
2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജെൻഡർ ബജറ്റ് ജെൻഡർ സംവേദനക്ഷമമായ (ജെൻഡർ സെൻസിറ്റീവ്) സാമ്പത്തിക നയത്തോടുള്ള പ്രതിബദ്ധത അടയാളപ്പെടുത്തുന്നത് തന്നെയാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കേന്ദ സർക്കാർ ബജറ്റിന് കീഴിലുള്ള ജെൻഡർ ബജറ്റ് വിഹിതത്തിൽ 20% വർധനവുണ്ടായി. കേന്ദ്ര ബജറ്റിൻ്റെ 8.86 ശതമാനം വരുന്ന 4,49,028.68 കോടി രൂപയുടെ മൊത്തം അടങ്കൽ 2015-16 സാമ്പത്തിക വർഷത്തിൽനിന്ന് 466.54% വർധനയെ പ്രതിനിധീകരിക്കുന്നു. ഈ ഒരു ദശകത്തിലെ (2015-25) വളർച്ച തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിക്കപ്പെട്ട (2024) സ്ത്രീകൾ നയിക്കുന്ന വളർച്ച എന്ന ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടുമായി ഒത്തുചേർന്ന് സ്ത്രീകളുടെ വികസനത്തിലേക്കും ശാക്തീകരണത്തിലേക്കുമുള്ള പുരോഗമനപരമായ മാറ്റത്തിൻ്റെ സൂചനയാണ് ഈ വർധന. എന്നിരുന്നാലും, ഈ വിഹിതങ്ങളുടെ ഫലപ്രാപ്തിയും ലക്ഷ്യവും സംബന്ധിച്ച നിർണായകമായ ചില ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്.
ഇന്ത്യയിൽ, അശോക് ലാഹിരി കമ്മിറ്റി റിപ്പോർട്ടിൻ്റെ (2001) ശുപാർശകളെ തുടർന്ന് 2005-06ൽ കേന്ദ്ര സര്‍ക്കാര്‍ തലത്തിൽ അന്നത്തെ യു.പി.എ സക്കാരാണ് ആദ്യത്തെ ജെൻഡർ ബജറ്റിങ് ഔപചാരികമായി അവതരിപ്പിക്കുന്നത്. സ്ത്രീകൾക്കായുള്ള ഒരു പ്രത്യേക ബജറ്റിൽനിന്ന് വ്യത്യസ്തമായി, തുല്യമായ വിഭവ വിതരണം ഉറപ്പാക്കുന്നതിന് നിലവിലുള്ള സ്കീമുകളിൽ ജെൻഡർ-സംവേദനക്ഷമമായ വിഹിതം ഇത് സമന്വയിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ (2005-25), ദേശീയ, സംസ്ഥാന തലങ്ങളിലുടനീളം ജെൻഡർ ബജറ്റ് നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ഇത് പൊതുവിൽ സ്ത്രീ ശാക്തീകരണം, സുരക്ഷ, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം എന്നീ മേഖലകളിൽ പുരോഗതി വരുത്തുന്നുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ, സ്ത്രീ-ശിശു വികസന മന്ത്രാലയം (എം.ഡബ്ല്യു.സി.ഡി) നോഡൽ ഏജൻസിയായ മിഷൻ ശക്തിയുടെ സാമർഥ്യ ഉപപദ്ധതിക്ക് കീഴിലാണ് ജെൻഡർ ബജറ്റ്. ജെൻഡർ ബജറ്റുകളെ ഭാഗം എ (100% സ്ത്രീ ഗുണഭോക്താക്കൾ), പാർട്ട് ബി (30-99% സ്ത്രീ ഗുണഭോക്താക്കൾ), പാർട്ട് സി (30% സ്ത്രീ ഗുണഭോക്താക്കൾ) എന്നിങ്ങനെ തരംതിരിക്കുന്നത് പൂർണമായ ജെൻഡർ-സംവേദനക്ഷമമായ ഫണ്ട് വിനിയോഗത്തിന് ഘടനാപരമായ സമീപനം സാധ്യമാക്കുന്നു. ഇതിലെ പാർട്ട് സി കഴിഞ്ഞ വര്ഷം മുതലാണ് നിലവിൽ വരുന്നത്. എങ്കിലും, അത് തീർച്ചയായും മുന്നോട്ടുള്ള ചുവടുവെയ്പ്പാണ്.
ജെൻഡർ ബജറ്റ് വിഹിതത്തിൽ ശ്രദ്ധേയമായ വർധനവ്
പാർട്ട് എയ്ക്ക് കീഴിലുള്ള സാമർഥ്യ ഉപപദ്ധതി ശ്രദ്ധേയമായ 150% വർധനവിന് സാക്ഷ്യം വഹിച്ചു, ഇത് 953.74 കോടി രൂപയിൽനിന്ന് (2024-25 സാമ്പത്തിക വർഷം, പുതുക്കിയത്) 2,396 കോടി രൂപയായി (2025-26 സാമ്പത്തിക വർഷം) ഉയർന്നു. അതുപോലെ, മൊത്തത്തിലുള്ള നീക്കിരിപ്പുകൾ പാർട്ട് എ 30%, പാർട്ട് ബി 16%, പാർട്ട് സി 15% വർധിച്ചു, ഇത് ജെൻഡർ സംവേദനക്ഷമമായ ചെലവുകളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.
ഇതിന്റെ ചുവടു പിടിച്ചു, ചില മന്ത്രാലയങ്ങളിലും ജെൻഡർ ബജറ്റ് നീക്കിയിരിപ്പുകളിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, റിന്യുവബിൾ എനർജി മന്ത്രാലയത്തിനും ഊർജ്ജ മന്ത്രാലയത്തിനും കീഴിലുള്ള വിഹിതം വർധിച്ചു, ഇത് പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലകളിലേക്ക് ലിംഗ പരിഗണനകളെ സമന്വയിപ്പിക്കാനുള്ള ശ്രമത്തെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, ഈ ഫണ്ടുകൾക്ക് ആവശ്യമായ ജെൻഡർ-വിഭജിത അടിസ്ഥാനവിവരം, ഫലപ്രദമായ നടപ്പാക്കൽ ചട്ടക്കൂടുകൾ എന്നിവയുടെ പിന്തുണയുണ്ടോ എന്നത് ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു.
നിർണായക മേഖലകളിലെ വർധനയില്ലായ്മ
മൊത്തം വിഹിതത്തിൽ വർധനയുണ്ടായിട്ടും പ്രധാന മേഖലകളിലെ ജെൻഡർ ബജറ്റ് നീക്കിയിരിപ്പുകളിൽ കാര്യമായ വർധനയില്ലാത്തതു ശ്രദ്ധേയമാണ്. ഉദാഹരണമായി, തൊഴിൽ മന്ത്രാലയത്തിൻ്റെ ജെൻഡർ ബജറ്റ് 908.25 കോടി രൂപയിൽ നിന്ന് (2024-25 സാമ്പത്തിക വർഷം) 922.16 കോടി രൂപയായി (2025-26 സാമ്പത്തിക വർഷം). അതായത്നാമമാത്രമായ 1.5% വർധനവ് മാത്രമാണ് കാണിക്കുന്നത്. പൊതുവിലുള്ള ഇന്ത്യൻ സമ്പദ് സാമൂഹിക വ്യവസ്ഥകളിൽ സ്ത്രീകളുടെ കുറഞ്ഞ തൊഴിൽ പങ്കാളിത്തം ദശകങ്ങളായി ചർച്ചകളിൽ നിരന്തരം തുടരുമ്പോഴും, അതിന്റെ ഏറ്റവും പ്രാഥമിക പരിഹാരങ്ങളിലൊന്നായ തൊഴിൽ നൽകലുമായി ബന്ധപ്പെട്ട നീക്കിയിരിപ്പുകളിലെ കുറഞ്ഞ ബജറ്റ് നീതികരിക്കാനാവാത്തതാണ്.
അതുപോലെ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) മന്ത്രാലയത്തിന് കീഴിലുള്ള വിഹിതം 2,466.57 കോടി രൂപയിൽ നിന്ന് 2,821.08 കോടി രൂപയായി, 14% വർധന മാത്രമേ കാണിക്കുന്നുള്ളൂ. കൂടാതെ, സ്‌കിൽ ഡെവലപ്‌മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് മന്ത്രാലയത്തിനു കീഴിലും പ്രതീക്ഷിത വർധനവ് കാണാനാവുന്നില്ല. അത് കൊണ്ട് തന്നെ ഈ ജെൻഡർ ബജറ്റ് സ്ത്രീകളുടെ വ്യവസായ സംരംഭകത്വത്തിനും, അതിനുതകുന്ന നൈപുണ്യ വികസനത്തിനും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നുണ്ടോ എന്ന ചോദ്യവും ബാക്കിയാവുന്നു.
കൂടുതൽ വ്യക്തത ആവശ്യപ്പെടുന്ന മേഖലകൾ
വര്‍ഷം തോറും വളർച്ച നേടുന്ന ജെൻഡർ ബജറ്റ് വിശാലമായ സ്കീമുകളിലേക്ക് വികസിക്കുന്നുണ്ട്. ഇപ്പോൾ 16,821.28 കോടി രൂപ വരുന്ന, പാർട് സി വിഹിതം ഉൾപ്പെടുത്തിയിരിക്കുന്നത്, വിശാലമായ ബജറ്റ് ലൈനുകളിലുടനീളം ജെൻഡർ-സംവേദനക്ഷമത വർധിപ്പിക്കുന്നു. എന്നിരുന്നാലും, ഈ വിഭാഗത്തിൻ്റെ ഒരു പ്രധാന പങ്ക് പിഎം കിസാൻ സമ്മാനിലേക്കാണ്, ഇത് സ്ത്രീ കർഷകർക്ക് പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും, അവരെ നേരിട്ട് സാമ്പത്തികമായി ശാക്തീകരിക്കുന്നു എന്ന് പറയാനാവില്ല.
മാത്രമല്ല, ചില വലിയ തോതിലുള്ള സ്കീമുകളെ ജെൻഡർ അധിഷ്ഠിതമായി തരംതിരിക്കുന്നത് അവ്യക്തതമായി നില നിൽക്കുന്നു. ഉദാഹരണത്തിന്, പ്രധാൻ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) - പാർട്ട് എ പ്രകാരം 15,170 കോടി രൂപയിൽ നിന്ന് 23,294 കോടി രൂപയായി ഉയർന്നു (54% വർധന). എന്നാൽ പി.എം.എ.വൈ. പാർട്ട് എ വിവക്ഷയിലുള്ള പൂർണമായും സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ചുള്ള പദ്ധതി അല്ല. പകരം, ഇത് സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഒരു പദ്ധതിയാണ്. അതിനാൽ, ഈ പദ്ധതിയിലുള്ള സ്ത്രീ ഉപയോക്താക്കളുടെ പ്രാതിനിധ്യത്തിനു ആനുപാതികമായി ഈ നീക്കിയിരിപ്പു പാർട്ട് ബി അല്ലെങ്കിൽ സി വിഭങ്ങളിലാണ് വരേണ്ടത്. അതുപോലെ, പ്രധാനമന്ത്രി എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമിന് (പി.എം.ഇ.ജി.പി) പാർട്ട് ബി യിൽ കൊടുത്തിരിക്കുന്ന നീക്കിയിരിപ്പിനും വിശദമായ ജെൻഡർ അധിഷ്ഠിത അടിസ്‌ഥാന വിവരങ്ങളുടെ പിന്തുണയുണ്ടോ എന്ന് വ്യക്തമല്ല.
നേരെമറിച്ച്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ) പോലുള്ള ചില പദ്ധതികൾ ജെൻഡർ ബജറ്റിൽ ആനുപാതികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും കാണാം. ഈ വിഭാഗത്തിൽ പാർട്ട് ബി പ്രകാരം അനുവദിച്ച 40,000 കോടി രൂപ മൊത്തം ബജറ്റിലെ എം.ജി.എൻ.ആർ.ഇ.ജി.എ. വിഹിതത്തിന്റെ 46% മാത്രമേ വരുന്നുള്ളു. അതേസമയം ലഭ്യമായ സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത് എം.ജി.എൻ.ആർ.ഇ.ജി.എ-യുടെ ഉദ്ദേശം 60% ഗുണഭോക്താക്കളും സ്ത്രീകളാണെന്നാണ്.
വെല്ലുവിളി: സ്ത്രീകൾക്കുള്ള വിഹിതങ്ങളിലെ മുൻഗണകൾ എങ്ങനെയായിരിക്കണം?
അന്തർലീനമായ ചില വെല്ലുവിളികൾ ഈ ജെൻഡർ ബജറ്റിലും നില നിൽക്കുന്നുണ്ട്. 2025-26 ജെൻഡർ ബജറ്റ് പ്രായോഗിക ജെൻഡർ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമ്പോൾ, 2024-ൽ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന സമീപനത്തിന് പകരം അത് വനിതകൾക്കുള്ള വികസന മാതൃകയായി തുടരുകയാണ്. ഈ ജെൻഡർ ബജറ്റ് സ്ത്രീകളുടെ അടിസ്ഥാനപരമായ അതിജീവനത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നു, അത് വഴി നിലവിലുള്ള സ്ത്രീകളുടെ വാർപ്പ് മാതൃകകൾ ശക്തിപ്പെടുത്തുന്നു.
ഈ സമീപനം ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സാമ്പത്തിക ഉൾപ്പെടുത്തലിനും സഹായകമാകുമ്പോൾ തന്നെ അവ സ്ത്രീകളെ നിഷ്ക്രിയ ഗുണഭോക്താക്കളായി പരിമിതപ്പെടുത്തുന്നു. ജെൻഡർ ബജറ്റ് നയം യഥാർത്ഥത്തിൽ മുന്നോട്ട് വെക്കേണ്ടത് സാമ്പത്തികവും സാമൂഹികവുമായ മേഖലകളിൽ ജെൻഡർ സംവേദനക്ഷമമായ, ഘടനാപരമായ പരിവർത്തനങ്ങളാണ്. അത്തരം മാറ്റങ്ങളെയെ സ്ത്രീകളുടെ ഉന്നമനം എന്ന് വിളിക്കാനാകുകയുള്ളൂ.
ഒരു പടി മുന്നോട്ട് തന്നെ, പക്ഷേ ഇത് മതിയോ?
2025-26 ലെ ജെൻഡർ ബജറ്റ്, സ്ത്രീകളുടെ വികസനത്തിനായുള്ള പ്രശംസനീയമായ സാമ്പത്തിക പ്രതിബദ്ധത പ്രകടമാക്കുന്നു, വർധിച്ചുവരുന്ന വിഹിതവും പദ്ധതികളിലുടനീളം ജെൻഡർ സംവേദനക്ഷമമായ കാഴ്ചപ്പാടുകളുടെ വിശാലമായ ഉൾപ്പെടുത്തലും കാണാം. എന്നിരുന്നാലും, നിർണായക മേഖലകളിലെ നീക്കിയിരിപ്പുകളുടെ മുരടിപ്പ്, പദ്ധതികളുടെ അവ്യക്തമായ വർഗ്ഗീകരണം, ക്ഷേമാധിഷ്ഠിത വിഹിതങ്ങളുടെ ആധിപത്യം എന്നിവ ഈ നയത്തിന്റെ ഉദ്ദേശ്യവും, സ്വാധീനവും തമ്മിലുള്ള വിടവുകൾ എടുത്തുകാണിക്കുന്നു.
ജെൻഡർ ബജറ്റിങ് യഥാർത്ഥത്തിൽ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാകണം. അത് ബജറ്റിലെ വർധനകൾക്കപ്പുറം ഒരു പരിവർത്തന ചട്ടക്കൂടിലേക്ക് നീങ്ങണം. അത് പ്രധാനമായും സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക സ്വയംഭരണം, മുഖ്യധാരാ സാന്നിധ്യം, മുഖ്യധാരാ നേതൃത്വം, എന്നിവയ്ക്ക് മുൻഗണന നൽകുന്നതാവണം. എങ്കിൽ മാത്രമേ യഥാർത്ഥ ലക്ഷ്യങ്ങളിലേക്ക് ജെൻഡർ ബജറ്റ് എത്തിച്ചേരുകയുള്ളൂ.
(വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി.ഐ.ടി) സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Gender Budget 2025: Analysis by Dr. Ashraf Pulikkamath
Published: 04 Feb 2025, 11:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented