അബുദാബി : പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ). കൂടാതെ വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തെ കലണ്ടറും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.
എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കും ഉയർന്ന നിലവാരമുള്ള സേവനം നൽകണമെന്ന് ആർടിഎ അധികൃതർ ദുബായിലെ എല്ലാ സ്കൂൾ ബസ് ഓപ്പറേറ്റർമാർക്കും നിർദേശം നൽകി. ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് അതോറിറ്റി വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക. സ്‌കൂൾ ബസ് ഓപ്പറേറ്റർമാരും സ്കൂൾ അധികൃതരും വിദ്യാർഥികളുടെ സുരക്ഷ എല്ലായ്‌പ്പോഴും ഉറപ്പാക്കണം.
അതോടൊപ്പം സൂപ്പർവൈസർമാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ബസുകളിൽ സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം നൽകുകയും വേണം. നിരീക്ഷണത്തിന് ആർടിഎയുടെ പ്രത്യേക സംഘം തന്നെ നിരത്തിലുണ്ടാകും. സ്‌കൂൾ ഗതാഗത നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക കാംപെയ്‌നുകളുമുണ്ടാകും. വിദ്യാർഥികൾ സ്‌കൂൾ ബസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ബസ് അറ്റൻഡന്റുകളുടെ നിർദ്ദേശങ്ങൾ പാലിക്കണം. കൂടാതെ വിദ്യാർഥികളെ അവരവരുടെ വീടിന് ഏറ്റവും അടുത്തുള്ള സ്ഥലത്തേക്കാണ് കൊണ്ടുപോകുന്നതെന്നും ഉറപ്പാക്കേണ്ടതുണ്ട്.
റോഡുകളിലും സ്കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ഡ്രൈവർമാർക്ക് നിർദേശം നൽകണമെന്ന് ആർടിഎ സ്‌കൂൾ ബസ് ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. ഡ്രൈവർമാർ മറ്റ് വാഹനങ്ങൾക്ക് തടസ്സങ്ങളുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് എല്ലായ്പോഴും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് സഹായിക്കും. വിദ്യാർഥികളുമായി ഏറ്റവും മികച്ച രീതിയിൽ ഇടപെടുന്നത് സംബന്ധിച്ച് സ്കൂൾ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ ഡ്രൈവർമാർക്കും ബസ് അറ്റൻഡന്റുകൾക്കും തീവ്ര പരിശീലന പരിപാടികൾ നൽകുന്നുണ്ടെന്നും ആർടിഎ അധികൃതർ വ്യക്തമാക്കി. ദൈനംദിന യാത്രകളിൽ വിദ്യാഥികളെ സംരക്ഷിക്കുന്നതിനായി സ്‌കൂൾ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരുടെയും സ്‌കൂൾ ഭരണകൂടങ്ങളുടെയും തുടർച്ചയായ ശ്രമങ്ങളെ ആർടിഎ അഭിനന്ദിച്ചു. സ്‌കൂൾ തുറക്കുന്നതോടെ റോഡിൽ തിരക്ക് വർധിക്കാനിടയുള്ളതിനാൽ ഗതാഗതനിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ദുബായ് പോലീസ് രക്ഷിതാക്കളോടും സ്‌കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു.
ഈ വർഷം വിദ്യാർഥികൾക്ക് 135 ദിവസം അവധി
അബുദാബി : യുഎഇയിലെ 2025-26 അധ്യയന വർഷത്തെ സ്കൂൾ കലണ്ടർ പ്രകാരം ഈ വർഷം വിദ്യാർഥികൾക്ക് 135 ദിവസത്തെ അവധി ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
313 ദിവസത്തെ അധ്യയന വർഷത്തിൽ 178 ദിവസം മാത്രമാണ് ക്ലാസുകൾ ഉണ്ടാവുക. 135 ദിവസത്തെ അവധി ഒഴിവുകാലം മാത്രമല്ല പഠനത്തോടൊപ്പം വിശ്രമത്തിനും ഉന്മേഷത്തിനും വേണ്ടിയുള്ളതാണ്.
68 ദിവസം വാരാന്ത്യഅവധി, ഒന്നാം സെമസ്റ്റർ മിഡ്ടേം അവധി ഏഴ് ദിവസം, രണ്ടാം സെമസ്റ്റർ മിഡ്ടേം അവധി അഞ്ച് ദിവസം, മൂന്നാം സെമസ്റ്റർ മിഡ്ടേം അവധി ഏഴ് ദിവസം എന്നിങ്ങനെയും ലഭിക്കും.
കൂടാതെ ഡിസംബർ എട്ട് മുതൽ ജനുവരി നാല് വരെയുള്ള 30 ദിവസത്തെ ശൈത്യകാല അവധി, മാർച്ച് 16 മുതൽ 29 വരെയുള്ള 14 ദിവസത്തെ സ്പ്രിങ് അവധി എന്നിവയും ലഭിക്കും.
ഈ ഇടവേളകൾ കുട്ടികൾക്ക് വിശ്രമിക്കാനും, മാനസികമായും ശാരീരികമായും ഊർജസ്വലരാകാനും സഹായിക്കും.
കുട്ടികളെ സ്‌കൂളിൽ നേരിട്ട് എത്തിക്കുന്ന ചില രക്ഷിതാക്കളും സ്വകാര്യ ഡ്രൈവർമാരും ഗതാഗത നിയമം പാലിക്കുന്നില്ലെന്നാണ് മുൻകാല അനുഭവമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 10 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഈ മാസം 25-ന് സ്‌കൂളുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നത്.
25-ന് ‘അപകടരഹിതദിനം’ ബ്ലാക്ക് പോയിന്റുകൾ നീക്കംചെയ്യാം
അബുദാബി : അധ്യയനം പുനരാരംഭിക്കുന്ന ഈ മാസം 25-ന് ഗതാഗതനിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവർക്ക് ബ്ലാക്ക് പോയിന്റുകൾ നീക്കംചെയ്യാൻ അവസരമൊരുങ്ങുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഈ മാസം 25-ന് മുൻപ് ഇളവിന് മുൻകൂട്ടി അപേക്ഷിക്കുകയും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നവരുടെ നാല് ബ്ലാക്ക് പോയിന്റുകൾ സേവനകേന്ദ്രങ്ങൾ സന്ദർശിക്കാതെ അടുത്തമാസം 15-നകം നീക്കംചെയ്യും.
വാഹനത്തിൽനിന്നും നിശ്ചിത അകലംപാലിക്കും, സീറ്റ് ബെൽറ്റ് ധരിക്കും, വേഗപരിധി പാലിക്കും, മൊബൈൽ ഫോൺ ഉപയോഗംപോലുള്ള അശ്രദ്ധമായ കാര്യങ്ങൾ ചെയ്യില്ല, അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കും, കാൽനട യാത്രക്കാർക്ക് പ്രത്യേക പരിഗണന നൽകും എന്നിങ്ങനെയാണ് പ്രതിജ്ഞയെടുക്കേണ്ടത്.
ഫെഡറൽ ട്രാഫിക് കൗൺസിൽ വഴിയും രാജ്യവ്യാപകമായുള്ള പോലീസ് സേനകളുമായി ഏകോപിപ്പിച്ചുമാണ് കാംപെയ്ൻ സംഘടിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡുകൾ എല്ലാവർക്കും സുരക്ഷിതമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കാംപെയ്ൻ എന്ന് ആഭ്യന്തരമന്ത്രാലയം ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എൻജിനിയർ ഹുസൈൻ അൽ ഹാർത്തി പറഞ്ഞു. ഇതിലൂടെ ഡ്രൈവർമാർക്കിടയിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കും. കഴിഞ്ഞവർഷം രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലേറെ ഡ്രൈവർമാർ സംരംഭത്തിൽ പങ്കുചേർന്നിരുന്നു.
എന്താണ് ബ്ലാക്ക് പോയിന്റുകൾ
ഗുരുതരമായ ഗതാഗതനിയമലംഘനങ്ങൾക്ക് പിഴയോടൊപ്പം ഡ്രൈവർമാർക്ക് നൽകുന്നതാണ് ബ്ലാക്ക് പോയിന്റുകൾ. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് ബ്ലാക്ക് പോയിന്റുകളുടെ എണ്ണം വ്യത്യാസപ്പെടും. ഒരു വർഷത്തിനുള്ളിൽ ഒരു ഡ്രൈവർക്ക് 24 ബ്ലാക്ക് പോയിന്റുകൾ ലഭിച്ചാൽ അവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ചായിരിക്കും സസ്പെൻഷന്റെ കാലാവധി നിശ്ചയിക്കുക. രാജ്യത്ത് പിഴ, ബ്ലാക്ക് പോയിന്റുകൾ വാഹനം കണ്ടുകെട്ടൽ, ലൈസൻസ് സസ്പെൻഷൻ എന്നിങ്ങിനെ വ്യത്യസ്ത നടപടികളാണ് നിയമലംഘകർക്കെതിരെ ചുമത്തിവരുന്നത്. വാഹനം കണ്ടുകെട്ടിയാൽ അത് തിരിച്ചെടുക്കുന്നതുവരെ പ്രതിദിനം 100 ദിർഹം അധികഫീസ് നൽകണം.
സ്റ്റോപ്പ് അടയാളങ്ങൾ മറികടന്നാൽ പിഴ; മാർഗനിർദേശങ്ങൾ ശ്രദ്ധിക്കാം
- സ്കൂൾ തുറന്നുള്ള ആദ്യദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുന്നിൽകണ്ടാണ് കുട്ടികളെ സ്കൂളിൽ വിടാനും തിരിച്ചെടുക്കാനും എത്തേണ്ടത്. ഇതിനായി വീട്ടിൽനിന്ന് അല്പം നേരത്തെ ഇറങ്ങണം.
- തിരക്കുകൂട്ടി ഗതാഗതനിയമം തെറ്റിക്കുന്നവർക്കെതിരേ പോലീസ് കടുത്ത നടപടിയെടുക്കും.
- കുട്ടികളെ കയറ്റാനും ഇറക്കാനും റോഡിന് മധ്യത്തിൽ വാഹനം നിർത്തിയിടുന്നത് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമാകും.
- സ്കൂൾ പരിസരത്ത് വേഗംകുറച്ച് വാഹനമോടിക്കണം.
- സീബ്രാ ക്രോസിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം.
- സ്കൂൾ ബസിന് അനുവദിച്ച പാർക്കിങ്ങിൽ നിർത്തിയശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ.
- കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തിയിടുമ്പോൾ സ്റ്റോപ്പ് അടയാളം ഇടണം. ഈ സമയത്ത് മറ്റ് വാഹനങ്ങൾ അഞ്ചുമീറ്റർ അകലത്തിൽ നിർത്തിയിടണം.
- സ്റ്റോപ്പ് അടയാളമിട്ട് നിർത്തിയിട്ട ബസിനെ മറികടക്കുന്ന മറ്റ് വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ശിക്ഷ.
- നിശ്ചിത ബസ് സ്റ്റോപ്പിലും സമയത്തും വിദ്യാർഥികളെത്തിയെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.
- കുട്ടി വൈകുകയോ മുടങ്ങുകയോ ചെയ്യുന്നദിവസം ആ വിവരം മുൻകൂട്ടി ബസ് ഡ്രൈവറെയും അറ്റൻഡറെയും അറിയിക്കണം.
- നിശ്ചിത ബസിൽ മാത്രമേ കുട്ടികളെ കയറ്റാവൂ. വരിയിൽനിന്ന് സമയബന്ധിതമായാണ് ബസിൽ കയറ്റേണ്ടത്. മറ്റ് കുട്ടികളെ തള്ളുകയോ ഇടയ്ക്ക് കയറുകയോ ചെയ്യരുത്.
- വിദ്യാർഥികൾ ബസ് ഡ്രൈവറുടെയോ അറ്റൻഡറുടെയോ അനുമതിയില്ലാതെ വാഹനത്തിൽനിന്ന് ഇറങ്ങരുത്.
- ബസ് ഡ്രൈവറുടെയും അറ്റൻഡറുടെയും നിർദേശങ്ങൾ കൃത്യമായി വിദ്യാർഥികൾ പാലിക്കണം.
- ഡ്യൂട്ടി സമയത്ത് ഡ്രൈവർമാർ യൂണിഫോം ധരിക്കണം. ആശയവിനിമയം ഇംഗ്ലീഷ്, അറബി ഭാഷയിലാകണം.
- ഡ്രൈവർമാർ ശേഷിയിലേറെ കുട്ടികളെ ബസിൽ കയറ്റരുത്.
- സ്കൂൾ ബസ് വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കവിയരുത്.
- ഗതാഗതത്തിന് ശീതീകരിച്ചതും ജിപിഎസ് സംവിധാനവും സിസിടിവി ക്യാമറയുമുള്ള ബസ് മാനേജ്‌മെന്റ് ഒരുക്കണം.
- ബസിൽ ശുചിത്വം ഉറപ്പാക്കണം. എമർജൻസി എക്സിറ്റ് സംവിധാനമുണ്ടാകണം.
- ബസിനകത്ത് 10 മീറ്റർ ഇടവിട്ട് അഗ്നിശമന സംവിധാനം വേണം. ഫസ്റ്റ് എയ്ഡ് ബോക്സും നിർബന്ധമാണ്.
- സ്കൂൾ ബസിന്റെ നിറം മഞ്ഞയായിരിക്കണം. സ്കൂൾ ബസ് എന്ന് ഇംഗ്ലീഷ്, അറബി ഭാഷകളിൽ എഴുതിയിരിക്കണം.
- ബസിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തണം.
Content Highlights: UAE School Bus Safety Guidelines Calendar
Published: 19 Aug 2025, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented