റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 2027-ൽ 7.9 ശതമാനമായി ഉയരുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പ്രവചിച്ചു. ജൂലൈയിൽ 5.5 ശതമാനം വളർച്ചയായിരുന്നു ഐ.എം.എഫ് പ്രതീക്ഷിച്ചിരുന്നത്. ഇതിൽനിന്നാണ് പുതിയ പ്രവചനം ഉയർത്തിയത്. ഐ.എം.എഫ് പുറത്തിറക്കിയ 2026 ഒക്ടോബറിലെ ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, 2026-ലെ സൗദിയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 3.3 ശതമാനമായി കുറച്ചിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും മറ്റു ചില രാജ്യങ്ങളെ അപേക്ഷിച്ച് സൗദി സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധികൾ കുറച്ചുമാത്രമേ ബാധിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഊർജ കയറ്റുമതിക്കായി വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നതിനാൽ വിതരണത്തിലും ഗതാഗതത്തിലും ഉണ്ടാകുന്ന തടസ്സങ്ങളുടെ ആഘാതം കുറയ്ക്കാൻ രാജ്യത്തിന് കഴിയുന്നുണ്ടെന്നും ഐ.എം.എഫ് വിലയിരുത്തി.
പണപ്പെരുപ്പം കുറയും
സൗദിയിലെ പണപ്പെരുപ്പ നിരക്ക് 2025-ലെ രണ്ട് ശതമാനത്തിൽനിന്ന് 2026-ൽ 1.9 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം. എന്നാൽ 2027-ൽ ഇത് 2.2 ശതമാനമായി ഉയർന്നേക്കും.

To advertise here,

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മേഖലയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. 2027-ൽ ഉൽപ്പാദനം, കയറ്റുമതി, ചരക്കുനീക്കം എന്നിവ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
ആഗോള വളർച്ചയിലും ഇടിവ്
ലോക സാമ്പത്തിക വളർച്ച 2025-ലെ 3.5 ശതമാനത്തിൽനിന്ന് 2026-ൽ 3.1 ശതമാനമായി കുറയുമെന്ന് ഐ.എം.എഫ് പ്രവചിച്ചു. എന്നാൽ 2027-ൽ ഇത് 3.4 ശതമാനമായി ഉയർന്നേക്കും.

ഊർജ വിപണിയിലെ തടസ്സങ്ങളും ആഗോള വ്യാപാര മേഖലയിലെ സംഘർഷങ്ങളും ചരക്കുകളുടെ വിതരണ ശൃംഖലയിലുണ്ടാകുന്ന പ്രശ്നങ്ങളും ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. ഗതാഗതവും ചരക്കുവിതരണവും സാധാരണ നിലയിലേക്ക് മടങ്ങുന്നത് 2027-ൽ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.