കലാ സാംസ്‌കാരിക രംഗത്ത് മലയാളികള്‍ക്ക് എന്നും അഭിമാനവും ആശ്ചര്യവും പ്രധാനം ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ് കലാഭവന്‍ എന്ന മഹത്തായ കലാപ്രസ്ഥാനം. മലയാള കലാ ലോകത്തിന് പ്രശസ്തരായ ഒട്ടേറെ കലാകാരന്മാരെ സംഭാവന നല്‍കിയിട്ടുള്ള ഈ പ്രസ്ഥാനം കലാ പ്രവര്‍ത്തനങ്ങളുമായി ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു കഴിഞ്ഞു. യുകെയില്‍ കോവിഡ് കാലഘട്ടത്തില്‍ 'വീ ഷാല്‍ ഓവര്‍ കം' എന്ന ഓണ്‍ലൈന്‍ ലൈവ് സാന്ത്വന കലാപരിപാടിയുമായി സജീവമായിരുന്നു കലാഭവന്‍ ലണ്ടന്‍. നൂറുകണക്കിന് അറിയപ്പെടാത്ത ഗായകരെയും നര്‍ത്തകരെയും മറ്റു കലാ പ്രവര്‍ത്തകര്‍ക്കും കലാഭവന്‍ ലണ്ടന്‍ ഈ പ്ലാറ്റ് ഫോം വഴി ആസ്വാദകര്‍ക്ക് മുന്നിലെത്തിച്ചു.
ഈ വരുന്ന ഒക്ടോബര്‍ ഏഴാം തിയതി ശനിയാഴ്ച ലണ്ടനിലെ ബെക്ക്റ്റനിലുള്ള കിങ്‌സ് ഫോര്‍ഡ് കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ വെച്ചു നടക്കുന്ന 'ആരവം 2023' എന്ന പരിപാടിയില്‍ വെച്ച് കലാഭവന്‍ ലണ്ടന്റെ മറ്റൊരു മെഗാ പ്രൊജക്റ്റിനു കൂടി തുടക്കം കുറിക്കുകയാണ്. യുകെയിലെ മുഴുവന്‍ തിരുവാതിര പ്രേമികളെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു മെഗാ തിരുവാതിരയുമായി ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് കലാഭവന്‍ ലണ്ടന്‍. ഇതിന്റെ പ്രാരംഭ പരിപാടി എന്ന നിലയിലാണ് ഒക്ടോബര്‍ 7 ന് ലണ്ടനില്‍ ഓള്‍ യുകെ തിരുവാതിര കോംപെറ്റിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവാതിരയില്‍ നിലവിലെ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് 7027 വനിതകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൃശൂര്‍ വെച്ച് ഈ വര്‍ഷം അവതരിപ്പിച്ച തിരുവാതിരയാണ്. അടുത്ത വര്‍ഷം മെയ് / ജൂണ്‍ മാസത്തില്‍ യുകെയിലെ എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സൗകര്യ പ്രദമായ ഒരു സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടിയുള്ള ഈ മെഗാ തിരുവാതിര അരങ്ങേറുന്നത്. തിരുവാതിരയോടൊപ്പം കേരളത്തിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറും, കേരളത്തിന്റെ കലയെയും സാംസ്‌കാരിക തനിമയെയും പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിയില്‍ കഥകളി, കളരിപ്പയറ്റ്, തെയ്യം, ചെണ്ടമേളം തുടങ്ങിയ തനതു കലാ രൂപങ്ങളുടെ പ്രകടനവും ഉണ്ടായിരിക്കും. കേരള ടൂറിസം, മലയാള വാര്‍ത്താ മാധ്യമങ്ങള്‍, ബിബിസി തുടങ്ങിയവയുടെ സഹകരണത്തോടു കൂടെ ആയിരിക്കും ഈ കലാ മാമാങ്കം അരങ്ങേറുക. മലയാള ചലച്ചിത്ര ലോകത്തിലെ താരങ്ങളും ഈ മഹാസംരംഭത്തില്‍ അതിഥികളായി എത്തിച്ചേരും.
ഒക്ടോബര്‍ 7 ശനിയാഴ്ച്ച നടക്കുന്ന 'ആരവം 2023' പരിപാടിയില്‍ ഈ മെഗാ പ്രോജെക്റ്റിനു തിരശീല ഉയരും. ഒരു മണി മുതല്‍ തിരുവാതിര കളി മത്സരങ്ങള്‍ ആരംഭിക്കും. രജിസ്‌ട്രേഷനുള്ള സമയം സെപ്റ്റംബര്‍ 30 ന് അവസാനിക്കും. മത്സരത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 1000, 500, 250 പൗണ്ടുകള്‍ സമ്മാനമായി ലഭിക്കും. തിരുവാതിര മത്സരങ്ങള്‍ക്കിടയില്‍ സംഗീതം നൃത്തനൃത്തങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റു കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെടും. മത്സരങ്ങള്‍ക്ക് ശേഷം സാംസ്‌ക്കാരിക സമ്മേളനവും സമ്മാന ദാനവും നടക്കും. യുകെയില്‍ നിന്നുള്ള നിരവധി സാംസ്‌ക്കാരിക പ്രവര്‍ത്തകരും കലാകാരന്മാരും പരിപാടിയില്‍ പങ്കെടുക്കും.
കഥകളി മുതല്‍ കളരിപ്പയറ്റ് വരയുള്ള കലാരൂപങ്ങളും , മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളും മറ്റ് ട്രഡീഷണല്‍ കലാരൂപങ്ങളും വസ്ത്ര ധാരണവും നമ്മുടെ കേരളത്തിന്റെ പ്രകൃതി ഭംഗിയും കലയും സംസ്‌കാരവും എല്ലാം വിളിച്ചോതുന്ന ഒരു ഫാഷന്‍ ഷോ 'എന്റെ കേരളം' ഒക്ടോബര്‍ 7 ശനിയാഴ്ച നടക്കുന്ന ''ആരവം 2023'' ഷോയില്‍ അവതരിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജയ്സണ്‍ ജോര്‍ജ് - 07841613973
email : kalabhavanlondon@gmail.com
Content Highlights: MEGA THIRUVATHIRA
Published: 29 Sept 2023, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented