റിയാദ്: ഡോക്ടറുടെ കുറിപ്പടി പരിശോധിക്കുന്നതും മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഫാർമസിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്തങ്ങളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കുമ്പോൾ പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിക്കുകയും ഉചിതമായ ഔദ്യോഗിക മാർഗങ്ങൾ സ്വീകരിക്കുകയും വേണമെന്നും മന്ത്രാലയം നിർദേശിച്ചു.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ '937' എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രവർത്തന നിയമത്തിലെ 23-ാം വകുപ്പ് പ്രകാരം, ഡോക്ടറുടെ കുറിപ്പടിയിൽ പിഴവുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ മരുന്ന് വിതരണം ചെയ്യാൻ പാടില്ല. ഇത്തരം സന്ദർഭങ്ങളിൽ നടപടിയെടുക്കുന്നതിന് മുമ്പ് കുറിപ്പടി നൽകിയ ഡോക്ടറുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണം.
ഡോക്ടറുടെ അനുമതിയില്ലാതെ കുറിപ്പടിയിലെ മരുന്നിൽ മാറ്റം വരുത്തുന്നതിനും നിയമം വിലക്കുന്നു. എന്നാൽ, തത്തുല്യമായ പകരം മരുന്നുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ ഇതിന് ബാധകമല്ല.
ആരോഗ്യപ്രവർത്തകർ പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവർത്തന നിയമത്തിലെ 24-ാം വകുപ്പ് പ്രകാരം സഹപ്രവർത്തകരെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും അനുവദനീയമല്ല.
ചികിത്സയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും അഭിപ്രായവ്യത്യാസങ്ങളും ശാസ്ത്രീയമായ അടിസ്ഥാനത്തിൽ, പരസ്പര ബഹുമാനത്തോടെ, ഉചിതമായ ഔദ്യോഗിക മാർഗങ്ങളിലൂടെ ചർച്ച ചെയ്യണം. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യസംഘത്തോടുള്ള അവരുടെ വിശ്വാസം നിലനിർത്തുന്നതിനും ഇത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ ലംഘിക്കുന്നവർക്ക് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അച്ചടക്കനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Content Highlights: saudi-health-ministry-pharmacist-drug-safety-guidelines
Published: 23 Oct 2026, 11:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented