റിയാദ്: തലസ്ഥാന നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ശൃംഖലയിലേക്ക് 94 പുതിയ ട്രെയിനുകൾ കൂടി എത്തുന്നു. പുതിയ ട്രെയിനുകളുടെ നിർമാണത്തിനും വാങ്ങലിനുമായി റിയാദ് സിറ്റി റോയൽ കമ്മീഷൻ കരാറുകളിൽ ഒപ്പുവെച്ചു. ഇതോടെ നിലവിലുള്ള 183 ട്രെയിനുകളുടെ എണ്ണം 277 ആയി ഉയരും. 2028 മുതൽ പുതിയ ട്രെയിനുകൾ ഘട്ടംഘട്ടമായി ലഭിച്ചുതുടങ്ങും.
പുതിയ ട്രെയിനുകൾ എത്തുന്നതോടെ റിയാദ് മെട്രോയുടെ മൊത്തം യാത്രാസംശേഷി 57 ശതമാനം വർധിക്കും. യാത്രക്കാരുടെ എണ്ണവും പ്രതീക്ഷിക്കുന്ന ആവശ്യകതയും കണക്കിലെടുത്ത് വിവിധ പാതകളിൽ അധിക ട്രെയിനുകൾ വിന്യസിക്കാനാണ് പദ്ധതി. ചുവപ്പ് പാതയിൽ ശേഷി 142 ശതമാനവും, മഞ്ഞ പാതയിൽ 116 ശതമാനവും വർധിക്കും.
ഓറഞ്ച് പാതയിൽ 57 ശതമാനവും, പർപ്പിൾ പാതയിൽ 16 ശതമാനവും ശേഷി വർധനയുണ്ടാകും. യാത്രക്കാരുടെ എണ്ണത്തിലും ശേഷിയിലും നിലവിൽ ഏറ്റവും മുന്നിലുള്ളത് നീല പാതയാണ്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ട്രെയിനുകൾ ഉൾപ്പെടുത്താനും ശേഷി ക്രമേണ ഉയർത്താനും കഴിയുന്ന രീതിയിലാണ് റിയാദ് മെട്രോ ശൃംഖല രൂപകൽപന ചെയ്തിരിക്കുന്നത്.
2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം റിയാദ് മെട്രോയിൽ ഇതുവരെ ഏകദേശം 27.5 കോടി യാത്രകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2026-ൽ പ്രതിമാസ യാത്രക്കാരുടെ ശരാശരി എണ്ണത്തിൽ 25 ശതമാനത്തോളം വർധനയുണ്ടായി.
റിയാദ് നഗരത്തിന്റെ തുടർച്ചയായ വളർച്ചയും പുതിയ പദ്ധതികളും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും കണക്കിലെടുത്താണ് മെട്രോ ശൃംഖല വിപുലീകരിക്കുന്നത്. എക്‌സ്‌പോ 2030 റിയാദ്, 2034 ഫിഫ ലോകകപ്പ് തുടങ്ങിയ വൻകിട അന്താരാഷ്ട്ര പരിപാടികൾക്ക് നഗരം വേദിയാകുന്നതും ഗതാഗത ആവശ്യകത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
ജർമൻ കമ്പനിയായ സീമെൻസും ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമുമാണ് പുതിയ ട്രെയിനുകൾ ഉൾപ്പെടെയുള്ള ശൃംഖലാ വികസന കരാറുകൾ നടപ്പാക്കുന്നത്. അഞ്ച് ബില്യൺ ഡോളറിലധികം മൂല്യമുള്ളതാണ് കരാറുകൾ.
ട്രെയിനുകളുടെ നിർമാണം, സംവിധാനങ്ങളും ഉപകരണങ്ങളും ഒരുക്കൽ, അറ്റകുറ്റപ്പണി, പരിശീലനം, മറ്റ് സാങ്കേതിക-പ്രവർത്തന സംവിധാനങ്ങൾ എന്നിവ കരാറിന്റെ ഭാഗമാണ്. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ട്രെയിനുകൾ ഘട്ടംഘട്ടമായി കൈമാറും. പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും പരീക്ഷണ ഓട്ടങ്ങളും പൂർത്തിയാക്കിയശേഷം ഓരോ ബാച്ചും സർവീസിൽ ഉൾപ്പെടുത്തും.
Content Highlights: saudi news
Published: 14 Oct 2026, 12:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented