റിയാദ്: സൗദി അറേബ്യയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ കൂടുതൽ ശക്തമായി സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ നിയമലംഘനങ്ങൾക്കുള്ള പരമാവധി പിഴ 80 ലക്ഷം റിയാലായി ഉയർത്തി. നേരത്തെ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമപ്രകാരം പരമാവധി 20 ലക്ഷം റിയാലായിരുന്നു പിഴ. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
2026 നവംബർ 10ന് മന്ത്രിസഭ അംഗീകരിച്ച പുതിയ നിയമം രാജ്യത്തെ ആദ്യത്തെ സമഗ്ര ഉപഭോക്തൃ സംരക്ഷണ നിയമമാണ്. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഏകീകൃത നിയമസംവിധാനമാണ് ഇതിലൂടെ നിലവിൽ വരുന്നത്.
നേരത്തെ വിവിധ നിയമങ്ങളിലായി ചിതറിക്കിടന്നിരുന്ന ഉപഭോക്തൃ സംരക്ഷണ വ്യവസ്ഥകൾ പുതിയ നിയമത്തിലൂടെ ഏകീകരിക്കും. നിയമം നടപ്പാക്കുന്നതിനായി 20ലധികം സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.
സേവന ഇടപാടുകളിലും ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. പ്രതിസന്ധികളുടെയും മഹാമാരികളുടെയും കാലത്ത് ന്യായീകരണമില്ലാതെ വില വർധിപ്പിക്കുന്നത് തടയുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതിനായി ആവശ്യമായ സാഹചര്യങ്ങളിൽ വില നിയന്ത്രണവും പരമാവധി ലാഭപരിധിയും നിശ്ചയിക്കാൻ അധികൃതർക്ക് അധികാരമുണ്ടാകും.
കൃത്യത ഉറപ്പാക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കുകയും എതിരാളികൾക്ക് ദോഷമുണ്ടാക്കാതിരിക്കുകയും ചെയ്യുന്ന നിബന്ധനകളോടെ താരതമ്യ പരസ്യങ്ങൾക്കും നിയമം അനുമതി നൽകുന്നു. വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ, കൃത്രിമമായി മാറ്റം വരുത്തിയ റേറ്റിങ്ങുകൾ, മറ്റ് വഞ്ചനാപരമായ വാണിജ്യ രീതികൾ എന്നിവ നിരോധിക്കുകയും ചെയ്യും.
കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രത്യേക വ്യവസ്ഥകളുണ്ട്. കുട്ടികളുടെ ജീവനും സുരക്ഷയ്ക്കും ഹാനികരമായേക്കാവുന്ന പരസ്യങ്ങൾ നിയന്ത്രിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഉപഭോക്താക്കൾക്കുവേണ്ടി ഉപഭോക്തൃ സംഘടനകൾക്ക് കോടതികളിൽ നിയമനടപടികൾ സ്വീകരിക്കാനും പുതിയ നിയമം അനുമതി നൽകുന്നു. കോടതിക്ക് പുറത്തുള്ള തർക്കപരിഹാരത്തിനായി വേഗത്തിലുള്ള ബദൽ സംവിധാനങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Published: 17 Nov 2026, 12:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented