ദുബായ്: യുഎഇയില്‍ പൊടിക്കാറ്റ് ശക്തമായി. അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച പൊടിക്കാറ്റ് അനുഭവപ്പെടുന്നത്്. ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ചില പ്രദേശങ്ങളില്‍ ദൃശ്യപരത 3000 മീറ്ററില്‍ താഴെയായി കുറച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി ഒമ്പത് മണിവരെ ഈ കാലാവസ്ഥ തുടരുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ തന്നെ ഇത് സംബന്ധിച്ച മുന്നറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടിരുന്നു. അബുദാബി, അല്‍ഐന്‍, ദുബായിയുടെ ചില ഭാഗങ്ങളിലെല്ലാം ജാഗ്രത വേണമെന്നും അറിയിപ്പിലുണ്ടായിരുന്നു.

To advertise here,

വാഹനമോടിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസും നിര്‍ദേശിച്ചു. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗവും കാലാവസ്ഥയുടെ വീഡിയോകള്‍ എടുക്കുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ താമസക്കാരോട് അഭ്യര്‍ഥിച്ചു. ചില പ്രദേശങ്ങളില്‍ ദൃശ്യപരത 2000 മീറ്ററായി കുറഞ്ഞിട്ടുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുമാണ് കാറ്റ് വീശുന്നത്.

അതേസമയം അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ മിക്ക തീരദേശ പ്രദേശങ്ങളിലും 30 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള താപനിലയാണ് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചക്ക് 12.30 ന് അല്‍ഐനിലെ സ്വീഹാനില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 45.4 ഡിഗ്രി സെല്‍ഷ്യസാണ്. പരമാവധി ഈര്‍പ്പം 90 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.