റിയാദ്: സൗദി അറേബ്യയിൽ ഉൽപ്പാദക വില സൂചികയിൽ വാർഷികാടിസ്ഥാനത്തിൽ 6.6 ശതമാനം വർധന. 2026 സെപ്റ്റംബറിൽ മുൻവർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ചാണ് വർധന രേഖപ്പെടുത്തിയത്. നിർമാണ മേഖലയിലെ വിലയിൽ ഏഴ് ശതമാനം വർധനയുണ്ടായതാണ് പ്രധാനമായും ഉൽപ്പാദക വില സൂചിക ഉയരാൻ കാരണമെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
ജലവിതരണം, മലിനജല സംസ്കരണം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ 3.4 ശതമാനവും വൈദ്യുതി, ഗ്യാസ്, സ്റ്റീം, എയർ കണ്ടീഷനിങ് വിതരണ മേഖലയിൽ 2.2 ശതമാനവും വില വർധനയുണ്ടായി.
നിർമാണ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ വസ്ത്രനിർമാണത്തിലാണ് ഏറ്റവും ഉയർന്ന വാർഷിക വിലവർധന രേഖപ്പെടുത്തിയത്. 12.3 ശതമാനമാണ് വർധന. രാസവസ്തുക്കളുടെയും രാസ ഉൽപ്പന്നങ്ങളുടെയും വിലയിൽ 12.2 ശതമാനവും അടിസ്ഥാന ലോഹങ്ങളുടെ വിലയിൽ 9.5 ശതമാനവും വർധനയുണ്ടായി.
ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 8.4 ശതമാനവും ഭക്ഷ്യ ഉൽപ്പന്ന നിർമാണ മേഖലയിലെ വില 6.1 ശതമാനവും ഉയർന്നു. അതേസമയം, യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഒഴികെയുള്ള ലോഹ ഉൽപ്പന്നങ്ങളുടെ വിലയിൽ മൂന്ന് ശതമാനം കുറവുണ്ടായി. മറ്റ് സാമ്പത്തിക പ്രവർത്തന മേഖലകളിലും 3.7 ശതമാനം വിലയിടിവ് രേഖപ്പെടുത്തി.
പ്രതിമാസ കണക്കുകൾ പരിശോധിക്കുമ്പോൾ 2026 ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഉൽപ്പാദക വില സൂചിക 1.7 ശതമാനം ഉയർന്നു. ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിർമാണച്ചെലവിൽ 3.7 ശതമാനവും രാസവസ്തുക്കളുടെയും രാസ ഉൽപ്പന്നങ്ങളുടെയും വിലയിൽ 2.9 ശതമാനവും ഉണ്ടായ വർധനയാണ് ഇതിന് പ്രധാന കാരണം.
ഭക്ഷ്യ ഉൽപ്പന്ന നിർമാണ മേഖലയിൽ 0.7 ശതമാനവും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളിൽ 0.2 ശതമാനവും പ്രതിമാസ വർധന രേഖപ്പെടുത്തി. അതേസമയം, തുണിത്തര (ടെക്സ്ടൈൽ) നിർമാണ മേഖലയിലെ വിലയിൽ 4.3 ശതമാനവും വൈദ്യുത ഉപകരണങ്ങളുടെ നിർമാണ മേഖലയിലെ വിലയിൽ 2.6 ശതമാനവും കുറവുണ്ടായി.
വൈദ്യുതി, ഗ്യാസ്, സ്റ്റീം, എയർ കണ്ടീഷനിങ് വിതരണ മേഖലയിൽ വില മാറ്റമില്ലാതെ തുടർന്നപ്പോൾ ജലവിതരണം, മലിനജല സംസ്കരണം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ 0.1 ശതമാനം വർധന രേഖപ്പെടുത്തി.
നിർമാണം, വൈദ്യുതി, ഗ്യാസ്, സ്റ്റീം, എയർ കണ്ടീഷനിങ് വിതരണം, ജലവിതരണം, മലിനജല-മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ ആഭ്യന്തര ഉൽപ്പാദക വിലകളിലുണ്ടാകുന്ന മാറ്റങ്ങൾ അളക്കുന്ന സൂചികയാണ് ഉൽപ്പാദക വില സൂചിക.
Published: 17 Nov 2026, 12:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented