മസ്‌കറ്റ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ മൗലിദ് പാരായണങ്ങള്‍ നടന്നു. ഒമാന്‍ മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ നബിദിന പരിപാടികള്‍ സംഘടിപ്പിച്ചു.

To advertise here,

മസ്‌കറ്റിലെ അല്‍ ആലം പാലസിലെ മൗലിദ് ഹാളില്‍ നടന്ന സദസ്സിന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന് വേണ്ടി പ്രതിരോധ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ് നേതൃത്വം നല്‍കി. രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, മുതിര്‍ന്ന സൈനിക മേധാവികള്‍, ഇസ്ലാമിക രാജ്യങ്ങളിലെ നയതന്ത്ര ദൗത്യ മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നബിദിനം പ്രമാണിച്ച് വിവിധ കേസുകളിലായി ജയിലില്‍ കഴിയുന്ന വിദേശികള്‍ ഉള്‍പ്പെടെ 175 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മാപ്പ് നല്‍കി വിട്ടയച്ചു.

ഒമാന്‍ മതകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തെക്കന്‍ ബാത്തിനായിലെ റുസ്ഥാഖില്‍ വിപുലമായ നബിദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രവാചകരുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള വിവിധ പ്രദര്‍ശനങ്ങളും മുഹമ്മദ് എന്ന സിനിമയുടെ പ്രദര്‍ശനവും മറ്റ് പ്രഭാഷണപരിപാടിയും മൗലീദ് സദസും അരങ്ങേറി. തെക്കന്‍ ബത്തിന ഗവര്‍ണര്‍ എഞ്ചിനീയര്‍ മസൂദ് സെയ്ദ് അല്‍ ഹാഷ്മിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. ഒമാനിലെ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും നബിദിനം ആഘോഷിച്ചു. മദ്രസകളിലും മസ്ജിദുകളിക്കും പുലര്‍ച്ചെ മൂന്നു മണിമുതല്‍ മൗലൂദ് പാരായണം തുടങ്ങി.

റൂവി അല്‍ കൗസര്‍ മദ്രസയില്‍ റഫീഖ് സഖാഫിയും സുന്നി സെന്റര്‍ മദ്രസയില്‍ മുഹമ്മദലി ഫൈസിയും, അല്‍ നൂര്‍ മദ്രസയില്‍ നിസ്സാര്‍ സഖാഫിയും മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ നടക്കുന്ന വിപുലമായ നബിദിന പരിപാടികളില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.