സലാല: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതശ്രേഷ്ഠനുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിൽ സലാല കെ.എം.സി.സി കമ്മറ്റി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

To advertise here,

മുസ്‌ലിം സമുദായം പലവിധ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ട ഘട്ടങ്ങളിലെല്ലാം തികഞ്ഞ തന്മയത്വത്തോടെയും പക്വതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്ത ദീർഘദർശിയായ നേതാവായിരുന്നു പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ എന്ന് സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അനുസ്മരിച്ചു.

ക്യാമറകൾക്കും വാർത്താ മാധ്യമങ്ങൾക്കും മുന്നിൽ അനാവശ്യ പ്രദർശനങ്ങൾക്ക് നിൽക്കാതെ, സമുദായത്തെയും പ്രസ്ഥാനത്തെയും പ്രതിസന്ധിയിലാക്കാത്ത വിധം അത്യന്തം സൂക്ഷ്മതയോടെയും ജാഗ്രതയോടെയും നിലപാടുകൾ കൈക്കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ വിയോഗം സമുദായത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. അറിവിന്റെ സാഗരമായിരുന്ന അദ്ദേഹം തന്റെ ലാളിത്യവും വിജ്ഞാന തൃഷ്ണയും കൊണ്ട് പണ്ഡിത-പാമര ഭേദമന്യേ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റി. പാണക്കാട് കുടുംബവുമായി അത്യന്തം ആഴത്തിലുള്ളതും അഭേദ്യവുമായ ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു ആലിക്കുട്ടി ഉസ്താദ്.

പണ്ഡിതശ്രേഷ്ഠന്റെ വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെയും സമസ്ത പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, അദ്ദേഹത്തിന്റെ മഗ്‌ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും അനുശോചന സന്ദേശത്തിൽ അറിയിച്ചു.