ടോക്യോ: ആദ്യമായി ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ദൗത്യം ആരംഭിച്ചിരിക്കുകയാണ് ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ. ആദ്യ മൂണ്‍ ലാന്‍ഡര്‍ ദൗത്യമായ 'മൂണ്‍ സ്‌നൈപ്പര്‍' ലാന്‍ഡര്‍ എച്ച്2-എ റോക്കറ്റില്‍ സെപ്റ്റംബര്‍ 7 രാവിലെ 8.42 ന് വിക്ഷേപിച്ചു.തെക്കന്‍ ജപ്പാനിലെ താനെഗഷിമയില്‍ നിന്നായിരുന്നു വിക്ഷേപണം.  നാല് മുതല്‍ ആറ് മാസം വരെ നീണ്ടേക്കാവുന്ന യാത്രയ്‌ക്കൊടുവിലാണ് പേടകം ചന്ദ്രനിലെത്തുക. 

To advertise here,

ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്ന് വികസിപ്പിച്ച പേടകമാണ് വിക്ഷേപിച്ചത്. 

സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) എന്നാണ് ജപ്പാന്റെ ലാന്‍ഡറിന്റെ ഔദ്യോഗികമായ പേര്. ഇറങ്ങാന്‍ നിശ്ചയിച്ച സ്ഥലത്തിന്റെ ഏകദേശം 100 മീറ്റര്‍ പരിധിയില്‍ കൃത്യമായി ഇറക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തതാണിത്. സാധാരണ പേടകങ്ങള്‍ നിശ്ചയിച്ച ഇടത്തില്‍ നിന്നും കിലോമീറ്ററുകളുടെ വ്യത്യാസത്തിലാണ് ഇറങ്ങാറ്. 

അതായത് കൂടുതല്‍ കൃത്യമായ സ്ഥലത്ത് പേടകം ഇറക്കാനാണ് ലക്ഷ്യം. ഇക്കാരണത്താലാണ് ദൗത്യത്തെ മൂണ്‍ സ്‌നൈപ്പര്‍ എന്ന് വിളിക്കുന്നത്. എളുപ്പം ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സ്ഥലത്ത് ഇറങ്ങുകയല്ല ചന്ദ്രനില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രഹത്തില്‍ എവിടെ വേണമെങ്കിലും പേടകം ഇറക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്.  ഭാവി ബഹിരാകാശ, ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും. ചന്ദ്രനെ പോലുള്ള മറ്റ് ബഹിരാകാശ വസ്തുക്കളില്‍ ഇതുവരെ ഒരു നിശ്ചയിച്ച സ്ഥലത്ത്  കൃത്യമായി ലാന്‍ഡ് ചെയ്തിട്ടില്ല. 

placeholder
200 കിലോഗ്രാം ആണ് സ്ലിം പേടകത്തിന്റെ ഭാരം. രണ്ട് പേലോഡുകളാണ് സ്ലിമ്മിലുള്ളത്.  ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മോഡ്യൂളിന് 1750 കിലോഗ്രാം ഭാരമുണ്ട്. ഷിയോലി എന്ന ഒരു ചെറിയ ഗര്‍ത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ഇറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന രീതി ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് എന്ന് ജാക്സ പറഞ്ഞു.

ചെരിഞ്ഞ പ്രദേശത്ത് ഇറങ്ങുന്നതിനാല്‍ വ്യത്യസ്തമായ രീതിയാണ് ജാക്സ അവലംബിക്കുന്നത്. ടൂ സ്റ്റെപ്പ് ലാന്‍ഡിങ് മെത്തേഡ് എന്ന് ഇതിന് വിളിക്കുന്നു. പ്രധാന ലാന്‍ഡിങ് ഉപകരണമാണ് ആദ്യം നിലത്തിറങ്ങുക. ശേഷം അവ തിരിയുകയും പേടകത്തെ ഉറപ്പിക്കുകയും ചെയ്യും. 

റോക്കറ്റ് ഉപയോഗിച്ച് നേരിട്ട് ചന്ദ്രനിലേക്ക് പോവുന്നതിന് പകരം ചന്ദ്രയാന്‍ 3-നെ പോലെ വ്യത്യസ്തമായ സഞ്ചാരപഥമാണ് സ്ലിം തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, ചന്ദ്രയാന്‍ 40 ദിവസം കൊണ്ട് ചന്ദ്രനില്‍ എത്തിയിരുന്നുവെങ്കില്‍ സ്ലിം നാല് മാസത്തോളം സമയമെടുത്താണ് ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ എത്തുക. ഒരു മാസത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചെലവഴിച്ചതിന് ശേഷമാണ് പേടകം ലാന്‍ഡിങിന് ശ്രമിക്കുക.