മക്ക: സൗദി വിഷൻ 2030 ന്റെ ഭാഗമായി മക്ക നഗരത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നഗരത്തിന്റെ സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. വിശുദ്ധ നഗരത്തിന്റെ പൈതൃകം സംരക്ഷിച്ചുകൊണ്ട് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ മക്കയെ വർഷം മുഴുവൻ സജീവമായ സാമ്പത്തിക-വികസന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

To advertise here,

താമസം, ഹോട്ടൽ മേഖല, വ്യാപാരം, ലോജിസ്റ്റിക്സ്, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതോടെ തീർഥാടന കാലയളവിനെമാത്രം ആശ്രയിച്ചിരുന്ന മക്കയുടെ സമ്പദ്വ്യവസ്ഥ കൂടുതൽ വൈവിധ്യമാർന്നതും നിക്ഷേപ സൗഹൃദവുമായ രീതിയിലേക്ക് മാറുകയാണ്.

തീർഥാടക അനുഭവ പദ്ധതി 2025ലെ വാർഷിക റിപ്പോർട്ട് പ്രകാരം, മക്കയിലെ സേവന മേഖലയിൽ 60 ലേറെ പങ്കാളി സ്ഥാപനങ്ങളുമായി സഹകരിച്ച് 87 പദ്ധതികൾ നടപ്പാക്കി. ഇവയുടെ നിർവഹണത്തിൽ 100 ശതമാനം മാനദണ്ഡപാലനവും കൈവരിച്ചു. കഴിഞ്ഞ വർഷം സൗദി അറേബ്യ 19.5 ദശലക്ഷത്തിലധികം അന്താരാഷ്ട്ര തീർഥാടകരെ സ്വീകരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 15 ലക്ഷം ഹജ് തീർഥാടകരും 1 കോടി 80 ലക്ഷത്തിലധികം ഉംറ തീർഥാടകരും ഉൾപ്പെടുന്നു.

2022നെ അപേക്ഷിച്ച് ഉംറ തീർഥാടകരുടെ വരവിൽ 114 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തീർഥാടക സംതൃപ്തിയിലും വലിയ പുരോഗതിയാണ് ഉണ്ടായത്. ഹജ് തീർഥാടകരിൽ 91 ശതമാനവും, ഉംറ തീർഥാടകരിൽ 94 ശതമാനവും സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ഇത് ദേശീയ ലക്ഷ്യങ്ങളേക്കാൾ ഉയർന്ന നേട്ടമാണെന്നും റിപ്പോർട്ട് പറയുന്നു.