നോർക്രോസ് (ജോർജിയ): അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്‌കാരിക ആഘോഷമായി മാറിയ 'മാംഗോ മാനിയ അറ്റ്ലാന്റ 2026' നോർക്രോസിലെ ഗ്ലോബൽ മാളിൽ വർണാഭമായി നടന്നു. വിവിധ നിറങ്ങളിലും ഇനങ്ങളിലും അണിനിരത്തിയ ഇന്ത്യൻ മാമ്പഴങ്ങൾ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വേനൽക്കാലത്തിന്റെ വരവറിയിച്ച മാമ്പഴമേളയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത്.

To advertise here,

അൽഫോൻസേ, കേസർ, ബംഗനപ്പള്ളി, ഹിമസാഗർ ഉൾപ്പെടെയുള്ള പ്രശസ്ത ഇന്ത്യൻ മാമ്പഴ ഇനങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും രുചിക്കാനായി ഒരുക്കുകയും ചെയ്തു. തങ്ങളുടെ ബാല്യകാല ഓർമ്മകൾ പുതുക്കിയെടുക്കാനും പുതിയ തലമുറയ്ക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്താനും ഈ മേളഅവസരമായി മാറിയതായി സന്ദർശകർ പറഞ്ഞു.

പരിപാടിയിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ്, പ്രാദേശിക ജനപ്രതിനിധികൾ, വ്യാപാര പ്രമുഖർ, മാമ്പഴ ഇറക്കുമതിക്കാർ എന്നിവരും പങ്കെടുത്തു. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള മാമ്പഴ ഇറക്കുമതി വർധിച്ചതും ഇന്ത്യൻ കാർഷികോൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയും പരിപാടിയിൽ ചർച്ചയായി.

ഇന്ത്യൻ മാമ്പഴങ്ങളുടെ രുചിയും ഗുണമേന്മയും അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം പരിപാടികൾ ഇന്ത്യൻ സമൂഹത്തെ കൂടുതൽ ഒന്നിപ്പിക്കുന്നതായും സംഘാടകർ അഭിപ്രായപ്പെട്ടു.

 

വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ