റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിലെ സൂദാ വെള്ളച്ചാട്ടത്തിന് രാജ്യാന്തര അംഗീകാരം. രാജ്യത്തെ രണ്ടാമത്തെ റാംസർ തണ്ണീർത്തടമായി വെള്ളച്ചാട്ടം ഉൾപ്പെടുത്തി. അപൂർവ സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിത്.
സൗദി നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫും സൂദാ ഡെവലപ്മെന്റും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. സമുദ്രനിരപ്പിൽനിന്ന് 2,400 മീറ്ററിലധികം ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി വാദി അൽ അസീസ എന്നറിയപ്പെടുന്ന പ്രദേശത്തിന് ഏകദേശം 30 ഹെക്ടർ വിസ്തൃതിയുണ്ട്. നീരുറവകളിൽനിന്ന് വെള്ളമെത്തുന്ന 600 മീറ്ററോളം നീളമുള്ള പാറയിടുക്കും ഇവിടത്തെ പ്രത്യേകതയാണ്.
സൗദിയിലെ വരണ്ട കാലാവസ്ഥയിൽനിന്ന് വ്യത്യസ്തമായി പച്ചപ്പും ജലസമൃദ്ധിയും നിറഞ്ഞതാണ് ഈ പ്രദേശം. അപൂർവ സസ്യങ്ങളും ജീവികളും ഇവിടെ കാണപ്പെടുന്നു. ആയിരത്തിലധികം വർഷം പഴക്കമുള്ള അബൂ സറാഹ് കൊട്ടാരങ്ങളും മലഞ്ചെരുവുകളിലെ പഴയ കൃഷിത്തട്ടുകളും പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം വർധിപ്പിക്കുന്നു.
വെള്ളച്ചാട്ടത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സംരക്ഷണത്തിനായി പത്തുവർഷത്തെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രകൃതിദത്ത ആവാസവ്യവസ്ഥ സംരക്ഷിക്കുക, ജലസ്രോതസ്സുകൾ നിലനിർത്തുക, അധിനിവേശ സസ്യജന്തുജാലങ്ങളെ നിയന്ത്രിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ശാസ്ത്രീയ പഠനങ്ങൾക്കും പ്രദേശവാസികളുടെ പങ്കാളിത്തത്തിനും പദ്ധതിയിൽ പ്രാധാന്യം നൽകും.
1970 മുതൽ ലോകത്ത് ഏകദേശം 41.1 കോടി ഹെക്ടർ തണ്ണീർത്തടങ്ങൾ നഷ്ടപ്പെട്ടതായാണ് കണക്ക്. തണ്ണീർത്തടങ്ങളെ ആശ്രയിക്കുന്ന നാലിലൊന്നിലധികം ജീവിവർഗങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ സൂദാ വെള്ളച്ചാട്ടത്തിന് ലഭിച്ച അംഗീകാരം സൗദിയുടെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Pravasi News, Saudi Arabia
Published: 25 Nov 2026, 12:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented