
ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്സില് ചെയര്മാനുമായ ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമില്നിന്നും പുരസ്കാരം നേടാനായതിന്റെ സന്തോഷത്തിലാണ് കൊല്ലം സ്വദേശിനി സുല്ത്താന സഫീര്. ദുബായ് സര്ക്കാരിന്റെ ചേംബര് ഓഫ് ഡിജിറ്റല് ഇക്കണോമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്സ് ചാമ്പ്യന്ഷിപ്പിലാണ് ഒന്നാം സ്ഥാനം നേടി സുല്ത്താന 1.28 കോടി രൂപയുടെ (ഒന്നരലക്ഷം യുഎസ് ഡോളര്) സമ്മാനം നേടിയത്. 132 രാഷ്ട്രങ്ങളില് നിന്നുള്ള 4710 മത്സരാര്ഥികളില് നിന്നാണ് സുല്ത്താന ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എന്ട്രികളാണ് ഫൈനല് റൗണ്ടിലുണ്ടായിരുന്നത്. നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഇതില് ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്കാരമാണ് സുല്ത്താന നേടിയത്. കഴിഞ്ഞ മാര്ച്ചിലാണ് ശൈഖ് ഹംദാന് ചാമ്പ്യന്ഷിപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്ഷം 1100 എന്ട്രികള് ലഭിച്ചിരുന്നു. ഇത്തവണ 328 ശതമാനമായിരുന്നു വര്ധനവ്. ഫുജൈറയില് നിര്മാണ മേഖലയില് പ്രവര്ത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്.

മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില് നടന്ന ചാമ്പ്യന്ഷിപ്പിന്റെ സമാപന ചടങ്ങിലാണ് ശൈഖ് ഹംദാന് സമ്മാനം നല്കിയത്. ക്യാബിനറ്റ് കാര്യമന്ത്രിയും, ബോര്ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്മാനും, ദുബായ് ഫ്യൂച്ചര് ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് ബിന് അബ്ദുല്ല അല് ഗെര്ഗാവി, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, ഡിജിറ്റല് ഇക്കണോമി, റിമോട്ട് വര്ക്ക് ആപ്ലിക്കേഷനുകള് എന്നിവയുടെ സഹമന്ത്രിയും ദുബായ് ചേംബര് ഓഫ് ഡിജിറ്റല് ഇക്കണോമിയുടെ ചെയര്മാനുമായ ഒമര് സുല്ത്താന് അല് ഒലാമ, ദുബായ് ചേംബേഴ്സിന്റെ പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത, ദുബായ് ചേംബര് ഓഫ് ഡിജിറ്റല് ഇക്കണോമിയുടെ വൈസ് പ്രസിഡന്റ് സയീദ് അല് ഗെര്ഗാവി തുടങ്ങിയവരും ചടങ്ങില് പങ്കെടുത്തു.
Content Highlights: malayali Wins in Dubai App Championship
Published: 20 Apr 2025, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented