റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 11,952 പേരെ ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് നവംബർ 5 മുതൽ 11 വരെ നടത്തിയ സംയുക്ത പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

To advertise here,

അറസ്റ്റിലായവരിൽ 6,163 പേർ താമസ നിയമം ലംഘിച്ചവരും 3,225 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 2,564 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,653 പേരെ പിടികൂടി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 29 പേരെയും അറസ്റ്റ് ചെയ്തു.

നിയമലംഘകരിൽ 11,418 പേരെ നാടുകടത്തി. യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 22,451 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനായി 9,800 പേരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.

നിയമലംഘകർക്ക് ഗതാഗത സൗകര്യം ഒരുക്കുക, താമസസൗകര്യം നൽകുക, ജോലി നൽകുക തുടങ്ങിയ സഹായങ്ങൾ ചെയ്ത 15 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾ നേരിടുന്ന 40,762 പ്രവാസികളുണ്ട്. ഇതിൽ 38,383 പേർ പുരുഷന്മാരും 2,379 പേർ സ്ത്രീകളുമാണ്.

നിയമവിരുദ്ധമായി വ്യക്തികളെ രാജ്യത്തേക്ക് കടക്കാൻ സഹായിക്കുക, രാജ്യത്തിനുള്ളിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുക, താമസസൗകര്യം നൽകുക, മറ്റ് സഹായങ്ങളോ സേവനങ്ങളോ നൽകുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും താമസസൗകര്യത്തിനായി ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരം അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും വിവരങ്ങൾ അറിയിക്കാം.