യുക്മ ദേശീയ സമിതി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് യുക്മ 2023 ൽ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചു. ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവന്റുകളുടെ തീയതികളാണ് യുക്മ ദേശീയ സമിതി പ്രഖ്യാപിച്ചത്.
യുകെയിലെ മലയാളി കായിക പ്രതിഭകൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേള ജൂലൈ 15 ശനിയാഴ്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മുടങ്ങിപ്പോയ കായികമേള ഈ വർഷം പുനരാരംഭിക്കുകയാണ്. 2019 ൽ നനീട്ടണിലെ പിംഗിൾസ് സ്റ്റേഡിയത്തിലായിരുന്നു ദേശീയ കായികമേള ഇതിന് മുൻപ് നടന്നത്. ഈ വർഷവും നനീട്ടണിൽ വച്ച് തന്നെയായിരിക്കും ദേശീയ കായികമേള സംഘടിപ്പിക്കുന്നത്.
യുക്മ 2023 ൽ സംഘടിപ്പിക്കുന്ന ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട യുക്മ കേരളപൂരം വള്ളംകളി 2023 ആഗസ്റ്റ് 26 ശനിയാഴ്ച നടത്തപ്പെടും. യൂറോപ്പിലെ ഏറ്റവും വലിയ ജലമാമാങ്കത്തിൽ പങ്കെടുക്കുവാൻ ഏറെ ആവേശത്തോടെയാണ് യുകെ മലയാളികൾ കാത്തിരിക്കുന്നത്. 2023 ആഗസ്റ്റ് 26 ന് നടക്കുന്ന വള്ളംകളിയും വിവിധ കലാപ്രകടനങ്ങളും യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്ന് നിസ്സംശയം പറയാം. സെലിബ്രറ്റികളും, വിശിഷ്ട വ്യക്തികളും ഇത്തവണത്തെ വള്ളംകളി ദിവസവും കാണികളുടെ മനംകവരാൻ എത്തിച്ചേരും. കുട്ടികളും മുതിർന്നവരുമുൾപ്പെടെ കുടുംബമൊന്നിച്ച് ഇത്തവണത്തെ വലിയ സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവൻ ആഘോഷിക്കുവാൻ പറ്റുന്ന വിധത്തിലുള്ള വൻ ഒരുക്കങ്ങളാണ് യുക്മ ആസൂത്രണം ചെയ്യുന്നത്.
യുക്മ ദേശീയ കലാമേള 2023 നവംബർ 4 ശനിയാഴ്ച നടത്തുന്നതിന് ദേശീയ സമിതി തീരുമാനിച്ചു. യുകെയിലെ മലയാളി കലാപ്രതിഭകൾ ഏറെ ആവേശത്തോടെ പങ്കെടുക്കുന്ന യുക്മ കലാമേള 2022 ൽ ഗ്ലോസ്റ്റർഷയറിലെ ചെൽറ്റൻഹാമിലാണ് നടന്നത്. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഈ കലാമാമാങ്കത്തിന് യുകെയിലെ കലാപ്രേമികൾ നൽകി വരുന്ന പിന്തുണ ഏറെ വലുതാണ്.
യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശീയ കായികമേളകൾ, യുക്മ കേരളപൂരം വള്ളംകളി 2023, യുക്മ റീജിയണൽ, ദേശീയ കലാമേളകൾ എന്നിവ വൻ വിജയമാക്കുവാൻ മുഴുവൻ യുകെ മലയാളികളുടേയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർത്ഥിച്ചു.
വാർത്ത: അലക്സ് വർഗ്ഗീസ്
Content Highlights: UUKMA
Published: 17 Mar 2023, 11:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented