്റി മതപുരുഷമേധാവിത്വത്തോട് കലഹിക്കേണ്ടി വരുന്നത്. തലയില്‍ ഹിജാബ് ധരിച്ചിരുന്നില്ല എന്ന കുറ്റത്തിന് ഇറാനിലെ മൊറാലിറ്റി പോലീസ് അറസ്റ്റു ചെയ്യുകയും പോലീസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്‌ത മാഷാ അമീനി എന്ന പെണ്‍കുട്ടിയെ അനുസ്‌മരിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തതിനാണ് നാര്‍ഗീസ് മൊഹമ്മദി ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഹിജാബിനെതിരെ ഇറാനില്‍ നടന്ന സമരങ്ങളില്‍ കൂട്ടത്തോടെ പങ്കെടുത്ത മുസ്ലീംസ്‌ത്രീകളുടെ സമരാവേശത്തെ മതയാഥാസ്ഥിതിക നേതൃത്വം യാഥാർഥ്യബോധത്തോടെ അഭിസംബോധന ചെയ്തേ മതിയാകൂ.
സ്‌ത്രീകളുടെ ശരീരത്തിലും വസ്‌ത്രധാരണത്തിലും പുരുഷാധിപത്യപരമായ അടയാളങ്ങളും നിയന്ത്രണങ്ങളും ആചാരങ്ങളെന്ന പേരില്‍ അടിച്ചേല്‌പിക്കാൻ മതങ്ങൾ മത്സരിച്ച് ശ്രമിച്ചാൽ അതിനെതിരായ സ്‌ത്രീവിമോചനപോരാട്ടം തുടരുക തന്നെ ചെയ്യും.
രാജ്യത്തെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നിൽക്കാൻ ഉത്തരവാദിത്തമുള്ള മതന്യൂനപക്ഷ സമുദായങ്ങള്‍ ജനാധിപത്യ- സ്‌ത്രീ വിരുദ്ധവുമായ പ്രസ്‌താവനകള്‍ നടത്തുന്നത് ഒട്ടും ആശാസ്യമല്ല. ഒരേ സമയം, ലിംഗനീതിക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി മതസമുദായങ്ങളിലെ പുരുഷാധിപത്യത്തോടും ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തോടും എതിരിടുന്ന വി പി സുഹറയുടേയും നിസ എന്ന മുസ്ലീം സ്‌ത്രീസംഘടനയുടേയും ഉജ്ജ്വലമായ പോരാട്ടത്തോടൊപ്പം നില്‍ക്കണമെന്ന് കേരളത്തിലെ ജനാധിപത്യവിശ്വാസികളായ മുഴുവന്‍ ജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
Content Highlights: Kerala feminist forum announces solidarity to v p suhara
Published: 11 Oct 2023, 03:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented