വാഷിങ്ടൺ: സൗരയൂഥത്തിലെ ഏറ്റവുംവലിയ ഗ്രഹമായ വ്യാഴം ഇനി ഉപഗ്രഹങ്ങളുടെയും രാജാവ്. വ്യാഴത്തിനുചുറ്റും പരിക്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങളെക്കൂടി ബഹിരാകാശശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തി. ഇതോടെ ഏറ്റവുംകൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം ശനിയിൽനിന്ന് വാതകഭീമനായ വ്യാഴം സ്വന്തമാക്കി. 92 ഉപഗ്രഹങ്ങളാണ് വ്യാഴത്തിനുള്ളത്. ശനിക്ക് 83 എണ്ണം.

To advertise here,

വാഷിങ്ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ സയൻസിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ സ്കോട്ട് ഷെപ്പേഡാണ് കണ്ടെത്തലിനുപിന്നിൽ. ഉപഗ്രഹങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ മൈനർ പ്ലാനെറ്റ് സെന്റർ(എം.പി.സി.) പ്രസിദ്ധീകരിച്ചു. വ്യാഴവും അതിന്റെ ഉപഗ്രഹങ്ങളും ചേരുമ്പോൾ ഒരു ചെറുസൗരയൂഥം പോലെയാണെന്നാണ് കണ്ടെത്തൽ.

പുതുതായി ദൃഷ്ടിപഥത്തിലെത്തിയ 12 ചെറു ഉപഗ്രഹങ്ങൾ വ്യാഴത്തെ ചുറ്റുന്നതിൽ 340 ദിവസത്തെവരെ വ്യത്യാസമുണ്ട്. ഇവയിൽ ഒമ്പതെണ്ണം അകലെയുള്ള ഭ്രമണപാതയിലൂടെയാണ് പരിക്രമണംചെയ്യുന്നത്. അതിൽ ഏറ്റവുംപുറമേയുള്ള ഉപഗ്രഹം വ്യാഴത്തെ ചുറ്റാൻ 550 ദിവസമെടുക്കും.